ചിറയിൻകീഴ്: പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രദേശത്ത് മൃഗസംരക്ഷണ വകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കുന്നു.
കഴിഞ്ഞയാഴ്ച നാലുവയസ്സുകാരിയെ കടിച്ച നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചതും നേരത്തേ തെരുവുനായിൽനിന്ന് പോറലേറ്റ യുവതി പേവിഷബാധ മൂലം മരിച്ചതും പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. തുടർന്നാണ് സർക്കാറും ഗ്രാമപഞ്ചായത്തും നടപടി ആരംഭിച്ചത്. അഞ്ചുതെങ്ങ് വെറ്ററിനറി സർജന്റെ നേതൃത്വത്തിലാണ് പ്രതിരോധ നടപടികൾ സ്വീകരിക്കുന്നത്.
കൂടുതൽ തെരുവുനായ്ക്കൾ പേവിഷവാഹകരാണെന്നാണ് നിഗമനം. തീരത്ത് വലിയതോതിൽ തെരുവുനായ് ശല്യവുമുണ്ട്. വളർത്തുമൃഗങ്ങളിലെക്കും ഇത് പകരാൻ സാധ്യതയുണ്ട്. പെൺകുട്ടിയെ കടിച്ച നായ് ചത്ത വിവരമറിഞ്ഞ ഉടൻ അഞ്ചുതെങ്ങ് മൃഗാശുപത്രിയിലെ വെറ്ററിനറി സർജനായ ഡോ. ജസ്ന സ്ഥലത്തെത്തി നായുടെ ജഡം പോസ്റ്റ്മോർട്ടം നടപടികൾക്കായി പാലോട് സ്റ്റേറ്റ് ഇൻസ്റ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസസിലേക്ക് അയച്ചു.
പ്രാഥമിക പരിശോധനയിൽതന്നെ നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജുവിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു.
സംഭവം നടന്ന പ്രദേശത്തെ വളർത്തുമൃഗങ്ങൾക്ക് അഞ്ചുതെങ്ങ് വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് നൽകി. ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. പി.വി. അരുണോദയ സംഭവസ്ഥലം സന്ദർശിച്ചു.
വാർഡിലെ 56 തെരുവുനായ്ക്കൾക്ക് വാക്സിൻ നൽകി. വരുംദിവസങ്ങളിൽ വളർത്തുനായ്ക്കൾക്കായി പ്രതിരോധ കുത്തിെവപ്പ് ക്യാമ്പുകൾ നടത്താൻ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.