തിരുവനന്തപുരം: 2021 സെപ്റ്റംബർ 30 വരെ ജില്ലയിലെ ബാങ്കുകളിലെ നിക്ഷേപം 104182 കോടി രൂപയും വായ്പ 66975 കോടിയുമെന്ന് കണക്കുകൾ.
ബാങ്കുകളിലെത്തിയ നിക്ഷേപത്തിെൻറ 64 ശതമാനവും വായ്പയായി നൽകി. ഈ 64 ശതമാനത്തിൽ 40 ശതമാനവും മുൻഗണനാ മേഖലയിലാണ്.
കൃഷി, വിദ്യാഭ്യാസം, കയറ്റുമതി, ഭവനനിർമാണം, സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുന്നത്. 2021-2022 വർഷത്തിൽ ജില്ലയിലെ ബാങ്കുകൾ നൽകിയത് 6927 കോടിരൂപയുടെ മുൻഗണന വായ്പയാണ്. കാർഷിക മേഖലയിൽ 86 ശതമാനം വായ്പ ലക്ഷ്യം നേടി.
2021 ഏപ്രിലിൽ തുടങ്ങി 2022 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിനുള്ളിൽ ആകെ മുൻഗണന മേഖലയിൽ നൽകേണ്ട വായ്പ ലക്ഷ്യം 10777 കോടി രൂപയാണ്.
സെപ്റ്റംബർ 30 വരെയുള്ള ആദ്യ ആറ് മാസം കൊണ്ട് ആകെ വായ്പ ലക്ഷ്യം 64.27 ശതമാനം (6927 കോടി) പിന്നിട്ട സാഹചര്യത്തിൽ ശേഷിക്കുന്ന ആറ് മാസങ്ങൾ കൊണ്ട് തന്നെ മുൻഗണന മേഖലയിലെ ലക്ഷ്യം പൂർത്തിയാകുമെന്നാണ് വിലയിരുത്തൽ.
ലീഡ് ബാങ്കായ ഇന്ത്യൻ ഓവർസീസ് ബാങ്കിെൻറ (ഐ.ഒ.ബി) നേതൃത്വത്തിൽ നടന്ന ജില്ലതല ബാങ്കിങ് അവലോകനസമിതിയോഗം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.
സാമ്പത്തികമേഖലയിൽ വലിയ വഴിത്തിരിയുണ്ടാക്കാൻ ബാങ്കുകൾക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. എം.എസ്.എം.ഇ വായ്പകളും വിദ്യാഭ്യാസവായ്പകളും കൂടുതൽ നൽകാൻ ബാങ്കുകൾ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തിൽ അഡീഷനൽ ജില്ല മജിസ്ട്രേറ്റ് മുഹമ്മദ് സഫീർ അധ്യക്ഷതവഹിച്ചു. ജനങ്ങളുടെ പരാതികൾ വേഗത്തിൽ തീർപ്പാക്കാർ ബാങ്കുകൾ ശ്രമിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
യോഗത്തിൽ റിസർവ് ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ മുരളീകൃഷ്ണ ജില്ലയിലെ ബാങ്കുകളുടെ വായ്പാ വിതരണമുൾപ്പെടെയുള്ള പ്രവർത്തനം അവലോകനം ചെയ്തു. ഐ.ഒ.ബി ഡെപ്യൂട്ടി ജനറൽ മാനേജർ വി.എച്ച്. സുരേഷ്, ലീഡ് ജില്ല മാനേജർ ജി. ശ്രീനിവാസ പൈ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ബാങ്കിങ് സാക്ഷരതാ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു. ഗൂഗിൾ മീറ്റിലൂടെ ഓൺലൈനായാണ് അവലോകനസമിതി യോഗം ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.