ഒല്ലൂര്‍: കേരളത്തിലെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ വി.ആർ. കൃഷ്ണനെഴുത്തച്ഛന്‍റെ പേര് വേറിട്ട് അടയാളപ്പെടുത്തിയതാണ്. പഠനകാലത്തെ ഗാന്ധി ആരാധന ക്രമേണ ഗാന്ധിയൻ ജീവിതത്തിലേക്ക് വഴിതെളിച്ചു. തിളക്കം മങ്ങാത്ത ഗാന്ധിയനായാണ് മരണം വരെയും അദ്ദേഹം ജീവിച്ചത്. 1925ൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്വാതന്ത്ര്യ സമരത്തിലും ഗാന്ധിജിയിലും ആകൃഷ്ടനായി കൃഷ്ണനെഴുത്തച്ഛൻ പൊതുപ്രവർത്തനത്തിലേക്ക് എത്തിയത്. ഒല്ലൂര്‍ ഗവ. സ്കൂളില്‍ പഠിക്കുമ്പോൾതന്നെ ഗുരുനാഥൻമാരുടെ പാത പിന്തുടര്‍ന്ന് ഖദര്‍ വസ്ത്രധാരിയായി. പരുപരുത്ത ഖാദി വസ്ത്രം ധരിച്ച് പോകുന്ന ധിക്കാരിയായ കുട്ടിയെ ദേഷ്യവും പുച്ഛവും കലർന്ന ഭാവത്തിൽ നോക്കിയവരുണ്ട്. അതൊന്നും അദ്ദേഹത്തെ നിലപാടിൽനിന്ന് പിന്തിരിപ്പിച്ചില്ല. സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങൾക്കായി സര്‍ക്കാര്‍ ഉദ്യോഗവും വക്കീല്‍ പണിയും ഉപേക്ഷിച്ചു. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യോഗം വിളിച്ചു. ഇത് തലമുതിര്‍ന്ന ചിലർക്ക് രസിച്ചില്ല. കൃഷ്ണനെഴുത്തച്ഛന്‍റെ നേതൃത്വത്തില്‍ സാധാരണക്കാരായ യുവാക്കളെ സംഘടിപ്പിച്ച് പ്രജാമണ്ഡലം പിറവിയെടുത്തു. തീപ്പൊരി പ്രസംഗങ്ങളിലൂടെ യുവാക്കളെയും സാധാരണക്കാരെയും സ്വാതന്ത്ര്യ സമരാവേശത്തിലേക്ക് നയിച്ചു. 1941ലെ കൊടുങ്കാറ്റിലും വെള്ളപ്പൊക്കത്തിലും വീടും സ്വത്തും നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി ഈ യുവാക്കൾ രംഗത്തിറങ്ങി. നാട്ടിൽനിന്ന് ഓലയും മുളയും ശേഖരിച്ച് അത്തരക്കാർക്ക് വീടുണ്ടാക്കി. രോഗികള്‍ക്ക് മരുന്ന് എത്തിച്ചു. ക്വിറ്റ് ഇന്ത്യ സമരം ശക്തി പ്രാപിച്ചപ്പോൾ പ്രജാമണ്ഡലം പ്രവര്‍ത്തകരും അതിന്‍റെ ആവേശം ഏറ്റെടുത്തു. സമരത്തെ തുടര്‍ന്ന് വി.ആര്‍ ഉള്‍പ്പെടെ 125ഓളം പേര്‍ വിയ്യൂര്‍ ജയിലിൽ അടക്കപ്പെട്ടു.
ജയിലിലും അദ്ദേഹം വെറുതെയിരുന്നില്ല. ജയിലിൽ കഴിഞ്ഞിരുന്ന നേതാക്കളോട് അടുത്ത് ഇടപഴകാന്‍ ലഭിച്ച അവസരം പ്രയോജനപ്പെടുത്തിയും സമാന ചിന്താഗതിക്കാരുമായി ആശയ വിനിമയം നടത്തിയും സമരജ്വാല അണയാതെ സൂക്ഷിച്ചു. വ്യത്യസ്ത ദര്‍ശനമുള്ളവരുടെ കാഴ്ചപ്പാടുകളും ചിന്താധാരകളും മനസ്സിലാക്കാനും പങ്കുവെക്കാനും ശ്രമിച്ചു. ജയിലിന് പുറത്തെത്തി പ്രജാമണ്ഡലത്തില്‍ കുടുതല്‍ സജീവമായി. 'എഴുത്തച്ഛന്‍' എന്ന വാരികയിലും 'ദീനബന്ധു'വിലും തൂലിക ചലിപ്പിച്ചു. 'സ്‌നേഹിതന്‍' വാരികയുടെ ചുമതലക്കാരനായി. അച്ചുകൂടങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ കരിനിയമങ്ങൾ നടപ്പാക്കിയതോടെ പ്രസിദ്ധീകരണങ്ങൾ നിലച്ചു. എന്നാല്‍ ഗാന്ധിയുടെ 'ഹരിജന്‍' പത്രത്തിന്‍റെ മലയാള പതിപ്പ് 'ദീനബന്ധു'വിൽനിന്ന് പുറത്തിറക്കാൻ വി.ആറിന് സാധിച്ചു.
ഇതിനിടക്ക് ഖാദി വസ്ത്ര നിര്‍മാണവും ഉപയോഗവും പ്രചരിപ്പിക്കാനും സഹകരണ പ്രസ്ഥാനങ്ങളിലൂടെ സ്വയംപര്യാപ്ത സമൂഹ സൃഷ്ടിക്കുമുള്ള ശ്രമവും നടന്നു. 1938ല്‍ അവിണിശ്ശേരിയില്‍ ഖാദി ഗ്രാമവ്യവസായ സംഘം രൂപവത്കരിച്ച് ഖാദി കേന്ദ്രം ആരംഭിച്ചു. സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച കാലയളവില്‍ അഖിലേന്ത്യ ചര്‍ക്ക സംഘത്തിനെ എല്‍പ്പിച്ച ഖാദി കേന്ദ്രം പീന്നിട് കൊച്ചി ഖാദി ട്രസ്റ്റ് രൂപവത്കരിച്ച് അതിന് കീഴിലാക്കി. സ്വാതന്ത്ര്യാനന്തരം കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടിയായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.