തിരുവനന്തപുരം: ക്രിസ്മസ് -പുതുവത്സര സീസൺ കണക്കിലെടുത്ത് ആകാശക്കൊള്ളക്ക് വിമാനക്കമ്പനികൾ. പതിവുപോലെ ഇക്കുറിയും നിരക്കുകൾ ഇരട്ടിയിലേറെ വർധിപ്പിച്ചാണ് വിമാനയാത്രക്കാരുടെ പോക്കറ്റ് കീറുന്നത്. തിരുവനന്തപുരത്തുനിന്ന് ഒട്ടുമിക്ക സെക്ടറുകളിലേക്കുമുള്ള നിരക്കുകൾ ഉയർന്നിട്ടുണ്ട്. 10000-12000 രൂപയായിരുന്ന തിരുവനന്തപുരം -ദുബൈ നേരിട്ടുള്ള ടിക്കറ്റ് നിരക്ക് ഡിസംബർ 30ന് 33000 രൂപയാണ്.
കൊച്ചിയിൽനിന്ന് ദുബൈയിലേക്ക് നേരിട്ടുള്ള വിമാനനിരക്ക് ഡിസംബർ 30ന് 37500 രൂപയാണ്. നേരത്തേ 11000-12000 രൂപയായിരുന്നു. അധിക സ്റ്റോപ്പും സമയക്കൂടുതലുമുള്ള സർവിസുകൾക്ക് അൽപം കൂടി കുറയുമെന്നു മാത്രം. ഡിസംബർ 25, 26 ഉൾപ്പെടെയുള്ള തീയതികളിൽ ടിക്കറ്റ് നിരക്ക് ഏറെ കൂടുതലാണ്.
ആഭ്യന്തര വിമാനത്താവളങ്ങളിലേക്കുള്ള നിരക്കും കുതിച്ചുയർന്നിട്ടുണ്ട്. ഡൽഹിയിൽനിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ടുള്ള ഫ്ലൈറ്റിന് 17000-18000 രൂപയാണിപ്പോൾ. ഡൽഹിയിൽനിന്ന് കൊച്ചിയിലേക്ക് നേരിട്ട് 10 വിമാനങ്ങളാണുള്ളത്. യാത്രക്കാർ ഏറെയുള്ള തിരുവനന്തപുരത്തേക്കാകട്ടെ അഞ്ചെണ്ണം മാത്രവും. വിമാനങ്ങളുടെ എണ്ണം കുറവും യാത്രക്കാരുടെ എണ്ണവും ആവശ്യകതയും കൂടുന്നതുമാണ് വിമാനയാത്ര നിരക്ക് ഉയരാൻ കാരണം.
ലാൻഡിങ് ചാർജ് കുറച്ച് കൂടുതൽ വിമാനങ്ങളെ ഇങ്ങോട്ടേക്കെത്തിക്കാൻ നടത്തിപ്പുകാരും ശ്രമിക്കുന്നില്ല. ലാൻഡിങ് ചാർജ് കുറയുമെന്നതിനാൽ ചെറിയ വിമാനങ്ങളെയാണ് ആഭ്യന്തര സർവിസുകൾക്കായി വിമാനക്കമ്പനികൾ ഉപയോഗിക്കുന്നത്. ഇവയിൽ ഉൾക്കൊള്ളാവുന്ന യാത്രക്കാരുടെ എണ്ണം താരതമ്യേന കുറയുമെന്നതിനാൽ ആവശ്യകതയും വീണ്ടും ഉയരും, ആനുപാതികമായി നിരക്കും.
ടിക്കറ്റ് നിരക്കിൽ നിയന്ത്രണം വരുത്തണമെന്നും കൂടുതൽ സർവിസുകൾ ആരംഭിക്കണമെന്നുമുള്ള ആവശ്യം ഏറെക്കാലമായി ഉയരുന്നുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള നിരക്കുകളിലും വർധനയുണ്ട്.
ട്രെയിനുകളുടെ കുറവും ഉള്ളവയിൽ ടിക്കറ്റ് കിട്ടാനുള്ള പ്രയാസവും യാത്രസമയവും വൈകലുമെല്ലാം കണക്കിലെടുത്താണ് വിമാനയാത്ര തെരഞ്ഞെടുക്കുന്നത്. കൂടുതൽ ട്രെയിനുകൾ കേരളത്തിലേക്ക് അനുവദിക്കണമെന്ന ആവശ്യത്തോട് ഇതുവരെയും റെയിൽവേ മുഖം കൊടുത്തിട്ടില്ല. ഇതുവരെയും ക്രിസ്മസ് സ്പെഷലുകളും റെയിൽവേ പ്രഖ്യാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.