അരിമ്പൂർ: ജല അതോറിറ്റിയുടെ കുടിവെള്ളം ലഭിക്കാതെ വലഞ്ഞ കുടുംബങ്ങൾ ഉപയോഗിക്കുന്നത് കോളിഫോം ബാക്ടീരിയ അടങ്ങിയ പഞ്ചായത്ത് കിണറ്റിലെ വെള്ളം. അരിമ്പൂർ നാലാംകല്ല് ശാന്തിനഗർ നാല് സെന്റ് കേന്ദ്രം നിവാസികൾക്കാണ് ഈ ദുരിതം. ജല അതോറിറ്റിയുടെ പൈപ്പ് കണക്ഷൻ വഴിയുള്ള ജലവിതരണം നിലച്ചതിനാൽ ഒരാഴ്ചയിലധികമായി കുടിവെള്ളം ലഭിക്കാത്തതിനാൽ ഗ്രാമ നിവാസികൾ കോളിഫോം അടങ്ങിയ പഞ്ചായത്ത് കിണറിലെ വെള്ളം കുടിവെള്ള ആവശ്യത്തിനായി ഉപയോഗിക്കുകയാണ്.
ജൽജീവൻ മിഷന്റെ ഭാഗമായി പൈപ്പിടൽ നടക്കുന്നതിനാൽ കുടിവെളള വിതരണം നിലച്ചിട്ട് എട്ട് ദിവസം പിന്നിട്ടു. ജല അതോറിറ്റി അധികൃതരെ അറിയിച്ചിട്ടും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇവിടെ ആകെ 15 വീടുകളാണുള്ളത്. ഇവർക്ക് പൊതുവായി ഉപയോഗിക്കാനുള്ള പഞ്ചായത്ത് കിണർ ഉണ്ടെങ്കിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം ഉള്ളതിനാൽ കുടിക്കാനോ പാചക ആവശ്യത്തിനോ ഉപയോഗിക്കാൻ പാടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ തന്നെ ഇവരോട് നേരത്തേ പറഞ്ഞിട്ടുള്ളതായി പറയുന്നു.
ഒരു പതിറ്റാണ്ടിനു മുമ്പ് ഈ കിണറിനോട് ചേർന്ന് മോട്ടോർപുരയും മോട്ടോറും സ്ഥാപിച്ചെങ്കിലും അവ തുടർന്ന് പ്രവർത്തിച്ചില്ല. കിണറ്റിലേക്കുള്ള പൈപ്പ് ദ്രവിച്ച് മുക്കാൽ ഭാഗവും വെള്ളത്തിനടിയിലാണ്. മോട്ടോറും കിണറ്റിൽ തന്നെയാണെന്ന് നിവാസികൾ പറയുന്നു. കുടിവെള്ളത്തിനായി ഉപയോഗിക്കാത്തതിനാൽ കിണർ ശുചീകരണവും ഉണ്ടായില്ല. തുണിയലക്കാനും പാത്രം കഴുകാനും ഉപയോഗിക്കുന്ന കോളിഫോം അടങ്ങിയ പഞ്ചായത്ത് കിണറ്റിലെ വെള്ളം കുടിവെള്ള ആവശ്യത്തിന് തങ്ങളിൽ പലരും ഇപ്പോൾ ഉപയോഗിച്ചു തുടങ്ങിയതായും ഇവർ പറയുന്നു.
ഇവിടത്തുകാർ പലരും പലവിധ അസുഖങ്ങൾ മൂലം ബുദ്ധിമുട്ടുന്നവരുമാണ്. സമീപ പ്രദേശത്ത് സമാന രീതിയിൽ കിണറ്റിൽ കോളിഫോം ബാധിച്ചതിനെ തുടർന്നു അഞ്ച് പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നതായി ആരോഗ്യ പ്രവർത്തകർ തന്നെ സ്ഥിരീകരിക്കുന്നുണ്ട്. ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.