തിരുവനന്തപുരം: ടാഗോർ തീയറ്ററിലെ എ.സി പുനഃസ്ഥാപിക്കാനായി തുക അനുവദിച്ചു. ഏറെ നാളുകളായി ടാഗോറിൽ എ.സി പ്രവർത്തിക്കാത്തതിനാൽ സൂര്യ ഫെസ്റ്റിവൽ ഉൾപ്പെടെ പല പരിപാടികളുടെയും വേദി മാറ്റിയിരുന്നു. ഇതു സംബന്ധിച്ച് ‘മാധ്യമം’ വാർത്ത നൽകിയതോടെയാണ് അറ്റകുറ്റപ്പണികൾക്ക് അനക്കംവെച്ചത്.
തീയറ്ററിന്റെ ചുമതലയുള്ള പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് വഴി എ.സി നവീകരണത്തിനായി 14 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതിന്റെ പ്രവർത്തനങ്ങൾക്ക് ടാഗോറിൽ തുടക്കമായി. രണ്ടാഴ്ചക്കകം പ്രവർത്തന സജ്ജമാകുമെന്നാണ് അധികൃതർ പറയുന്നത്. നവംബർ രണ്ടാം വാരത്തോടെ ടാഗോറിൽ വീണ്ടും പരിപാടികൾക്ക് തുടക്കമാകും.
ഡിസംബറിൽ ചലച്ചിത്രമേള ഉൾപ്പെടെ വരുന്നതിനെ തുടർന്നാണ് എ.സി പുനഃസ്ഥാപിക്കൽ വേഗത്തിലാക്കിയത്. ഫെസ്റ്റിവലിനു മുന്നോടിയായി തീർക്കാനുള്ള അറ്റകുറ്റപ്പണികൾ കൂടി പൂർത്തിയാക്കാനും ഉദ്ദേശമുണ്ട്.
ഒക്ടോബർ 2ന് ആരംഭിച്ച സൂര്യ ഫെസ്റ്റിവലിൽ പത്തു ദിവസത്തെ നൃത്തപരിപാടികളാണ് ടാഗോറിൽ നടത്താൻ തീരുമാനിച്ചിരുന്നത്. എ.സികൾ പ്രവർത്തിക്കാത്തതിനെ തുടർന്ന് പരിപാടി മറ്റിടങ്ങളിലേക്ക് മാറ്റി.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് അറ്റകുറ്റപ്പണി നടത്തിയ ശേഷം തീയറ്ററിലെ എയർകണ്ടിഷനുകളുടെ നവീകരണ ജോലികൾ നടത്തിയിരുന്നില്ല. പല സാംസ്കാരിക സംഘടനകളും ഇക്കാര്യം പലവട്ടം സർക്കാരിനെ അറിയിച്ചെങ്കിലും ഫണ്ടില്ലെന്ന പേരിൽ മെല്ലെപ്പോക്ക് തുടരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.