ആറ്റിങ്ങൽ: വക്കം സ്വദേശിയായ വിദ്യാർഥി ചെന്നൈയിലെ ബീച്ചിൽ മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം. വക്കം കാളിക്കവിളാകത്ത് ജമാലുദ്ദീൻ -സബീന ദമ്പതികളുടെ മകൻ ഷഹിൻ ഷാ (20) ആണ് ജനുവരി രണ്ടിന് മരിച്ചത്. മരണത്തിൽ കോളജ് അധികൃതരുടെയും സുഹൃത്തുക്കളുടെയും പങ്ക് അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
ചെന്നൈ ഗുരുനാനാക് കോളജിലെ ബി.എ ഡിഫൻസ് ഒന്നാം വർഷ വിദ്യാർഥിയായ ഷഹിൻഷായെ ചെന്നൈ താഴാർകുപ്പം ബീച്ചിലാണ് മരിച്ചനിലയിൽ മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയത്. കോളജ് അവധിയായിരുന്ന ദിവസം സുഹൃത്തുക്കൾക്കൊപ്പം ഷഹിൻഷാ സഹപാഠിയുടെ വീട്ടിൽ പോയിരുന്നുവത്രെ. അതിനുശേഷം ഉച്ചക്ക് ഒന്നരയോടെ ബീച്ചിൽ മരിച്ച നിലയിൽ കാണപ്പെട്ടെന്ന് മൂന്ന് മണിയോടെ ഷഹിൻഷായുടെ ഫോണിൽനിന്ന് ബന്ധുക്കളെ വിളിച്ചറിയിക്കുകയായിരുന്നു. അതേസമയം, ഉച്ചക്ക് ഒന്നരക്ക് മരിച്ചെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഷാഹീൻ ഷായുടെ ഫോൺ വൈകീട്ട് നാലരവരെ ഓൺലൈനിൽ സജീവമായിരുന്നു.
ഫോണിൽനിന്നും ഷഹീൻഷയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽനിന്നും നിരവധി വിവരങ്ങൾ മായ്ച്ച് കളഞ്ഞതായും പിന്നീട് വ്യക്തമായി. സംഭവദിവസത്തെ മുഴുവൻ ഫോട്ടോകളും കാൾ വിവരങ്ങളും ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഷാഹീൻഷായുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പറയുന്ന വിവരങ്ങൾ സംശയം വർധിക്കുന്നെന്ന് ബന്ധുക്കൾ പറയുന്നു. പരസ്പര വിരുദ്ധമായ വിവരങ്ങളാണ് ഇതിനകം ലഭിച്ചിട്ടുള്ളത്. കോളജ് അധികൃതരുടെ ഭാഗത്തും വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ഷഹിൻഷായുടെ കുടുംബം ആരോപിക്കുന്നു.
സുഹൃത്തിന്റെ വീട്ടിൽ നടന്ന സംഭവങ്ങളിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. വിശദ അന്വേഷണം ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രിക്കും ജില്ല കലക്ടർക്കും ഷഹിൻഷയുടെ മാതാവ് സബീന പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.