ആര്യനാട്: ആര്യനാട് പഞ്ചായത്തിലെ ഏഴ് വാർഡുകളിൽ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടിയുള്ള തേവിയാരുകുന്ന് ശുദ്ധജല പദ്ധതിയുടെ നിർമാണം നിലച്ചു. ശ്യാമപ്രസാദ് മുഖർജി നാഷനൽ അർബൺ മിഷൻ ഫണ്ട് മൂന്നരക്കോടി വിനിയോഗിച്ച് നിർമിക്കുന്ന തേവിയാരുകുന്ന് ശുദ്ധജല പദ്ധതിയുടെ ജോലികൾ മുടങ്ങിയിട്ട് അഞ്ചു മാസത്തിലേറെയായി.
പദ്ധതിയുടെ പണികൾ തടസ്സപ്പെടുന്നത് മൂന്നാം തവണയാണ്. കരാറുകാരന് പണം ലഭിക്കാത്തതിനെ തുടർന്നാണ് ഒടുവിൽ പണികൾ നിലച്ചതത്രെ. ചെയ്ത ജോലിയിൽ 20 ലക്ഷത്തോളം രൂപ കിട്ടാനുണ്ടെന്നും ഇതിൽ 10 ലക്ഷത്തോളം രൂപ നികുതി ഇനത്തിൽ ആണെന്നും കരാറുകാരൻ പറയുന്നു. ശുദ്ധജല പദ്ധതിക്കായി തേവിയാരുകുന്ന് ധർമശാസ്താ ക്ഷേത്രത്തിന് സമീപം കുന്നില്‍ നിർമിക്കുന്ന വാട്ടർ ടാങ്കിന്റെ ജോലികൾ അവസാനഘട്ടത്തിലേക്ക് എത്തി നില്‍ക്കുമ്പോഴായിരുന്നു ഇത്തരമൊരു അവസ്ഥ.
ഗാലറിയുടെ പണികൾ ഏകദേശം പൂർത്തിയായി. പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റെ 85 ശതമാനം ജോലികൾ കഴിഞ്ഞു. കിണറിന്റെ വശത്തെ കോൺക്രീറ്റ് ജോലികൾ പൂർത്തിയാകാനുണ്ട്. ഇതിനു മുകളിലാണ് പമ്പ് ഹൗസ് നിർമാണം. തേവിയാരുകുന്ന് ആറ്റുമുക്കിലാണ് കിണർ, പമ്പ് ഹൗസ് എന്നിവ നിർമിക്കുന്നത്. പണികൾ തടസ്സപ്പെട്ടതിനെ തുടർന്ന് ഇതിൽ സ്ഥാപിച്ചിരുന്ന ഇരുമ്പു കമ്പികൾ തുരുമ്പെടുത്ത് നശിക്കാനും സാധ്യതയുണ്ട്.
പമ്പ് ഹൗസിലേക്കുള്ള റോഡ് ഗതാഗത യോഗ്യമാക്കാത്തതും ചെയ്ത പണികള്‍ക്ക് പണം ലഭിക്കാത്തതും കാരണം രണ്ടാം തവണയാണ് പണികൾ നിർത്തി വെച്ചത്. പണികൾ ആരംഭിച്ചിട്ടും വാട്ടർ ടാങ്കിന്റെ അംഗീകരിച്ച പ്ലാൻ ലഭിക്കാത്തതിനെ തുടർന്നാണ് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് ജോലികൾ നിലച്ചത്. പഞ്ചായത്ത് കരാർ നൽകിയ വാപ്കോസ് കമ്പനിയിൽനിന്നാണ് നിലവിലെ കരാറുകാരൻ ജോലി ഏറ്റെടുത്തത്.
ആര്യനാട് പഞ്ചായത്തിലെ മീനാങ്കൽ, കീഴ്പാലൂർ, തേവിയാരുകുന്ന്, പൊട്ടൻചിറ, പറണ്ടോട്, പുറുത്തിപ്പാറ, വലിയകലുങ്ക് എന്നീ വാർഡുകളിലെ ശുദ്ധജലക്ഷാമത്തിന് പരിഹാരം കാണുന്നതിനാണ് പദ്ധതിയുടെ നിർമാണം. വേനല്‍ രൂക്ഷമാകും മുമ്പ് പദ്ധതി യാഥാർഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.