വാടാനപ്പള്ളി: പഞ്ചായത്തിന്റെ തീരപ്രദേശത്ത് കടലാക്രമണം രൂക്ഷം. വാടാനപ്പള്ളി, ഗണേശമംഗലം, പൊക്കാഞ്ചേരി, ഫസൽ നഗർ തുടങ്ങിയ ബീച്ചുകളിലാണ് കടലാക്രമണം ശക്തമായത്. വെള്ളം കരയിലേക്ക് അടിച്ചുകയറി തെങ്ങുകൾ കടപുഴകി. വീടുകൾ അപകടഭീഷണിയിലാണ്. വർഷങ്ങളായി വാടാനപ്പള്ളി ബീച്ച് ഫസൽ നഗർ മേഖലയിൽ കടൽക്ഷോഭം അതിരൂക്ഷമാണ്.
മീറ്ററുകളോളം ദൂരത്തിൽ നിരവധി തവണ റോഡുകൾ പൂർണമായി ഇല്ലാതെയായി. നിരവധി വീടുകൾ തകർന്നു. മീറ്ററുകളോളം ദൂരം കര ഭൂമി കടലെടുത്തു. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പഞ്ചായത്ത്, വില്ലേജ്, മേജർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്, തഹസീൽദാർ, എം.എൽ.എ, ഫിഷറീസ് മന്ത്രി സജി ചെറിയാൻ, മുഖ്യമന്ത്രിയുടെ നവ കേരള സദസ്സ് എന്നിവയിൽ അപേക്ഷകളും നിവേദനങ്ങളും നൽകിയിരുന്നു.
നിരന്തര ഇടപെടലിന്റെ ഭാഗമായി ഇറിഗേഷൻ വകുപ്പ് മേഖലയിലെ 450 മീറ്റർ ദൂരം കടൽ ഭിത്തി നിർമിക്കാൻ എസ്റ്റിമേറ്റ് നൽകിയ 6.5 കോടി രൂപയുടെ പദ്ധതി ഇപ്പോഴും ചുവപ്പ് നാടയിൽ കുരുങ്ങി കിടക്കുകയാണ്.
ബദ്ധപ്പെട്ടവർ ഇനിയും കണ്ടില്ലെന്ന് നടിക്കരുത്. ബീച്ച് മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും കുടിവെള്ളത്തിനും സംരക്ഷണത്തിനായി കടൽഭിത്തി അടിയന്തരമായി നിർമിക്കണമെന്ന് വാർഡ് അംഗം നൗഫൽ വലിയകത്ത് ആവശ്യപ്പെട്ടു. ഇനിയും മൗനം തുടരുന്ന പക്ഷം പൊതുജനങ്ങളെ സഹകരണത്തോടെ ജനകീയ സംരങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.