വാടാനപ്പള്ളി: ഉപജീവനമെന്നോണം വിദ്യാർഥികൾക്ക് പഠന സഹായിയായ പുസ്തകങ്ങളും ഭൂപടങ്ങളുമായി 32 വർഷങ്ങളായി തളരാതെ സ്കൂളുകളിലേക്ക് നടന്നുനീങ്ങുകയാണ് ജയൻ(63). തൃശൂരും സമീപ ജില്ലകളിലുമായി ഇയാൾചെന്ന് കേറാത്ത സ്കൂളുകളില്ല. തൃശൂർ ജില്ലയിലെ മാപ്രാണം സ്വദേശിയായ ചീരത്ത് വീട്ടിൽ ജയൻ ഇന്ന് അധ്യാപകർക്കും കുട്ടികൾക്കും പ്രിയമാണ്. കുടുംബം പുലർത്താൻ 31ാം വയസ്സിലാണ് ഇയാൾ ഭൂപടവും പുസ്തക വിൽപനയും സ്കൂളുകൾ കേന്ദ്രീകരിച്ച് ആരംഭിച്ചത്. ഇന്ത്യ, കേരളം, വേൾഡ് മാപ്പുകളും അക്ഷരമാല, പക്ഷി-മൃഗാദികൾ, പച്ചക്കറികൾ, വിവിധ തരം വാഹനങ്ങൾ, മനുഷ്യന്റെ ശരീര ഭാഗങ്ങൾ തുടങ്ങി കുട്ടികൾക്ക് പഠിക്കാനും അറിവു നേടാനുമുള്ള വിവിധ പുസ്തകങ്ങളുടെ ശേഖരവുമായിട്ടാണ് ജയൻ സ്കൂളുകളിൽ എത്തുക. അധ്യാപകരെ സമീപിച്ചാണ് ഇവ വിൽപന നടത്തുക. തുടങ്ങിയ കാലത്ത് കുറച്ചുവർഷം വരെ ഇത്തരത്തിൽ പുസ്തക വിൽപനയുമായി ഏഴും എട്ടും പേരുണ്ടാകും. ഇപ്പോൾ താൻ മാത്രമാണ് ഇത്തരത്തിൽ വിൽപന നടത്തുന്നതെന്ന് ജയൻ പറയുന്നു. തുടക്കത്തിൽ ഒരു രൂപയായിരുന്നു പുസ്തകത്തിന് വില. ഇപ്പോൾ 40 രൂപയിലെത്തി. സ്കൂൾ തുറക്കുന്ന സമയത്ത് ജൂൺ മുതൽ മൂന്നുമാസക്കാലം വിൽപന തകൃതിയായിരിക്കും.
പിന്നെ ഇഴയും ഇതാണ് രീതി. ഇപ്പോൾ 30ഉം 40ഉം ചിലപ്പോൾ 70 വരെ പുസ്തകങ്ങളും മാപ്പും വിൽപന നടക്കും. തൃശൂർ, മലപ്പുറം, എറണാകുളം, പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ചാണ് വിൽപന. രാവിലെ ആറിന് വീട്ടിൽ നിന്നിറങ്ങും വൈകീട്ട് ആറിനോ ഏഴിനോ ചിലപ്പോൾ രാത്രി എട്ടിനോ വീട്ടിൽ എത്തും. വിൽപന കുറഞ്ഞാൽ വൈകീട്ട് നാലോടെ വീടണയും. ബസിൽ പോയി ഒരുസ്ഥലത്ത് ഇറങ്ങിയശേഷം സമീപത്തെ വിവിധ സ്കൂളുകളിലേക്ക് കാൽനടയായാണ് യാത്ര. നാല് ജില്ലകളിലെയും സ്കൂളുകളുടെ പേരുകളും ജയന് മനഃപാഠമാണ്. രണ്ട് പെൺമക്കളെയും പഠിപ്പിച്ചശേഷം ഇരുവരെയും വിവാഹം ഇതിനകം കഴിച്ചുകൊടുത്തു. എന്നിട്ടും ക്ഷീണം വകവെക്കാതെ പ്രായം മറന്ന് ജയൻ സ്കൂളുകളിലേക്കുള്ള ഓട്ടം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.