തൃശൂർ: കുന്നംകുളം സ്റ്റേഷന് പരിധിയിലെ മണ്ണുകടത്തുമായി ബന്ധപ്പെട്ട് ആറ് പൊലീസുകാരെ പിരിച്ചുവിട്ട് നടപടിയുണ്ടാവുമ്പോഴും കൊമ്പൻമാർ സസുഖം വാഴുന്നു. കുന്നംകുളത്തെ സംഭവത്തിൽ ഒന്നര വർഷത്തിനിടയിൽ പിരിച്ചുവിടൽ നടപടിയുണ്ടായപ്പോൾ മുമ്പുണ്ടായ സംഭവത്തിൽ താക്കീതിലും ഇൻക്രിമെന്റ് തടയുക തുടങ്ങിയ നടപടികളിലും ഒതുങ്ങി.
ഇത് കൂടാതെ സഹപ്രവർത്തകരെ കുടുക്കാൻ വ്യാജമായ മണൽക്കടത്ത് കേസ് തന്നെയുണ്ടാക്കിയതും തൃശൂരിലാണ്. കുന്നംകുളത്തെ പൊലീസുകാരെ പുറത്താക്കാനിടയാക്കിയതിന് തുടക്കമിട്ടത് ഇവരുടെ ഫോൺവിളി രേഖകളാണ്. പേരാമംഗലം, മണ്ണുത്തി ഹൈവേ പട്രോളിങ് വാഹനത്തിൽ ജോലിചെയ്തിരുന്ന ഒരാളുൾപ്പെടെ ഏഴുപേരെയാണ് ഒന്നിച്ച് പിരിച്ചുവിട്ടത്.
എസ്.ഐ ആയിരുന്ന ഡി. ശ്രീജിത്ത് നടത്തിയ പരിശോധനയിലാണ് അനധികൃതമായി മണ്ണ് കടത്തിയിരുന്ന ലോറിയും അതിലെ ജീവനക്കാരനും പിടിയിലായത്. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ വിശദ അന്വേഷണം നടത്തി. സ്റ്റേഷനിലെ പതിനഞ്ചോളം പൊലീസുകാര്‍ മാഫിയ ബന്ധമുള്ളവരുമായി നിരന്തരം ബന്ധപ്പെട്ടത് കണ്ടെത്തി. അന്ന് എ.സി.പി ആയിരുന്ന ടി.എസ്. സിനോജ് നടത്തിയ അന്വേഷണ റിപ്പോർട്ടിൽ ഏഴ് പേരെ സസ്പെൻഡ് ചെയ്തിരുന്നു.
തിരിച്ചെടുത്ത് ജില്ലക്ക് പുറത്തേക്ക് സ്ഥലം മാറ്റി നിയമിക്കുകയായിരുന്നു. വകുപ്പുതല അന്വേഷണങ്ങളും നടപടികളും പൂര്‍ത്തിയാക്കി ഒന്നര വര്‍ഷത്തിന് ശേഷമാണ് സർവിസില്‍നിന്നുള്ള പിരിച്ചുവിടല്‍. എന്നാൽ, ബലിയാടാവുന്നത് മുഴുവൻ എസ്.ഐ റാങ്കിന് താഴെയുള്ളവരാണെന്നതാണ് രസകരം.
വർഷങ്ങൾക്ക് മുമ്പാണ് തൃശൂർ ടൗൺ സ്റ്റേഷനിൽ മണൽക്കടത്ത് വാഹനം പണം വാങ്ങി വിട്ടുകൊടുത്തുവെന്ന ആക്ഷേപം പൊലീസുകാരനെതിരെ ഉയർന്നത്. ഇയാൾ ഇപ്പോഴും തൃശൂർ സിറ്റി പരിധിയിലെ സ്റ്റേഷനിൽ ജോലി ചെയ്യുന്നുണ്ട്. അന്ന് അദ്ദേഹത്തിന്റെ രണ്ട് ഇൻക്രിമെന്റ് തടയുകയെന്ന നടപടിയായിരുന്നു സ്വീകരിച്ചത്. സഹപ്രവർത്തകനെ കുരുക്കാൻ വ്യാജ മണൽക്കടത്ത് കേസുണ്ടാക്കിയത് വാടാനപ്പള്ളിയിലാണ്.
അനാവശ്യമായി കസ്റ്റഡിയിലെടുത്ത യുവാവിനെ ക്രൂരമായി മർദിച്ചത് സാക്ഷി പറയുമെന്ന് വ്യക്തമാക്കിയ പൊതുപ്രവർത്തകനെയും തങ്ങൾക്കെതിരെ നിന്നിരുന്ന ഇപ്പോൾ സർവിസിൽനിന്ന് വിരമിച്ച പൊലീസുകാരനെയും ഒരു പോലെ ലക്ഷ്യമിട്ടായിരുന്നു ഇപ്പോഴും സർവിസിലുള്ള ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ഗൂഢാലോചന നടത്തിയത്. ഹൈകോടതിയിൽ പൊലീസുണ്ടാക്കിയ വ്യാജ രേഖകളൊക്കെ പൊളിഞ്ഞു വീണപ്പോൾ ഇവർക്കെതിരെ കേസെടുക്കാൻ കോടതിയും കെ.എ.ടിയും ഉത്തരവിട്ടതിൽ ഇപ്പോഴും നടപടിയില്ലാതെ ഉദ്യോഗസ്ഥർ വിലസുകയാണ്.
അന്നത്തെ യുവാവിനെയും പൊലീസുകാരനെയും വേറെ കേസുകളിൽ കുരുക്കാനുള്ള പരിപാടികളും ഇവർ ഇതിനിടയിൽ നടത്തി. നടപടികൾ രാഷ്ട്രീയമാവുന്നുവെന്ന ആക്ഷേപവുമുണ്ട്. ഇപ്പോൾ കുന്നംകുളത്തെ കേസിൽ പിരിച്ചുവിടൽ നടപടിയുണ്ടായത് പ്രതിപക്ഷ സംഘടനാനുകൂലികൾക്കെതിരെയാണ്. ഭരണപക്ഷ സംഘടനാനുകൂലികളായിരുന്ന ചിലരെ ഒഴിവാക്കിയെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.