തൃശൂർ: വാഹനം വീട്ടിൽ, പക്ഷേ ടോൾ പ്ലാസ കടന്നുപോയതിന് അക്കൗണ്ടിൽനിന്ന് പിടിച്ചത് 1860 രൂപ. തൃശൂർ സ്വദേശി സൈജോ വടക്കന്‍റെ അക്കൗണ്ടിൽനിന്നാണ് പന്നിയങ്കര ടോൾ പ്ലാസയിലൂടെ തന്‍റെ കാർ കടന്നുപോയതായി കാണിച്ച് അക്കൗണ്ടിൽനിന്ന് തുടർച്ചയായി പണം പിടിച്ചത്.
ചൊവ്വാഴ്ച രാവിലെ പത്തരയോടെ പന്നിയങ്കര ടോൾ പ്ലാസയിലൂടെ വാഹനം കടന്നുപോയതായി കാണിച്ചാണ് തുക പിടിച്ചത്. 310 രൂപയാണ് ഈടാക്കിയത്. ഈ സമയത്ത് കാറും സൈജോയും വീട്ടിലുള്ളതായി വീട്ടിലെ സി.സി ടി.വി കാമറ ദൃശ്യങ്ങൾ തെളിവാണ്. ആറാമത്തെ തവണയാണ് ഇല്ലാത്ത യാത്രയുടെപേരിൽ അക്കൗണ്ടിൽനിന്ന് ടോളിൽ പണം പിടിക്കുന്നതെന്ന് സൈജോ പറഞ്ഞു.
കഴിഞ്ഞ മാസം 27ന് പാലക്കാട് പോയിരുന്നു. ഈ സമയത്തെ യാത്രയിലും ടോളിൽ പണം പിടിച്ചത് 310 രൂപയായിരുന്നു. പിന്നീട് കടന്നുപോയിട്ടില്ല. എന്നാൽ ഇതിനകം നിരവധി തവണ അക്കൗണ്ടിൽനിന്ന് പണം ചോർത്തി. പാലക്കാട് ദേശീയപാത അതോറിറ്റിയുടെയും ടോൾ കമ്പനിയുടെയും ഓഫിസിൽ തെളിവുകളടക്കം പരാതിപ്പെട്ടു. പണം റീഫണ്ട് ചെയ്യുമെന്ന് അറിയിച്ചെങ്കിലും ഉണ്ടായിട്ടില്ല.
പകരം വീണ്ടും പണം പിടിക്കുകയാണ്. ബസുകളുടെ ടോൾ നിരക്കാണ് 310 രൂപ. കാർ, ജീപ്പ് അടക്കമുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 105 രൂപയും ഇരുഭാഗത്തേക്കും കടന്നുപോകുന്നതിന് 155 രൂപയുമാണ് നിരക്കെന്നിരിക്കെയാണ് ഒറ്റ യാത്രയുടെ പേരിൽ അക്കൗണ്ടിൽനിന്ന് 310 രൂപ വീതം ചോർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.