തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി പടർന്നത് അസുഖം ബാധിച്ച പക്ഷികളുടെ വിൽപന, സ്ഥലംമാറ്റം എന്നിവ വഴി ആകാമെന്ന് റിപ്പോർട്ട്. പക്ഷിപ്പനി ബാധിച്ച് ചത്ത പക്ഷികളുടെ അവശിഷ്ടങ്ങളും തീറ്റയും കാഷ്ഠവുമുൾപ്പെടെ മറ്റു വസ്തുക്കളും ശാസ്ത്രീയമായി സംസ്കരിക്കാത്തത് മൂലം അവയിൽനിന്ന് മറ്റു പറവകളിലേക്ക് വ്യാപിച്ചിട്ടുണ്ട്.
ഇങ്ങനെ അസുഖം ബാധിച്ച പറവകളിൽ നിന്നും വേഗത്തിൽ മറ്റിടങ്ങളിലേക്ക് വ്യാപിക്കുകയാണ് ഉണ്ടായതെന്നും സർക്കാറിന് സമർപ്പിച്ച മൃഗസംരക്ഷണ വകുപ്പിന്റെ പഠനറിപ്പോർട്ട് വ്യക്തമാക്കുന്നു.
ആലപ്പുഴ ജില്ലയിലെ ചേർത്തലയിലെയും തണ്ണീർമുക്കത്തും ബ്രോയിലർ ഇന്റഗ്രേഷൻ ഫാമുകളിലെ സൂപ്പർവൈസർമാരുടെ അനിയന്ത്രിതമായ സഞ്ചാരവും അസുഖം പടരുന്നതിന് കാരണമായി. ഇവർ എല്ലാ ദിവസവും ഫാമുകൾ സന്ദർശിക്കാറുണ്ടായിരുന്നു. മരുന്നുകൾ വിതരണം ചെയ്യുന്നതിനും അസുഖം ബാധിച്ച പക്ഷികളുടെ ചികിത്സ സംബന്ധമായും രണ്ടാഴ്ച കൂടുമ്പോൾ ഇത്തരം ഇന്റഗ്രേഷൻ ഫാമുകൾ സന്ദർശിക്കാറുണ്ടായിരുന്നു.
ഇത്തരം ബ്രോയിലർ ഫാമുകളിൽ രോഗം ബാധിച്ച കാക്കകൾ മുഖേനയും അസുഖം പടർന്നിരിക്കാൻ സാധ്യതയുണ്ട്. ഇന്റഗ്രേഷൻ ഫാമുകളിൽ അസുഖം ഉണ്ടായ വിവരം മൃഗാശു പത്രികളിൽ അറിയിക്കാൻ വൈകിയതിനാൽ പ്രതിരോധ നിയന്ത്രണ നടപടികൾ കൈക്കൊള്ളുന്നതിന് കാലതാമസമുണ്ടാവുകയും അസുഖം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതിനു കാരണമാവുകയും ചെയ്തു.
സംസ്ഥാനത്തിന് പുറത്തുനിന്നും കൊണ്ടുവരുന്ന കോഴിക്കുഞ്ഞുങ്ങളിലും മുട്ടയിലും രോഗബാധ കണ്ടെത്തിയില്ല. ഇവിടെ നിലവിൽ ഉണ്ടായിരുന്ന വളർച്ചയെത്തിയ പക്ഷികളെയാണ് ആദ്യം രോഗം ബാധിച്ചത്.
അതിനാൽ സംസ്ഥാനത്തിന് പുറത്തുനിന്നും രോഗബാധ ഉണ്ടായതായി അനുമാനിക്കാൻ കഴിയില്ല. വനങ്ങളിലെ വൈറസ് സാന്നിധ്യമുള്ള പക്ഷികളിൽനിന്നും താറാവുകളിലേക്കും മറ്റു കോഴി വളർത്തൽ കേന്ദ്രങ്ങളിലേക്കും പടർന്നിരിക്കാനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.