മതിലകം: കൊടുങ്ങല്ലൂർ ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ വേറിട്ട ദൃശ്യാസ്വാദനം പകർന്ന് ഗോത്ര നൃത്തങ്ങൾ. ആദ്യമായി കേരള സ്കൂൾ കലോത്സവത്തിൽ ഉൾപ്പെടുത്തിയ ആദിവാസി കലകളുടെ അവതരണത്തിന് ജില്ലയുടെ തീരമേഖലയിൽനിന്ന് വിദ്യാർഥികൾ മുന്നോട്ടുവന്നത് കൗതുകകരവും സവിശേഷവുമായി. ആദിവാസി ഊരുകളിലെ ജീവിതാനുഭവങ്ങളുമായി ബന്ധപ്പെട്ട നൃത്തങ്ങൾ വേഷഭൂഷാദികളും ആടയാടകളും അണിഞ്ഞ് ചടുലതാളത്തിലും മന്ദതാളത്തിലും വിദ്യാർഥികൾ അവതരിപ്പിച്ചത് പുതിയൊരു അനുഭവമായിരുന്നു.
ആദിവാസി വാദ്യങ്ങളുടെ താളത്തിനും പാട്ടിനുമൊത്ത് ചുവടുവെച്ച വിദ്യാർഥികളുടെ അവതരണം സദസ്സിന്റെ മനം കവർന്നു. കണ്ണൂർ, കാസർകോട് മാവില, മലവേട ഊരുകളുടെ കലാരൂപമായ മംഗലനൃത്തം മതിലകം സെന്റ് ജോസഫ്സും ഇടുക്കിയിലെ മല പുലയ വിഭാഗത്തിന്റെ മലപുലയ നൃത്തം അവതരിപ്പിക്കാൻ ഒ.എൽ.എഫ്.ജി.എച്ച്.എസും മാത്രമാണുണ്ടായിരുന്നത്. വയനാടൻ പണിയ ആദിവാസി വിഭാഗത്തിന്റെ പണിയ നൃത്തവുമായി എസ്.എസ്.എം.എച്ച്.എസ് അഴീക്കോടും എത്തിയെങ്കിലും സെന്റ് ജോസഫ്സ് എച്ച്.എസിനായിരുന്നു ഒന്നാം സ്ഥാനം. അട്ടപ്പാടി ഊരിലെ ഇരുളാട്ടം അവതരണത്തിലും സെൻറ് ജോസഫ്സ് എച്ച്.എസിനായിരുന്നു ഒന്നാം സ്ഥാനം. ഫലപ്രഖ്യാപനത്തിനെതിരെ ഒ.എൽ.എഫ്.ജി.എച്ച്.എസ് അപ്പീൽ നൽകിയിരിക്കുകയാണ്. രവി വയനാട്, ഷൈജു ബിരിക്കുളം (കാസർകോട്), രതീഷ് അട്ടപ്പാടി എന്നിവർ വിധിനിർണയത്തോടൊപ്പം ഈ കലാരൂപങ്ങളെക്കുറിച്ചുള്ള ലഘുവിവരണവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.