തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സി.ടി സ്‌കാനിങ് മെഷീനുകളും ഒരു എം.ആർ.ഐ മെഷീനും 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാന്‍ മന്ത്രി വീണ ജോര്‍ജിന്‍റെ നിർദേശം. സ്‌കാനിങ്ങിനുള്ള കാലതാമസം കുറച്ച് പരമാവധി പേര്‍ക്ക് സേവനം നൽകണമെന്നും നിർദേശിച്ചു. മാമോഗ്രാം, അത്യാഹിത വിഭാഗത്തിലെ എക്‌സ്‌റേ മെഷീന്‍ എന്നിവയുടെ പ്രവര്‍ത്തനം യോഗം പ്രത്യേകം വിലയിരുത്തി. സ്‌കാനിങ് റിപ്പോര്‍ട്ടുകള്‍ സമയബന്ധിതമായി ലഭ്യമാക്കണം. അത്യാഹിതവിഭാഗം നിരന്തരം വിലയിരുത്തി അപ്പപ്പോള്‍ത്തന്നെ പോരായ്മകള്‍ പരിഹരിക്കണം. കിടത്തിചികിത്സയിലുള്ള രോഗികള്‍ക്ക് സി.ടി സ്‌കാനിങ് പൂര്‍ണതോതില്‍ ലഭ്യമാകുന്നില്ല എന്ന പരാതിയെ തുടര്‍ന്ന് മന്ത്രി നേരിട്ട് സന്ദര്‍ശനം നടത്തിയാണ് പരാതിക്ക് പരിഹാരം കണ്ടത്.
മന്ത്രി വീണ ജോര്‍ജ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കഴിഞ്ഞദിവസം സന്ദര്‍ശനം നടത്തിയിരുന്നു. രാത്രി 10 ഓടെ അത്യാഹിതവിഭാഗത്തിലെത്തിയ മന്ത്രി ഒന്നരമണിക്കൂറോളം ആശുപത്രിയില്‍ ചെലവിട്ടു. അത്യാഹിത വിഭാഗത്തിലെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തുകയും എക്‌സ്‌റേ റൂം, വിവിധ സ്‌കാനിങ് യൂനിറ്റുകള്‍, കാത്ത് ലാബ് എന്നിവ സന്ദര്‍ശിക്കുകയും ചെയ്തു. രോഗികളുമായും ജീവനക്കാരുമായും ആശയവിനിമയം നടത്തി. പോരായ്മകള്‍ പരിഹരിക്കാന്‍ രാവിലെ മെഡിക്കല്‍ കോളജിന്‍റെ അടിയന്തര യോഗം മന്ത്രിയുടെ ചേംബറില്‍ വിളിച്ചുചേര്‍ത്തു. ഈ യോഗത്തിലാണ് കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.
മെഡിക്കല്‍ കോളജിലെ അത്യാഹിതവിഭാഗത്തിലെ സേവനനിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കുകയും ക്വാളിറ്റി ഇംപ്രൂവ്‌മെന്‍റ് ഇനിഷ്യേറ്റിവ് നടപ്പാക്കുകയും ചെയ്തു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദ്ദീന്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അനില്‍ സുന്ദരം, വിവിധ വകുപ്പ് മേധാവികളായ ഡോ. തോമസ് ഐപ്പ്, ഡോ. വിശ്വനാഥന്‍, ഡോ. ജയശ്രീ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.