തിരുവനന്തപുരം: ജില്ലയിൽ റിപ്പബ്ലിക് ദിനാഘോഷം വർണാഭമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു. സ്കൂളുകളിലും ദേശീയ പതാക ഉയർത്തുകയും കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ദേശീയ പതാക ഉയർത്തി. മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തു. സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ വിവിധ സേനാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ പരേഡും നടന്നു. ഗവർണർ അഭിവാദ്യം സ്വീകരിച്ചു.
ഇന്ത്യൻ എയർഫോഴ്സ് സതേൺ എയർ കമാൻഡ് കമ്യൂണിക്കേഷൻ ഫ്ലൈറ്റ് സ്ക്വാഡ്രൺ ലീഡർ സെയ്ക് ഫറൂക് ആയിരുന്നു പരേഡ് കമാൻഡർ.നിയമസഭാങ്കണത്തിൽ സ്പീക്കർ എ.എൻ. ഷംസീർ ദേശീയ പതാക ഉയർത്തി. നിയമസഭാ സമുച്ചയത്തിലെ മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, ഡോ. ബി.ആർ. അംബേദ്കർ, കെ.ആർ. നാരായണൻ എന്നീ ദേശീയ നേതാക്കളുടെ പ്രതിമകളിൽ സ്പീക്കർ പുഷ്പാർച്ചന നടത്തി. കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികൾ ബാൻഡ് മേളം അവതരിപ്പിച്ചു.
പ്രായപൂർത്തിയായ പൗരന്മാർക്ക് ഇന്ത്യൻ ഭരണഘടന നൽകിയിട്ടുള്ള ഏറ്റവും വലിയ അധികാരമാണ് വോട്ടവകാശം എന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ പറഞ്ഞു. സെക്രട്ടറി ബി. സുരേന്ദ്രൻ പിള്ള, ജോയിന്റ് സെക്രട്ടറി പി.ജെ. ജയിംസ് തുടങ്ങിയവർ സംസാരിച്ചു.
പൊലീസ് ആസ്ഥാനത്ത് ധീരസ്മ്യതി ഭൂമിയിൽ ഐ.ജി ഹർഷിത അത്തല്ലൂരി പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് ദേശീയ പതാക ഉയർത്തി. സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. കേരളസർവകലാശാലയിൽ റജിസ്ട്രാർ പ്രഫ. ഡോ. കെ.എസ്. അനിൽ കുമാർ ദേശീയ പതാക ഉയർത്തി. പരീക്ഷാ കൺട്രോളർ പ്രഫ.ഡോ.എൻ.ഗോപകുമാർ, റിസർച്ച് ഡയറക്ടർ പ്രഫ. ഡോ.ആർ.ബി.ബിനോജ് കുമാർ എന്നിവർ പങ്കെടുത്തു.
കെ.പി.സി.സി ആസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ യു.ഡി.എഫ് കൺവീനർ എം.എം . ഹസൻ പതാക ഉയർത്തി. കെ.പി.സി.സി വൈസ് പ്രസിഡന്റ് എൻ. ശക്തൻ, ജനറൽ സെക്രട്ടറിമാരായ ടി.യു. രാധാകൃഷ്ണൻ, ജി.എസ്. ബാബു, ജി. സുബോധൻ, മരിയാപുരം ശ്രീകുമാർ, രാഷ്ട്രീയകാര്യ സമിതി അംഗം വി.എസ്. ശിവകുമാർ, ചെറിയാൻ ഫിലിപ്പ്, മുൻമന്ത്രി പന്തളം സുധാകരൻ എന്നിവർ പങ്കെടുത്തു.
ദേശീയ ബാലതരംഗം റിപ്പബ്ലിക് ദിന കുടുംബ സംഗമവും ഇരുപത്തിമൂന്നാം ജന്മവാർഷികവും ആഘോഷിച്ചു. ഗാന്ധിസ്മാരക നിധി ചെയർമാൻ ഡോ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾ 90 ദീപം തെളിയിച്ചു. ചെയർമാൻ ടി. ശരത്ചന്ദ്രപ്രസാദ്, ഗായകൻ പട്ടം സനിത്ത്, നടി പ്രിയങ്ക നായർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.