തിരുവനന്തപുരം: പത്തുവർഷത്തിനിടെ അമ്പതിലധികം പേരാണ് മുതലപ്പൊഴിയിൽ മരിച്ചത്. ഇവിടെ ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് പ്രഖ്യാപിച്ച സാൻഡ് ബൈപാസിങ് പദ്ധതി രണ്ടാം പിണറായി സർക്കാറിന്റെ കാലമായപ്പോഴേക്കും അട്ടിമറിച്ചു. പകരം കടലിലേക്ക് നീണ്ടുകിടക്കുന്ന വിധം ഗ്രോയിനുകൾ (ചെറു പുലിമുട്ടുകൾ) സ്ഥാപിക്കുമെന്നാണ് സർക്കാർ തീരുമാനം. പദ്ധതി കഴിഞ്ഞ മാസം ഉദ്ഘാടനം നടത്തുകയും ചെയ്തു.
മുതലപ്പൊഴി ചാലിൽ മണലും കല്ലും അടിഞ്ഞുകൂടി ആഴം കുറയുന്നതിനാൽ ബോട്ടുകൾ ഇടിച്ചുതകരുകയാണ് പതിവ്. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികളും പ്രദേശവാസികളും നിരവധി പ്രതിഷേധപരിപാടികൾ സംഘടിപ്പിച്ചു.
വിഴിഞ്ഞം തുറമുഖ നിർമാണത്തിനുള്ള കല്ലുകൾ സംഭരിക്കാൻ പെരുമാതുറ ഭാഗത്തെ വലിയ ബീച്ച് അദാനി ഗ്രൂപ്പിന് സർക്കാർ നൽകിയപ്പോൾ പകരം ചാലിലെ ആഴം വർധിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നായിരുന്നു കരാർ. എന്നാൽ, രണ്ട് മീറ്റർ ആഴം കൂട്ടിയാൽ പോരാ, 10 മീറ്റർ താഴ്ച വേണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
മുതലപ്പൊഴിയിലെ തീര ശോഷണത്തിന് പരിഹാരമായി തീരംവെക്കുന്ന തെക്കു വശത്ത് നിന്ന് തീരം നശിക്കുന്ന വടക്കുവശത്തേക്ക് മണൽ നിറക്കണമെന്ന് വിവിധ സർക്കാർ ഏജൻസികൾ നിർദേശിച്ചിരുന്നു. അതനുസരിച്ച് സാൻഡ് ബൈപാസിങ് നടത്തുമെന്ന് 2019 ൽ അന്നത്തെ ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ പ്രഖ്യാപിക്കുകയും ചെയ്തു. ഈ പദ്ധതിയാണ് രണ്ടാം പിണറായി സർക്കാറിന്റെ കാലമായപ്പോഴേക്കും അട്ടിമറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.