തൃശൂര്‍: ഒരുക്കങ്ങളെല്ലാം പൂർത്തിയായി. കാത്തിരുന്ന ആകാശപ്പൂരത്തിന്റെ സാമ്പിൾ ഞായറാഴ്ചയാണ്. പൂരം നാളിലെ പുലർച്ചയിലെ വെടിക്കെട്ടിന്റെ അത്ഭുതങ്ങൾ സാമ്പിൾ വെടിക്കെട്ടിലും കാണാമെന്നാണ് കരാറുകാരുടെ അവകാശവാദം. വൈകീട്ട് ഏഴിന് പാറമേക്കാവ് വിഭാഗം ആദ്യം തിരികൊളുത്തും. പിന്നാലെ തിരുവമ്പാടിയും. ഇരുവിഭാഗങ്ങളും വെടിക്കോപ്പുകൾ സജ്ജമാക്കി തേക്കിന്‍കാട് മൈതാനിയിലെ കാബിനുകളിലേക്ക് മാറ്റിത്തുടങ്ങി.
ശനിയാഴ്ച രാവിലെ എക്സ്പ്ലോസീവ് വിഭാഗം വെടിമരുന്നുകളുടെ സാമ്പിളുകൾ ശേഖരിച്ചു. വെടിക്കെട്ട് നടക്കുന്ന തേക്കിൻകാട്ടിലെ സൗകര്യങ്ങളും പരിശോധിച്ചു. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണയും സാമ്പിള്‍ വെടിക്കെട്ട്. പൊതുജനങ്ങള്‍ക്ക് സ്വരാജ് റൗണ്ടിലേക്ക് പ്രവേശനമില്ല. റൗണ്ടിലേക്കെത്തുന്ന ഇടറോഡുകളില്‍നിന്നു വേണം സാമ്പിളും പ്രധാന വെടിക്കെട്ടും കാണാന്‍. ശബ്ദനിയന്ത്രണം കര്‍ശനമായി പാലിച്ചാണ് ഇരുകൂട്ടരും സാമ്പിളും വെടിക്കെട്ടും നടത്തുന്നത്. ഡൈന പൂര്‍ണമായും ഒഴിവാക്കിയതായും പെസോയുടെ നിർദേശങ്ങൾ പാലിച്ചാണ് കൂട്ടുകളെന്നും കരാറുകാര്‍ പറഞ്ഞു.
സാമ്പിള്‍ വെടിക്കെട്ടിനോടനുബന്ധിച്ച് നഗരത്തില്‍ ഗതാഗതനിയന്ത്രണവും ഏര്‍പ്പെടുത്തി പൊലീസ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. മഴ മാറി നില്ക്കുന്നതിനാല് സാമ്പിളിന്റെ ഒരുക്കങ്ങള്‍ തേക്കിന്‍കാടില്‍ പുരോഗമിക്കുകയാണ്. തിരുവമ്പാടിക്കു വേണ്ടി വെടിക്കെട്ടൊരുക്കുന്ന വടക്കാഞ്ചേരി കുണ്ടന്നൂര്‍ പന്തലങ്ങാട്ട് വീട്ടില്‍ സുരേഷിന്റെ ഭാര്യ എം.എസ്. ഷീനയും പാറമേക്കാവിനു വേണ്ടി വെടിക്കെട്ട് വിസ്മയം തീര്‍ക്കാനൊരുങ്ങുന്ന വരന്തരപ്പിള്ളി സ്വദേശി പി.സി. വര്‍ഗീസും ഇതാദ്യമായാണ് തൃശൂര്‍ പൂരം വെടിക്കെട്ടിന് കരാറേറ്റെടുത്തിരിക്കുന്നത്.
ഒരുക്കം വിലയിരുത്തി മന്ത്രി രാജന്
തൃശൂർ: രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷം പൂരം അതിന്റെ പ്രൗഢിയിലേക്ക് തിരിച്ചുവരുകയാണെന്നും ലോകത്തെ വിസ്മയിപ്പിക്കുന്ന നിരവധി ഘടകങ്ങളുള്ള പൂരം ലോക ടൂറിസം ഭൂപടത്തിലേക്ക് കടന്നുവരുന്നതായും റവന്യൂ മന്ത്രി കെ. രാജന്. വലിയ ജനസഞ്ചയത്തെയാണ് പൂരത്തിന് പ്രതീക്ഷിക്കുന്നത്. മതസൗഹാര്‍ദത്തിന്റ ഏറ്റവും ഉത്തമ ഉദാഹരണം കൂടിയാണ് തൃശൂര്‍ പൂരമെന്നും മന്ത്രി പറഞ്ഞു. പൂരത്തിന് മുന്നോടിയായി എട്ട് ഘടക ക്ഷേത്രങ്ങളിലെ ഒരുക്കങ്ങള്‍ വിലയിരുത്താനെത്തിയതായിരുന്നു മന്ത്രി. മന്ത്രിക്കൊപ്പം എം.എല്‍.എമാരായ പി. ബാലചന്ദ്രന്, സേവ്യര്‍ ചിറ്റിലപ്പള്ളി, കലക്ടര്‍ ഹരിത വി. കുമാര്‍ എന്നിവരും ക്ഷേത്രസന്ദര്‍ശനത്തില്‍ പങ്കെടുത്തു.
കുറ്റൂര്‍ നെയ്തലക്കാവ്, മുതുവറ ചൂരക്കോട്ട്കാവ്, അയ്യന്തോള്‍ കാര്‍ത്യായനി ഭഗവതി ക്ഷേത്രം, ലാലൂര്‍ കാര്‍ത്യായനി ക്ഷേത്രം, കണിമംഗലം ശാസ്താവ്, കാരമുക്ക് ഭഗവതി ക്ഷേത്രം, ചെമ്പൂക്കാവ് കാര്‍ത്യായനി ഭഗവതി ക്ഷേത്രം, കിഴക്കുംപാട്ടുകര പനമുക്കമ്പിള്ളി ശ്രീധര്‍മശാസ്താ ക്ഷേത്രം എന്നിവിടങ്ങളിലാണ് മന്ത്രിയും സംഘവും സന്ദർശനം നടത്തി ഒരുക്കങ്ങള്‍ വിലയിരുത്തിയത്. എല്ലായിടത്തും ക്ഷേത്രം ഭാരവാഹികളുടെ നേതൃത്വത്തില്‍ മന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു.
എല്ലാ പ്രൗഢിയോടെയും നടത്തും -മന്ത്രി രാധാകൃഷ്ണൻ
തൃശൂർ: തൃശൂർ പൂരം ഇക്കുറി എല്ലാ പ്രൗഢിയോടെയും നടത്തുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. പൂരത്തിന്റെ ഭാഗമായ വെടിക്കെട്ടടക്കം എല്ലാ പരിപാടികളും പൂർണ തോതിൽ നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ല ഭരണകൂടത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൻ ജനപങ്കാളിത്തമാണ് ഇക്കുറി പ്രതീക്ഷിക്കുന്നത്. അവസാനവട്ട ക്രമീകരണങ്ങൾ, പരിശോധന എന്നിവ നടന്നു വരുകയാണ്. 4000 പൊലീസുകാരെ സുരക്ഷക്കായി നിയോഗിക്കും. പൂരത്തിന്റെ സുഗമമായ നടത്തിപ്പിനായി സർക്കാർ എല്ലാ പിന്തുണയും ഉറപ്പു നൽകുന്നതായും ദേവസ്വം മന്ത്രി അറിയിച്ചു.
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ കർശന പരിശോധന
തൃശൂർ പൂരത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി നഗരത്തിൽ സിവിൽ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന കർശനമാക്കി. നഗരത്തിലെ ഹോട്ടലുകൾ, റസ്റ്റാറന്റുകൾ, ബേക്കറികൾ, ശീതളപാനീയ ശാലകൾ എന്നീ സ്ഥലങ്ങളിൽ വിപണനം ചെയ്യുന്ന ഭക്ഷണസാധനങ്ങളുടെ വിലവിവര പട്ടിക പ്രദർശിപ്പിക്കണമെന്നും എഴുതി പ്രദർശിപ്പിച്ചിട്ടുള്ള വിലയേക്കാൾ കൂടുതൽ ഈടാക്കുന്നവരുടെ പേരിൽ ശിക്ഷനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
ഇതിനായി സിവിൽ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നാല് സ്ക്വാഡുകൾ രൂപവത്കരിച്ച് പ്രവർത്തിക്കുന്നുണ്ട്. നഗരത്തിലെ 87 സ്ഥാപനങ്ങൾ സ്ക്വാഡുകൾ പരിശോധിച്ചു. തൃശൂർ താലൂക്ക് സപ്ലൈ ഓഫിസ് കൺട്രോൾ റൂം: 0487 -2331031, 9188527382.
വെടിക്കെട്ട് 'കേട്ട്' കേൾവി കളയേണ്ട; ഇയർ ബഡ്സ് 'ഫയർ' തരും
തൃശൂര്‍: പൂരത്തോടനുബന്ധിച്ച് നടക്കുന്ന വെടിക്കെട്ട് ഉൾപ്പെടെയുള്ള ശബ്ദ സംവിധാനങ്ങളില്‍നിന്ന് ചെവിയെ സംരക്ഷിക്കാന്‍ സൗജന്യ ഇയര്‍ ബഡ്സ് വിതരണവുമായി ഭിന്നശേഷി പുനരധിവാസ മേഖലകളില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന സാമൂഹിക സംഘടനയായ ഫയര്‍ (ഫൗണ്ടേഷന് ഫോര്‍ ഇന്റര്‍നാഷനല്‍ റീഹാബിലിറ്റേഷന്‍ റിസര്‍ച്ച് ആന്‍ഡ് എംപവര്‍മെന്റ്). തൃശൂരിലും പരിസരങ്ങളിലുമുള്ള ആശുപത്രികളിലെ ഹൃദ്രോഗികള്‍ ഉൾപ്പെടെയുള്ളവര്‍ക്കും നവജാത ശിശുക്കള്‍, കുട്ടികള്‍ എന്നിവര്‍ക്കുമാണ് സൗജന്യമായി ഇയര്‍ ബഡ്സ് നല്‍കുന്നത്.
ഉയര്‍ന്ന ഡെസിബലിലുള്ള ശബ്ദം കേള്‍ക്കുമ്പോള്‍ ഹൃദ്രോഗികള്‍ക്കും നവജാത ശിശുക്കള്‍ക്കും കുട്ടികള്‍ക്കും ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങളില്‍നിന്ന് സംരക്ഷണം നൽകാനാണ് ഇയര്‍ ബഡ്സ് നല്‍കുന്നത്. 90 ഡെസിബലിന് മുകളിലുള്ള ശബ്ദം കര്ണത്തിന് ഹാനികരമാണ്. വാഹനങ്ങളില്‍ ഉപയോഗിക്കുന്ന നിരോധിക്കപ്പെട്ട ഹോണുകള്‍ അടക്കമുള്ള ശബ്ദ മലിനീകരണം മൂലം നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ശബ്ദ മലിനീകരണത്തില്‍നിന്ന് മുക്തമാകാനും ശബ്ദശുചിത്വം സംബന്ധിച്ച ബോധവത്കരണത്തിനുമാണ് ഇയര്‍ ബഡ്സ് നൽകുന്നത്.
വിവിധ മേഖലകളില്‍ നിന്നുള്ള അമിത ശബ്ദം മൂലം കേള്‍വി സംബന്ധമായ പ്രശ്നങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ബോധവത്കരണത്തിലൂടെ മാത്രമേ ശബ്ദശുചിത്വം ഉറപ്പാക്കാനാവൂ എന്ന് ഫയര്‍ ഭാരവാഹികളായ ഡോ. സിന്ധു വിജയകുമാര്‍, നിര്‍മല്‍കുമാര്‍, അരുണ്‍കുമാര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
വിസ്മയക്കാഴ്ചകളുടെ ചമയപ്പുരകള്‍ ഇന്ന് തുറക്കും
തൃശൂര്‍: പൂരനാളിൽ കരിവീരന്മാരെ സുന്ദരന്മാരാക്കുന്ന ആനയലങ്കാരങ്ങളുടെ വിസ്മയച്ചെപ്പ് 'ചമയപ്പുര' ഞായറാഴ്ച തുറക്കും. ആനച്ചൂരും ആനച്ചൂടും തട്ടാത്ത മിന്നിത്തിളങ്ങുന്ന ആനച്ചമയങ്ങളുടെ അത്ഭുത കലവറയായി പാറമേക്കാവ് അഗ്രശാലയും തിരുവമ്പാടി കൗസ്തുഭവും മാറും. പിന്നെ രണ്ടുദിവസം ചമയക്കാഴ്ചകള്‍ കണ്ട് കണ്ണും മനസ്സും നിറക്കാനുള്ള പൂരപ്രേമികളുടെ ഒഴുക്കാവും. പൂരനാളിലുണ്ടായേക്കാവുന്ന വന്‍ ജനത്തിരക്ക് കണക്കിലെടുത്താണ് ഇത്തവണ തിരുവമ്പാടി വിഭാഗം ചമയപ്രദര്‍ശനം രണ്ടു ദിവസമായി നടത്താന്‍ തീരുമാനിച്ചത്.
പാറമേക്കാവിന്റെ ചമയപ്രദര്‍ശനം ഞായറാഴ്ച രാവിലെ 10.30ന് അഗ്രശാലയില്‍ നടനും എം.പിയുമായ സുരേഷ്ഗോപി ഉദ്ഘാടനം ചെയ്യും. തിരുവമ്പാടിയുടെ പ്രദര്‍ശനം ഷൊര്‍ണൂര്‍ റോഡിലെ കൗസ്തുഭം ഓഡിറ്റോറിയത്തില്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ. രാജന്, ഡോ. ബിന്ദു എന്നിവരും പ്രദർശന ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുക്കും. കുടമാറ്റത്തിനായി ഒരുക്കിയ സ്പെഷല്‍ കുടകളില്‍ പലതും ചമയപ്രദര്ശനത്തിലുണ്ടാവും. രാത്രി 10 വരെയാണ് ചമയപ്രദര്‍ശനം. പൂരത്തലേന്ന് കൂടുതല്‍ സമയം പ്രദര്‍ശനമുണ്ടാകും.
വര്‍ണക്കുടകളും സ്പെഷല്‍ കുടകളും പീലിക്കണ്ണുകള്‍ വിടര്‍ത്തി ആലവട്ടങ്ങളും വെണ്മുടിയഴകായ് വെഞ്ചാമരങ്ങളും സ്വര്‍ണത്തിളക്കത്തില്‍ നെറ്റിപ്പട്ടങ്ങളും ചമയപ്പുരകളിൽ ഒരുക്കുന്ന അവസാന പ്രവൃത്തികളിലാണ് സംഘാടകർ.
വെടിക്കെട്ട് കാണാൻ സൗകര്യമൊരുക്കണം പൊലീസിന് ദേവസ്വങ്ങളുടെ കത്ത്
തൃശൂർ: പൂരത്തിന്റെ സാമ്പ്ൾ വെടിക്കെട്ടിന് കാണികളെ നിയമവിധേയമായി സ്വരാജ് റൗണ്ടിൽ പ്രവേശിപ്പിക്കാനാകുമെന്ന് ദേവസ്വങ്ങൾ. പാറമേക്കാവിന്റെ സാമ്പ്ൾ വെടിക്കെട്ട് അവസാനിക്കുന്നത് തേക്കിൻകാട്ടിൽ വിദ്യാർഥി കോർണറിനു തൊട്ടുമുന്നിലാണ്. മുമ്പ് ഫിനിഷിങ് പോയന്റ് മണികണ്ഠനാൽ ഗണപതി കോവിലിനു പിറകുവശത്തായിരുന്നു. ഇക്കുറി ഇതുമൂലം കാണികൾക്ക് 100 മീറ്റർ അകലത്തിൽ സ്വരാജ് റൗണ്ടിൽ മാരാർറോഡ് മുൻവശം മുതൽ നടുവിലാൽ വരെ അണിനിരക്കാമെന്ന് ദേവസ്വം സെക്രട്ടറിയും വെടിക്കെട്ട് കമ്മിറ്റി കൺവീനറുമായ ജി. രാജേഷ് ചൂണ്ടിക്കാട്ടി. ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്. അമിട്ടുകൾ പൊട്ടിക്കുന്നത് ഫിനിഷിങ് പോയന്റിന്റെ പിറകിലാണ്. വിദ്യാർഥി കോർണറിനു തൊട്ടു പടിഞ്ഞാറുഭാഗമാണിത്.
അതിനാൽ, 100 മീറ്റർ പരിധിയിൽ കാണികളെ അനുവദിച്ചാൽ രാഗം തിയറ്ററിനു കിഴക്കുഭാഗത്ത് സ്വരാജ് റൗണ്ടിലും ജില്ല ആശുപത്രി പരിസരം വരേയും ജനത്തെ അനുവദിക്കാനാകുമെന്ന് ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം പെസോ അധികൃതർ ഇന്ന് വരുന്ന അവസരത്തിൽ ബോധ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് പാറമേക്കാവ് ദേവസ്വം കത്തുനൽകി. പൊലീസ് അനുകൂല നിലപാടെടുക്കുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം.
സമാന രീതിയിൽ തിരുവമ്പാടിയുടെ ഭാഗത്തും ക്രമീകരണങ്ങൾ വരുത്തിയാൽ റൗണ്ടിൽ കൂടുതൽ ഭാഗത്ത് ജനക്കൂട്ടത്തെ നിർത്താനാകും. സ്വരാജ് റൗണ്ടിൽ നിന്നു വെടിക്കെട്ടു കാണാൻ അനുവദിക്കാത്തത് വെടിക്കെട്ടു പ്രേമികളെ നിരാശയിലാക്കുന്നു. റൗണ്ടിൽ വളരെ കുറച്ചു ഭാഗത്തു മാത്രമാണ് നിലവിൽ പ്രവേശിപ്പിക്കുന്നത്. ഇടവഴികൾ അടച്ച് ജനത്തെ മാറ്റിനിർത്തുകയാണ് പതിവ്. ശബ്ദം കുറച്ച് വർണം കൂട്ടിയ സാഹചര്യത്തിൽ ജനകീയ അഭിപ്രായം കൂടി പരിഗണിക്കണമെന്ന് ആവശ്യമുയർന്നു.
നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
തൃശൂർ: പൂരം സാമ്പിൾ വെടിക്കെട്ട് നടക്കുന്ന ഞായറാഴ്ച രാവിലെ മുതൽ സ്വരാജ് റൗണ്ടിലും തേക്കിൻകാട് മൈതാനിയിൽ വെടിക്കെട്ട് പ്രദേശത്തും വാഹന പാർക്കിങ് അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. ഉച്ചക്ക് മൂന്നു മുതൽ സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും വാഹന ഗതാഗതം നിയന്ത്രിക്കും. വെടിക്കെട്ട് തീരുന്നതുവരെ ഒരുതരത്തിലുള്ള വാഹനങ്ങൾക്കും റൗണ്ടിലേക്ക് പ്രവേശനമുണ്ടായിരിക്കുകയില്ല.
തേക്കിൻകാട് മൈതാനിയിൽ ഫയർലൈനിൽ നിന്നും 100 മീറ്റർ അകലത്തിൽ മാത്രമേ കാണികളെ അനുവദിക്കുകയുള്ളൂ. അതിനാൽ സ്വരാജ് റൗണ്ടിൽ, നെഹ്റു പാർക്കിനു മുൻവശം, ആലുക്കാസ് ജ്വല്ലറി, പാറമേക്കാവ്, ആശുപത്രി ജങ്ഷൻ, ഇന്ത്യൻ കോഫി ഹൗസ് വരെയുള്ള ഭാഗങ്ങളിൽ മാത്രമേ, കാണികളെ അനുവദിക്കൂ. ബാക്കിയുള്ള സ്ഥലങ്ങളിൽ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കുന്ന റോഡുകൾ വരെ മാത്രമേ കാണികളെ അനുവദിക്കൂ. ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങളിൽ കാണികൾ കയറുന്നത് നിരോധിച്ചു.
നിർമാണാവസ്ഥയിലുള്ളതും ശരിയായി സുരക്ഷ ക്രമീകരണങ്ങൾ പാലിക്കാതെ നിർമിച്ചതുമായ കെട്ടിടങ്ങളിൽ കാണികൾ പ്രവേശിക്കരുത്. റോഡരികിൽ വാഹനങ്ങൾ നിർത്തിയിടാതെ സുരക്ഷിതമായി വാഹനം പാർക്കുചെയ്യാവുന്ന ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യണം. ക്രമസമാധാന പാലനത്തിനും ഗതാഗത ക്രമീകരണത്തിനുമായി രണ്ട് അസി. കമീഷണറുടെ കീഴിൽ എട്ട് സെക്ടറുകളാക്കി തിരിച്ച് പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസുദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
മൊബൈൽ ജാമാവും; 'ഹാമു'കൾ ജാമാവില്ല
തൃശൂർ: എന്ത് അത്യാവശ്യമാണെങ്കിലും തൃശൂർ പൂരത്തിൽ മൊബൈൽ വിളിച്ചാൽ കിട്ടില്ല. വിവിധ മൊബൈൽ കമ്പനികളുടെ നെറ്റ്വർക്ക് കൂടുതൽ പേർ ഉപയോഗിക്കുന്നതോടെ 'ജാം' ആകുന്നതാണ് കാരണം. പൂരത്തിനിടെ ദുരന്തമുണ്ടായാൽ പൊലീസ്, ആശുപത്രി, ഉദ്യോഗസ്ഥ സംവിധാനങ്ങൾ പരസ്പരം ബന്ധപ്പെടുന്നത് എങ്ങനെയാണ്.
'ഹാമുകൾ' എന്നതാണ് മറുപടി. ഈ വയർലെസ് സംവിധാനം വഴി പൊലീസ് -റവന്യൂ - ആരോഗ്യ സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കാൻ ജില്ല ഭരണകൂടം നടപടി സ്വീകരിച്ചുകഴിഞ്ഞു.
റവന്യൂ വയർലെസ് സംവിധാനത്തിന് പുറമെ 14 ജില്ലതല ഓഫിസർമാരെ പരസ്പരം ബന്ധിപ്പിച്ച് സന്ദേശങ്ങൾ കൈമാറാൻ ഹാമുകൾ തയാറായിക്കഴിഞ്ഞു.
ഇത്തരത്തിലുള്ള 21 ഹാം ഓപറേറ്റർമാർ പ്രത്യേക യൂനിഫോമിൽ പൂരത്തിലുണ്ടാകും. കലക്ടർക്കും പൊലീസ് മേധാവിക്കുമൊക്കെ ഇവരെ കാണാനാകും. പൂരത്തിന് സജ്ജമായ ഹാം ഓപറേറ്റർമാരുടെ പരേഡ് ഞായറാഴ്ച വൈകീട്ട് മൂന്നിന് നടക്കും. തെക്കേ ഗോപുര നടക്ക് സമീപം ഹാം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കൺട്രോൾ റൂം സജ്ജമാക്കുമെന്ന് അധികൃതർ അറിയിച്ചു.
പെസോ വഴങ്ങുന്നില്ല, സമ്മർദവുമായി മന്ത്രിമാർ
തൃശൂര്‍: സുരക്ഷ ചൂണ്ടിക്കാണിച്ച് പൂരം വെടിക്കെട്ടിന് സ്വരാജ് റൗണ്ടിലേക്ക് കാണികൾക്ക് പ്രവേശനമില്ല. മന്ത്രിമാരായ കെ. രാധാകൃഷ്ണനും കെ. രാജനും പെസോയുടെ അനുമതി തേടിയിരുന്നുവെങ്കിലും കാണികളെ റൗണ്ടിനകത്തേക്ക് പ്രവേശിപ്പിക്കുന്നത് അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് അധികൃതർ. പെസോയുടെ നിർദേശമനുസരിച്ച് സുരക്ഷ ക്രമീകരണങ്ങളൊരുക്കുന്ന പൊലീസ് മാർഗനിർദേശം പുറപ്പെടുവിച്ചു. വെടിക്കെട്ട് നടക്കുന്ന തേക്കിന്‍കാട് മൈതാനിയില്‍ ഫയര്ലൈനില്നിന്നും 100 മീറ്റര്‍ അകലത്തില്‍ മാത്രമേ കാണികളെ അനുവദിക്കുകയുള്ളൂ.
പൂരം വെടിക്കെട്ടിന്റെ തീവ്രത മുൻ വർഷങ്ങളേക്കാൾ വളരെയധികം കുറച്ചിട്ടും കാണികളെ വെടിക്കെട്ട് കാണാന്‍ സ്വരാജ് റൗണ്ടിലേക്ക് കയറ്റി നിര്‍ത്താത്തതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.