തിരുവനന്തപുരം: ബീമാപള്ളി ദർഗ ഷെരീഫിലെ ഉറൂസിന് തുടക്കം. ജവഹർ പള്ളി ഇമാം നിസ്താർ മൗലവിയുടെ കാർമികത്വത്തിൽ നടത്തിയ പ്രാർഥനക്കും പട്ടണ പ്രദക്ഷിണത്തിനും ശേഷമാണ് കൊടിയേറ്റ ചടങ്ങുകൾ ആരംഭിച്ചത്.
അതിന് മുന്നോടിയായി പള്ളി അങ്കണത്തിൽ നിന്ന് പുറപ്പെട്ട പ്രദക്ഷിണം ബീമാപള്ളി, ജോനക പൂന്തുറ, മാണിക്യ വിളാകം വഴി ബീമാപള്ളിയിൽ തിരിച്ചെത്തി. ബീമാപള്ളി ചീഫ് ഇമാം നജ്മുദ്ദീൻ പൂക്കോയ തങ്ങളുടെ കാർമികത്വത്തിൽ നടത്തിയ പ്രാർഥനക്കുശേഷം ജമാഅത്ത് പ്രസിഡന്റ് മാഹീൻ മിനാരങ്ങളിൽ പതാക ഉയർത്തി.
ശനിയാഴ്ച മുതൽ 24 വരെ ആത്മീയ വിഷയങ്ങളിൽ മതപണ്ഡിതർ പ്രഭാഷണം നടത്തും. 25ന് പുലർച്ച ഒന്നിന് തൈക്കാപ്പള്ളി ഇമാം ഹൈദർ അലി സൈനിയുടെ കാർമികത്വത്തിൽ പ്രാർഥന. തുടർന്ന്, പട്ടണപ്രദക്ഷിണം.
രാവിലെ ആറിന് നേർച്ച വിതരണത്തോടെ ഉറൂസിന് സമാപനമാകും. ഉറൂസ് ഉത്സവ ദിവസങ്ങളിൽ വിവിധ ഡിപ്പോകളിൽ നിന്ന് കെ.എസ്.ആർ.ടി.സി പ്രത്യേക സർവിസുകൾ നടത്തുന്നുണ്ട്.
കൊടിയേറ്റ് ചടങ്ങുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച നഗരത്തിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിരുന്നു. ക്രമസമാധാനമുറപ്പാക്കാൻ സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ എയ്ഡ് പോസ്റ്റും പട്രോളിങ്ങും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.