ആറ്റിങ്ങൽ: ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലം നിലനിർത്താൻ യു.ഡി.എഫിനുവേണ്ടി സിറ്റിങ് എം.പി അടൂർ പ്രകാശ്. സ്ഥാനാർഥിത്വം മുൻകൂട്ടി ഉറപ്പിക്കുകയും പ്രചാരണം ആരംഭിക്കുകയും ചെയ്തെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വൈകി. വെള്ളിയാഴ്ച വൈകീട്ടോടെയാണ് യു.ഡി.എഫ് സ്ഥാനാർഥികളുടെ ഔദ്യോഗിക പ്രഖ്യാപനം വന്നത്. എന്നാലിത് പ്രചാരണത്തെ ബാധിച്ചിട്ടില്ല. ഇതിനകം എൽ.ഡി.എഫിനും ബി.ജെ.പിക്കും ഒപ്പം യു.ഡി.എഫും പ്രചാരണരംഗത്ത് ഏറെ മുന്നിലാണ്. ഇടത് കോട്ടയെന്ന് അറിയപ്പെട്ടിരുന്ന മണ്ഡലത്തിൽ കഴിഞ്ഞതവണ 38247 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തിലാണ് അടൂർ പ്രകാശ് അട്ടിമറിവിജയം നേടിയത്. അതേ സ്ഥാനാർഥിയെ വീണ്ടും രംഗത്തിറക്കി വിജയം ലക്ഷ്യമാക്കുകയാണ് യു.ഡി.എഫ്.
മണ്ഡലത്തിലെ രാഷ്ട്രീയ അടിത്തറകൾക്കപ്പുറം വ്യക്തിബന്ധത്തിലൂടെയും സൗഹാർദങ്ങളിലൂടെയും കൂടുതൽ വോട്ട് നേടാൻ അടൂർ പ്രകാശിന് മുൻ തെരഞ്ഞെടുപ്പിൽ കഴിഞ്ഞിട്ടുണ്ട്. അത് ഇത്തവണയും ആവർത്തിക്കുമെന്നാണ് സ്ഥാനാർഥിയുടെ ആത്മവിശ്വാസം. യു.ഡി.എഫ് സർക്കാറിൽ റവന്യൂമന്ത്രി ആയിരിക്കുന്ന കാലം മുതൽ മണ്ഡലത്തിൽ ശ്രദ്ധ ചെലുത്തിയിരുന്നു.
ഇതെല്ലാം തെരഞ്ഞെടുപ്പുകളിൽ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. എം.പി എന്ന നിലയിൽ നടത്തിയ ഇടപെടലുകളും വികസന പ്രവർത്തനങ്ങളും മുൻനിർത്തിയാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. ആറ്റിങ്ങൽ ബൈപാസ്, നാവായിക്കുളം ഇ.എസ്.ഐ ആശുപത്രി എന്നിവ ഇതിൽ ഉൾപ്പെടും. മണ്ഡലത്തിലുടനീളം മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചതിന്റെ ഉദ്ഘാടനം ഓരോ ദിവസവും നടക്കുകയാണ്. മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർക്കും ആവേശം പകർന്ന നേതാവാണ് അടൂർ പ്രകാശ്. പ്രചാരണപ്രവർത്തനങ്ങളിലും ഇത് പ്രകടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.