തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ആദിവാസി ഊരുകളിലെ പെൺകുട്ടികളെ കഞ്ചാവ് സംഘങ്ങള്‍ പ്രണയക്കുരുക്കിലാക്കി ആത്മഹത്യയിലേക്ക് തള്ളിവിടുന്നെന്ന് രക്ഷാകർത്താക്കളുടെ ആക്ഷേപം. പെരിങ്ങമ്മല, വിതുര ആദിവാസി ഊരുകളിൽ അഞ്ച് മാസത്തിനിടെ, ആത്മഹത്യ ചെയ്തത് അഞ്ച് പെൺകുട്ടികളാണ്. ലഹരി സംഘങ്ങളെ നേരിടാൻ പൊലീസും എക്സൈസും നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
പഠനത്തിലും കലാപ്രവർത്തനങ്ങളിലും മിടുക്കിയായിരുന്ന ഒരു പെണ്‍കുട്ടിക്ക് കോളജിൽ ഡിഗ്രിക്ക് പ്രവേശനം കിട്ടി. നവംബർ ഒന്നിന് കോളജിലേക്ക് പോകേണ്ട ദിവസം പിതാവ് കണ്ടത് ചേതനയറ്റ മകളെയാണ്. പൊലീസ് ഉദ്യോഗസ്ഥയാകണമെന്ന ആഗ്രഹത്തിലായിരുന്നു ആ പെൺകുട്ടി.
താനൊരു ചതിക്കുഴിയിൽപെട്ടിരിക്കുകയാണെന്ന വിവരം മകള്‍ പിതാവിനോട് പറഞ്ഞിരുന്നു. പോസ്റ്റ്മോർട്ടത്തിൽ പെൺകുട്ടി ലൈംഗിക ചൂഷണത്തിനിരയായെന്ന് കണ്ടെത്തി. പ്രതികളെ ചൂണ്ടിക്കാട്ടിയിട്ടും പാലോട് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തില്ല. മാധ്യമങ്ങള്‍ വിവരങ്ങള്‍ അന്വേഷിക്കാൻ തുടങ്ങിയതിനു പിന്നാലെ, സുഹൃത്തായ യുവാവിനെ രണ്ടു ദിവസം മുമ്പാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് സമാനമായ അനുഭവമാണ് മറ്റ് പല പെൺകുട്ടികളുടേതും.
മറ്റൊരു ഊരിലെ പെൺകുട്ടി സമാന സാഹചര്യത്തിൽ ആത്മഹത്യ ചെയ്തത് കഴിഞ്ഞ നവംബറിലാണ്. നവംബർ 21ന് പുലർച്ച പണിക്ക് പോകാനിറങ്ങിയ പിതാവ് കണ്ടത് ആത്മഹത്യ ചെയ്ത മകളെയായിരുന്നു. രണ്ടു മാസത്തിനു ശേഷമാണ് പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതേ ഊരിലെ മറ്റൊരു 19 കാരിയും ജീവനൊടുക്കിയത് കഴിഞ്ഞ നവംബറിലാണ്.
അഗ്രിഫാമിൽ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനം ഉപയോഗിച്ചാണ് മകളെ മാതാവ് ടി.ടി.സി വരെ പഠിപ്പിച്ചത്. മകള്‍ക്കൊരു പ്രണയമുണ്ടായിരുന്നെന്നുമാത്രം ഈ മാതാവിനറിയാമായിരുന്നു. എന്നാൽ, ഈ മരണത്തിനു പിന്നിലുള്ള ആരെയും പൊലീസ് ഇതുവരെ പിടികൂടിയിട്ടില്ല.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് വിതുരക്ക് സമീപമുള്ള ഊരിലെ രണ്ടു പെണ്‍കുട്ടികൾ ആത്മഹത്യ ചെയ്തത്. മറ്റ് പെൺകുട്ടികളെ രക്ഷിക്കാനെങ്കിലും അധികൃതരുടെ ഇടപെടലുണ്ടാകണമെന്നാണ് അവരുടെ ആവശ്യം. വിഷയം ശ്രദ്ധയിൽപെട്ടെന്നും തിരുവനന്തപുരത്തെത്തിയ ശേഷം കാര്യങ്ങൾ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി കെ. രാധാകൃഷ്ണൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.