ഇരിങ്ങാലക്കുട: കൈപമംഗലം സ്വദേശിയായ യുവാവിനെ കത്തി കാണിച്ച് തട്ടിക്കൊണ്ടുപോയി പണവും മൊബൈൽ ഫോണും കവർന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ. ഇരിങ്ങാലക്കുട പൊറത്തിശ്ശേരി മുതിരപറമ്പിൽ പ്രവീൺ (23), അരിപ്പാലം നടുവത്തുപറമ്പിൽ വിനു സന്തോഷ് (22), കരുവന്നൂർ കറുത്തപറമ്പിൽ അനുമോദ് (22) എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച ഇരിങ്ങാലക്കുട പൂച്ചക്കുളത്തുെവച്ച് ബൈക്കിൽ പോകുകയായിരുന്ന യുവാവിനെ സ്കൂട്ടറിലെത്തിയ സംഘം കത്തി കാണിച്ച് തടത്തു നിർത്തുകയും മർദിച്ച ശേഷം ബലമായി ഇവരുടെ സ്കൂട്ടറിൽ കയറ്റി മൂന്നാം പ്രതി അനുമോദിെൻറ വീട്ടിലെത്തിക്കുകയുമായിരുന്നു. കത്തിമുനയിൽ നിർത്തി മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയ ശേഷം ഗൂഗിൾ പേ വഴി 3000 രൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിച്ചിരുന്നു. സംഭവത്തിനുശേഷം പ്രതികൾ എറണാകുളത്തേക്ക് രക്ഷപ്പെട്ടിരുന്നു.
ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസിെൻറ നിർദേശപ്രകാരം ഇൻസ്പെക്ടർ സുധീരെൻറ നേതൃത്വത്തിലായിരുന്നു അന്വേഷണം. മട്ടാഞ്ചേരി പൊലീസിെൻറ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. റിമാൻഡിലായ പ്രതികളെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. എസ്.ഐമാരായ വി. ജിഷിൽ, കെ. ഷറഫുദ്ദീൻ, സി.എം ക്ലീറ്റസ്, എ.എസ്.ഐ കെ.എ. ജോയി, സീനിയർ സിവിൽ പൊലീസുകാരായ കെ.എസ്. ഉമേഷ് സോണി സേവ്യർ, ഫൈസൽ, ഇ.എസ്. ജീവൻ എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
പ്രവീണിനെതിരെ കാട്ടൂർ, ഇരിങ്ങാലക്കുട, വലപ്പാട്, മാള, കൊരട്ടി സ്റ്റേഷനുകളിലായി 19ഉം രണ്ടാം പ്രതി വിനു സന്തോഷിനെതിരെ കാട്ടൂർ, ചേർപ്പ്, ഇരിങ്ങാലക്കുട സ്റ്റേഷനുകളിലായി ആറും ക്രിമിനൽ കേസുകളുണ്ട്. മൂന്നു മാസം മുമ്പ് കരുവന്നൂരിൽ ബസ് തടഞ്ഞു നിർത്തി കണ്ടക്ടറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയായ വിനു സന്തോഷ് ഈ കേസിൽ ദിവസങ്ങൾക്ക് മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. മൂന്നാം പ്രതി അനുമോദിനെതിരെ ഇരിങ്ങാലക്കുട, മതിലകം സ്റ്റേഷനുകളിലായി 11 ക്രിമിനൽ കേസുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.