വാടാനപ്പള്ളി: വാടാനപ്പള്ളി പൊലീസ് സ്റ്റേഷനു സമീപത്തെ കടയുടെ പൂട്ട് തകർത്ത് മോഷണം. 18000ലധികം രൂപയും ഐസ്ക്രീമും കവർന്നു. പൊലീസ് സ്റ്റേഷന് തൊട്ടടുത്ത എരയേടത്ത് പ്രവീണിന്റെ ഉടമസ്ഥയിലുള്ള നന്ദന സ്റ്റോഴ്സ് കടയിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. കടയുടെ രണ്ട് പൂട്ടുകളും തന്ത്രപൂർവം പൊളിച്ച് അകത്ത് കയറിയ മോഷ്ടാക്കൾ മേശയിലെ പേഴ്സിൽ സൂക്ഷിച്ചിരുന്ന പണവും പ്രവീണിന്റെ ഭാര്യ നാലര വർഷമായി കുടുക്കയിൽ ശേഖരിച്ച പണവും മേശയിൽ ഉണ്ടായിരുന്ന നോട്ടുകളും കഴിഞ്ഞ ദിവസം 1800 രൂപക്ക് വാങ്ങി വെച്ചിരുന്ന ബീഡിയും ഐസ്ക്രീമുമാണ് കവർന്നത്. പൈസ എല്ലാം കൂടി 18000 ലധികം രൂപ വരുമെന്ന് പ്രവീൺ പറഞ്ഞു. കട തുറക്കാൻ വന്നപ്പോഴാണ് പ്രവീൺ മോഷണ വിവരം അറിയുന്നത്.
പൊലീസ് സ്റ്റേഷന് ഏകദേശം 35 മീറ്ററോളം അടുത്താണ് കട. സമീപമാണ് കിഴക്കേ ടിപ്പു സുൽത്താൻ റോഡും തൃശൂർ-വാടാനപ്പള്ളി സംസ്ഥാന പാതയും. സമീപത്തെ ക്ഷേത്രത്തിലെ ഭണ്ഡാരം മുമ്പ് പല തവണ തകർത്ത് പണം കവർന്നതിൽ പൊലീസിന് നേരെ വിമർശനം നിലനിൽക്കുമ്പോഴാണ് സ്റ്റേഷന് സമീപം കടയിലും കവർച്ച നടന്നത്. പ്രവീൺ നൽകിയ പരാതി പ്രകാരം പൊലീസ് സി.സി ടി.വി കാമറ പരിശോധിച്ചപ്പോൾ പുലർച്ചെ രണ്ടിന് ഒരു ഓട്ടോറിക്ഷ കടക്ക് സമീപം വന്ന് നിൽക്കുന്ന ദൃശ്യം കാമറയിൽ പതിഞ്ഞിട്ടുണ്ട്. വാഹനത്തിന്റെ നമ്പർ പരിശോധിച്ച് മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.