ആറ്റിങ്ങൽ: അഞ്ചുതെങ്ങില്‍ കടലാക്രമണത്തില്‍ തകര്‍ന്ന ഫിഷ് ലാൻഡിങ് സെന്ററിന്റെ പുനര്‍നിര്‍മാണത്തിന് നടപടിയില്ല. ഇതുമായി ബന്ധപ്പെട്ട അഴിമതി അന്വേഷണവും വഴിമുട്ടി. കെട്ടിടത്തിന്റെയും വഴിയുടെയും ഭാഗം മണ്ണ് മൂടിയ നിലയിലാണിപ്പോൾ. അപകടാവസ്ഥയിലായ കെട്ടിടം പ്രദേശവാസികള്‍ക്ക് ഭീഷണിയും ഉയര്‍ത്തുന്നു.
1,10,00,000 രൂപ ചെലവഴിച്ച് നിർമിച്ച ഫിഷ് ലാൻഡിങ് സെന്ററാണ് ഉദ്ഘാടനം കഴിഞ്ഞു മാസങ്ങൾക്കുള്ളിൽ കടലെടുത്തത്. മത്സ്യത്തൊഴിലാളികളുടെ വലകളും മറ്റുപകരണങ്ങളും ഇതോടൊപ്പം നശിച്ചിരുന്നു. തിരയിൽ ബലക്ഷയം സംഭവിച്ച ഫിഷ് ലാൻഡിങ് സെന്ററിന്റെ തറയിലെ കോണ്‍ക്രീറ്റാണ് ആദ്യം തകര്‍ന്ന് കടലിലേക്ക് പതിച്ചത്.
ദിവസങ്ങൾക്കുള്ളിൽ ബീമുകളും തകർന്നു. ബീമുകള്‍ തകര്‍ന്ന് അപകടാവസ്ഥയിലായ കെട്ടിടം പ്രദേശവാസികള്‍ക്ക് ഭീഷണിയാണ്. ഇതിനോട് ചേര്‍ന്നുതന്നെ നിരവധി കുടിലുകള്‍ തീരത്തുണ്ട്. മത്സ്യത്തൊഴിലാളികളും തദ്ദേശീയരും നടന്നുപോകുന്നതും ഇതിനോട് ചേര്‍ന്നാണ്.
ഇവിടേക്കുള്ള കോണ്‍ക്രീറ്റ് റോഡും തകന്നനിലയിലാണ്. തീരദേശവികസന കോര്‍പറേഷന്റെ സഹായത്തോടെയായിരുന്നു ഫിഷ് ലാൻഡിങ് സെന്റർ നിര്‍മാണം. പദ്ധതിക്കായി വൻതുക ചെലവഴിച്ചത് കണക്കില്‍ മാത്രമാണെന്ന് അന്നുതന്നെ മത്സ്യത്തൊഴിലാളികള്‍ ആരോപണമുന്നയിച്ചിരുന്നു. ഇതു ശരിവെക്കുന്നതായിരുന്നു സെന്ററിന്റെ പൂര്‍ണരൂപത്തിലുള്ള തകര്‍ച്ച.
വിജിലന്‍സ് ഈ സംഭവത്തില്‍ അന്വേഷണം ആരംഭിക്കുകയും വിജിലന്‍സ് ഡി.ജി.പിയായിരുന്ന ജേക്കബ് തോമസ് സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാൽ, തുടർനടപടികൾ എങ്ങുമെത്തിയില്ല. വിജിലൻസ് അന്വേഷണം കാര്യക്ഷമമാക്കി അഴിമതി നടത്തിയവരെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് ജനപ്രതിനിധികൾ നിരവധി തവണ പരാതിയും നൽകി. എന്നാൽ, അധികൃതർ മൗനം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.