തിരുവനന്തപുരം: പൊതുജനങ്ങളും കോർപറേഷനും തള്ളിയ മാലിന്യങ്ങൾക്ക് സമീപം മത്സ്യഭവന്റെ ഒറ്റമുറി കെട്ടിടത്തിൽ ദുരിതം അനുഭവിക്കേണ്ടിവന്ന ബീമാപള്ളിയിലെ കുരുന്നുകൾക്ക് ഇനി മൂക്കുപൊത്താതെ പഠിക്കാം. ജില്ല ലീഗൽ സർവിസസ് അതോറിറ്റിയുടെ (ടി.ഡി.എൽ.എസ്.എ) മേൽനോട്ടത്തിൽ മാലിന്യം നീക്കംചെയ്തും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും ബീമാപള്ളി നഴ്സറി സ്കൂൾ തിങ്കളാഴ്ച തുറന്നു. ടി.ഡി.എൽ.എസ്.എ സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജുമായ എസ്. ഷംനാദ് ക്ലാസുകളിലേക്ക് മടങ്ങിയെത്തിയ വിദ്യാർഥികളെ മധുരം നൽകി സ്വീകരിച്ചു. തിരുവനന്തപുരം ഡെപ്യൂട്ടി കലക്ടർ ജി. ശ്രീകുമാർ, പൂന്തുറ എസ്.ഐ ജയപ്രകാശ്, കോർപറേഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രവേശനോത്സവത്തിൽ പങ്കുചേർന്നു. ചൊവ്വാഴ്ച ക്ലാസുകൾ പുനരാരംഭിക്കും.
കോർപറേഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന നഴ്സറി സ്കൂൾ അടിസ്ഥാന സൗകര്യങ്ങളില്ലാതെ നട്ടംതിരിയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ബീമാപള്ളിയിൽ മത്സ്യഭവന്റെ മറ്റ് രണ്ട് ഓഫിസുകൾക്ക് നടുവിൽ ഒറ്റമുറിയിലാണ് 30ഓളം കുട്ടികളുമായി സ്ഥാപനം പ്രവർത്തിച്ചിരുന്നത്. സ്കൂളിന് സമീപത്തെ മാലിന്യനിക്ഷേപം പലർക്കും അസുഖബാധയുണ്ടാക്കിയതോടെ കുട്ടികളിൽ നല്ലൊരു ശതമാനം കൊഴിഞ്ഞുപോകുകയും സ്കൂൾ അടച്ചുപൂട്ടലിന്റെ വക്കിലെത്തുകയുമായിരുന്നു.
കടലോരമേഖലയിലെ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന സ്കൂളിന്റെ ശോച്യാവസ്ഥ ‘മാധ്യമ’മാണ് പുറത്തുകൊണ്ടുവന്നത്. വാർത്തക്ക് പിന്നാലെ ജില്ല ലീഗൽ സർവിസസ് അതോറിറ്റിയും മനുഷ്യാവകാശ കമീഷനും ഇടപെടുകയും ആകാശവാണിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ മാലിന്യം അടിയന്തരമായി നീക്കംചെയ്യാൻ കോർപറേഷനോട് നിർദേശിക്കുകയും ചെയ്തു.
കളിസ്ഥലമില്ലാതിരുന്ന കുട്ടികൾക്കായി കെട്ടിടത്തിന്റെ മുകൾ വശം നവീകരിച്ച് തുറന്നുകൊടുക്കണമെന്ന് എസ്. ഷംനാദ് ഉത്തരവിട്ടു. ഇതും കോർപറേഷന്റെ നേതൃത്വത്തിൽ നവീകരിച്ചു. സ്കൂളിലേക്ക് പഠന സാമഗ്രികളും കളിക്കോപ്പുകളും ഒരുക്കാൻ കോർപറേഷനോടും ചൈൽഡ് ഡെവലപ്മെന്റ് പ്രോഗ്രാം ഓഫിസറോടും നിർദേശിച്ചു. ഇതുസംബന്ധിച്ച് മാർച്ച് 22നുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ തിങ്കളാഴ്ച ചേർന്ന യോഗം നിർദേശിച്ചു. ഭാവിയിൽ സ്കൂൾ പരിസരത്ത് മാലിന്യം തള്ളാതിരിക്കാൻ സി.സി ടി.വി കാമറകൾ സ്ഥാപിക്കാൻ ആകാശവാണിക്കും മാലിന്യം തള്ളുന്നവരെ പിടികൂടുന്നതിന് രാത്രികാല പട്രോളിങ് ശക്തമാക്കാൻ പൂന്തുറ എസ്.എച്ച്.ഒക്കും നിർദേശം നൽകി. മാലിന്യനിക്ഷേപവുമായി ബന്ധപ്പെട്ട് ഏപ്രിൽ എട്ടിന് പ്രദേശവാസികളുടെ യോഗം വിളിക്കണമെന്ന് ബീമാപ്പള്ളി മുസ്ലിം ജമാഅത്ത് അധികാരികളോട് എസ്. ഷംനാദ് നിർദേശിച്ചു. കുട്ടികളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് മത്സ്യഭവന്റെ രണ്ട് ഓഫിസുകൾ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുന്നതുസംബന്ധിച്ച് പരിശോധിക്കാൻ ഫിഷറീസ് ഡയറക്ടർക്കും നിർദേശം നൽകി.
വീണ്ടും പുഞ്ചിരി...
അഞ്ചുമാസത്തിനുശേഷം ബീമാപള്ളി നഴ്സറി സ്കൂളിലെത്തിയ വിദ്യാര്ഥികള്ക്ക് പാഠം പറഞ്ഞുകൊടുക്കുന്ന അധ്യാപിക സജീന -അരവിന്ദ് ലെനിൻ
പഠനം നിഷേധിച്ചത് അഞ്ചുമാസം
തിരുവനന്തപുരം: കെട്ടിട നവീകരണത്തിന്റെ പേരിൽ ബീമാപള്ളിയിലെ നഴ്സറി സ്കൂൾ അടച്ചുപൂട്ടാനായിരുന്നു രാഷ്ട്രീയനീക്കം. ഇതിന്റെ ഭാഗമായി അഞ്ചുമാസമാണ് കോർപറേഷൻ ഭരണഘടന ഉറപ്പുനൽകുന്ന സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ബീമാപള്ളിയിലെ കുട്ടികൾക്ക് നിഷേധിച്ചത്.
കെട്ടിട നവീകരണത്തിന്റെ മറവിൽ കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ ക്ലാസ് മുറിക്ക് പകരം മത്സ്യഭവന്റെ ഒന്നാംനില ആദ്യം നവീകരീക്കണമെന്നും പണി പൂർത്തിയായ ശേഷം ഇവിടേക്ക് കുട്ടികളെ മാറ്റിയശേഷം താഴത്തെ നിലയിലെ ക്ലാസ് മുറി നവീകരിക്കണമെന്നുമെന്നുമായിരുന്നു ജില്ല ലീഗൽ സർവിസസ് അതോറിറ്റിയുടെ ഉത്തരവ്. ക്ലാസ് മുറി നവീരണം പൂർത്തിയാകുന്നതുവരെ ഒന്നാംനില താൽക്കാലിക ക്ലാസ് മുറിയായി ഉപയോഗിക്കണമെന്നും നിർദേശം നൽകിയിരുന്നു.
ഉത്തരവിന് പിന്നാലെ കോർപറേഷൻ അധികാരികളുടെ പിടിപ്പുകേടിനെതിരെ ജില്ല ലീഗൽ സർവിസസ് അതോറിറ്റിക്ക് മുന്നിൽ മൊഴി നൽകിയ സ്കൂൾ അധ്യാപികയെ കോർപറേഷൻ സസ്പെൻഡ് ചെയ്തു. പിന്നാലെ സ്കൂളിലെ രണ്ട് ആയമാരെ സ്ഥലംമാറ്റി. തുടർന്ന് ഒക്ടോബർ 13ന് സ്കൂൾ അടച്ചുപൂട്ടി. കുട്ടികൾക്ക് പഠനം തുടരാൻ താൽക്കാലിക സംവിധാനംപോലും ഒരുക്കാതെയായിരുന്നു നടപടി.
ബീമാപള്ളിയിലെ ചോദിക്കാനും പറയാനും ആരുമില്ലാത്തവുടെ ശബ്ദമായി ജില്ല ലീഗൽ സർവിസസ് അതോറിറ്റിയും നാവായി സീനിയർ സിവിൽ ജഡ്ജ് എസ്. ഷംനാദും നടത്തിയ ഇടപെടലുകളാണ് അടച്ചുപൂട്ടലിന്റെ വക്കിൽനിന്ന് നഴ്സറി സ്കൂളിന് പുതുജീവൻ നൽകിയത്.
‘മാധ്യമം’ വാർത്തയുടെ തുടർന്ന് സെപ്റ്റംബറിൽ സ്കൂൾ സന്ദർശിച്ച അതോറിറ്റി അധികൃതർ കണ്ടത് സാക്ഷര കേരളത്തെ നാണിപ്പിക്കുന്ന കാഴ്ചയായിരുന്നു. കുട്ടികൾക്ക് ഇരിക്കാൻ സൗകര്യമുണ്ടെന്നതൊഴിച്ചാൽ പഠനത്തിനാവശ്യത്തിനുള്ള മറ്റൊന്നും ഉണ്ടായിരുന്നില്ല. മാലിന്യം തള്ളിയതിനെത്തുടർന്ന് ക്ലാസ് നിറയെ ഈച്ചയുടെയും ഒച്ചിന്റെയും ശല്യം. ദുർഗന്ധംകൊണ്ട് ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുന്ന കുരുന്നുകൾ. കളിക്കോപ്പുകളോ കുടിവെള്ളമോ ശൗചാലയമോ ഇല്ല. മത്സ്യഭവനിലെ ജീവനക്കാർക്ക് അനുവദിച്ച ശൗചാലയമാണ് കുട്ടികളും ഉപയോഗിച്ചത്.
സ്കൂളിൽ വെള്ളമില്ലാത്തതിനാൽ കുട്ടികൾക്ക് ശൗചാലയത്തിൽ പോകണമെങ്കിൽ ആയമാരോ അധ്യാപികയോ പുറത്തുനിന്ന് വെള്ളം എത്തിക്കണം. സ്കൂൾ അടിയന്തരമായി പൊളിച്ചുപണിയണമെന്നും മാലിന്യം നീക്കണമെന്നും എസ്. ഷംനാദ് കോർപറേഷനോട് നിർദേശിച്ചു. ഇതോടെ ആകാശവാണിയുടെ 45 ഏക്കറിലെ 26 ടൺ മാലിന്യമാണ് കോർപറേഷൻ നീക്കംചെയ്തത്. ഇതോടെ കുട്ടികൾക്കൊപ്പം പ്രദേശവാസികളും ടി.ഡി.എൽ.എസ്.എക്ക് നന്ദി അറിയിച്ചു. മറ്റൊരു കുടുസുമുറിയിലേക്ക് നഴ്സറി മാറ്റാനുള്ള രാഷ്ട്രീയശ്രമങ്ങളും ടി.ഡി.എൽ.എസ്.എ തകർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.