വാടാനപ്പള്ളി ബീച്ച്

വാടാനപ്പള്ളി ബീച്ച് ടൂറിസം വികസന പാതയിലേക്ക്

വാടാനപ്പള്ളി: പ്രകൃതിരമണീയമായ വാടാനപ്പള്ളി ബീച്ച് ടൂറിസം വികസനപാതയിലേക്ക്. മണലൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന ഈ ബീച്ചിൽ മുരളി പെരുനെല്ലി എം.എൽ.എയുടെ വികസന ഫണ്ടിൽനിന്ന് പത്തു കോടിയോളം രൂപ ചെലവഴിച്ചാണ് ടൂറിസം പദ്ധതി നടപ്പാക്കുന്നത്.

സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ബീച്ചിൽ ഏ​​റെ കാത്തിരിപ്പിനൊടുവിലാണ് ടൂറിസം പദ്ധതി ഒരുങ്ങുന്നത്. ബീച്ചിൽ രണ്ടര ഏക്കറോളം സ്ഥലം ഉണ്ടെങ്കിലും സ്‌റ്റേജും ശുചിമുറികളും അല്ലാതെ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ഒരു പദ്ധതിയും തുടങ്ങാൻ ഇക്കാലമത്രയും മാറിവന്ന ഇടത്-വലത് മുന്നണികൾക്ക് കഴിഞ്ഞിരുന്നില്ല. 1996 കാലഘട്ടത്തിൽ അന്നത്തെ എൽ.ഡി.എഫ് സർക്കാർ ടൂറിസം പദ്ധതിക്ക് രൂപംനൽകിയിരുന്നു.

മന്ത്രി വി.വി. രാഘവൻ കൊട്ടിഘോഷിച്ച് കല്ലിടുകയും ചെയ്തു. ബീച്ചിൽ വിശ്രമകേന്ദ്രം, കുട്ടികളുടെ പാർക്ക്, ഐസ്ക്രീം പാർലർ, വൈദ്യുതി അലങ്കാരം, ഇരിപ്പിടം, കളിത്തീവണ്ടി, കായലിൽ ബോട്ട് സർവിസ് തുടങ്ങിയവ നടപ്പാക്കാനായിരുന്നു തീരുമാനം. പക്ഷേ, ബീച്ചിലെ ഫിഷറീസ് വക സ്ഥലം ഭിത്തികെട്ടി സംരക്ഷിച്ചതല്ലാതെ ഒരു വികസനവും നടന്നില്ല. ടൂറിസം സാധ്യത വിലയിരുത്തി 2005ൽ വന്ന വാടാനപ്പള്ളി പഞ്ചായത്ത് എൽ.ഡി.എഫ് ഭരണസമിതി ബീച്ച് ഫെസ്റ്റിവൽ സംഘടിപ്പിച്ചിരുന്നു. ഇത് രണ്ടു വർഷം നടത്തിയെങ്കിലും പിന്നീട് മുടങ്ങി.

2001ൽ വന്ന യു.ഡി.എഫ് പഞ്ചായത്ത് ഭരണസമിതിയും ഫെസ്റ്റിവലിന് രൂപം നൽകിയെങ്കിലും നടന്നില്ല. ഇതോടെ ബീച്ച് അവഗണനയിലേക്കു നീങ്ങി. ഓരോ വർഷവും ഉണ്ടാകുന്ന കടലാക്രമണവും ഇതേ തുടർന്നുണ്ടായ റോഡിന്റെ തകർച്ചയും ബീച്ചിന്റെ വികസനസാധ്യതക്ക് മങ്ങലേൽപിച്ചു. ഇതിനിടയിൽ സി.എം. നൗഷാദ് ജില്ല പഞ്ചായത്ത് അംഗമായപ്പോൾ ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സ്‌റ്റേജും കവാടവും നിർമിച്ചെങ്കിലും മറ്റു പ്രവൃത്തികൾ നടപ്പാക്കാൻ കഴിഞ്ഞില്ല.

മനോഹരമായ തീരവും സഞ്ചാരസൗകര്യവും ഉണ്ടായിട്ടും ടൂറിസത്തിന് ഏറെ സാധ്യതയുള്ള വാടാനപ്പള്ളി ബീച്ചിനെ തഴഞ്ഞതോടെ പ്രതിഷേധം ഏറി. ഇതോടെയാണ് ഇപ്പോഴത്തെ എൽ.ഡി.എഫ് സർക്കാർ ടൂറിസം പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. ഗ്രാമപഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ഇടപെടലിൽ ഫണ്ട് നീക്കിവെക്കാൻ മുരളി പെരുനെല്ലി എം.എൽ.എ തീരുമാനിക്കുകയായിരുന്നു.

ആദ്യ ഘട്ടത്തിൽ രണ്ടുകോടിയുടെ പദ്ധതി നടപ്പാക്കും. പാർക്ക്, വിശ്രമകേന്ദ്രം, ഭക്ഷണശാല, ഐസ്ക്രീം പാർലർ, വൈദ്യുതി അലങ്കാരം, ബോട്ട് സർവിസ് എന്നിവ ആദ്യ ഘട്ടത്തിൽ നടപ്പാക്കാനാണ് തീരുമാനം. കടലാക്രമണം തടയാനും പദ്ധതിയുണ്ട്. ഫിഷറീസ് വകുപ്പിന്റെയും ടൂറിസം വകുപ്പിന്റെയും സ്ഥലത്താണ് പദ്ധതി നടപ്പാക്കുക.

ഇതോടെ ഇവിടേക്ക് ടൂറിസ്റ്റുകളുടെ വരവ് വർധിക്കും. ഇപ്പോൾതന്നെ ദിനംപ്രതി നിരവധി പേരാണ് എത്തുന്നത്. നിലവിൽ ഒരു ഭക്ഷണശാലപോലും ഇല്ലാത്തതിനാൽ സഞ്ചാരികൾ നിരാശയിലാണ്. രാത്രി ഇരുട്ടാണ്. വികസനം വന്നാൽ ബീച്ചിന്റെ മുഖച്ഛായതന്നെ മാറും. അതിനുള്ള തയാറെടുപ്പിലാണ് സർക്കാറും പഞ്ചായത്തും.

Tags:    
News Summary - Vadanappally beach tourism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.