ആമ്പല്ലൂർ: കടുത്ത വേനലിൽ പ്രദേശത്തെ ജലക്ഷാമം പരിഹരിക്കാനായി ലക്ഷങ്ങൾ മുടക്കി കെട്ടിയ മൺചിറകളുടെ അശാസ്ത്രീയ നിർമാണം മൂലം കുറുമാലി പുഴയിൽ ജലനിരപ്പ് താഴുന്നു. വരന്തരപ്പിള്ളി തോട്ടുമുഖം മൺചിറയോട് ചേർന്ന ചീർപ്പിലൂടെ ക്രമാതീതമായി വെള്ളം ഒഴുക്കിക്കളയുന്നതാണ്ചിറക്ക് മുകൾ ഭാഗത്ത് പുഴ മെലിയാൻ ഇടയാക്കുന്നത്. ചീർപ്പിൽ പലകകൾ ഇട്ട് നിയന്ത്രിച്ചാണ് ചെറിയ തോതിൽ വെള്ളം ഒഴുക്കിവിടാറുള്ളത്. എന്നാൽ ഇത്തവണ തോട്ടുമുഖം ചിറയിൽ വെള്ളം തടഞ്ഞുനിർത്താൻ കഴിയാത്ത അവസ്ഥയാണ്.
പുഴയിൽ വെള്ളം താഴ്ന്നതോടെ മൂന്ന് പഞ്ചായത്തുകളിലേക്ക് ശുദ്ധജലം എത്തിക്കുന്ന തോട്ടുമുഖം പദ്ധതിയുടെ പമ്പിങ് പ്രതിസന്ധിയിലായിരിക്കുകയാണ്. കൂടാതെ ഉയർന്ന പ്രദേശത്തെ കിണറുകളിൽ ജലനിരപ്പ് താഴ്ന്ന് രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് നേരിടുന്നത്. കുറുമാലി പുഴയിലെ വെള്ളത്തെ ആശ്രയിച്ച് കൃഷിയിറക്കിയ കർഷകർ വിളകൾ ഉണക്കു ഭീഷണി നേരിടുന്നതായും പറയുന്നു.
മൺചിറകൾ നിർമിക്കുമ്പോൾ ബന്ധപ്പെട്ട അധികാരികൾ സ്ഥലത്ത് പരിശോധന നടത്താത്തതാണ് പ്രശ്നത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വർഷം തോറും ലക്ഷങ്ങൾ മുടക്കി നിർമിക്കുന്ന മൺചിറകൾ കാലവർഷാരംഭത്തിൽ തനിയെ പൊട്ടി പോകുകയാണ് പതിവ്. വേനലിൽ കെട്ടുന്ന ചിറകളിൽ വെള്ളം സംഭരിച്ച് നിർത്തി കൃഷിക്കും കുടിവെള്ള പദ്ധതികൾക്കും പ്രയോജനകരമാക്കുന്ന പദ്ധതിയാണ് അധികൃതരുടെ അശ്രദ്ധമൂലം പാഴ് ചെലവായി മാറുന്നതെന്ന് നാട്ടുകാർ പറയുന്നു.
ചിമ്മിനി ഡാമിൽ നിന്ന് തുറന്നുവിടുന്ന മുഴുവൻ വെള്ളവും ഒഴുക്കി കളയാതെ ചീർപ്പ് വഴി നിയന്ത്രിച്ച് ചിറയിൽ മതിയായ വെള്ളം തടഞ്ഞുനിർത്താനുള്ള സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വർഷം തോറും മൺചാക്കുകൾ നിരത്തി താൽക്കാലിക ചിറകൾ കെട്ടുന്നതിലൂടെ ലക്ഷങ്ങളുടെ നഷ്ടവും മാലിന്യ പ്രശ്നവും ഉണ്ടാകുന്നത് ഒഴിവാക്കാൻ സ്ഥിരം തടയണകൾ നിർമിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.