തിരുവനന്തപുരം: തുറന്ന കൂട്ടിലേക്ക് മാറ്റുന്നതിനിടെ മൃഗശാലയിൽനിന്ന് ചാടിപ്പോയ ഹനുമാൻകുരങ്ങിന് ഒടുവിൽ മോചനം. തിരുപ്പതിയിൽനിന്ന് കഴിഞ്ഞവർഷം കൊണ്ടുവന്ന ഹനുമാൻ കുരങ്ങുകളിൽ പെൺ ഹനുമാൻ കുരങ്ങിനെയാണ് ഞായറാഴ്ച സ്വതന്ത്രയാക്കിയത്. 2023 ജൂൺ 13ന് തുറന്ന കൂട്ടിലേക്ക് മാറ്റുന്നതിനിടയിലാണ് ചാടിപ്പോയത്. ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ ജൂലൈ ആറിന് വഴുതക്കാട് നിന്ന് പിടികൂടുകയായിരുന്നു.
അന്നുമുതൽ കൂട്ടിൽ അടച്ചിട്ട നിലയിൽ പരിപാലിക്കുകയായിരുന്നു. ഇതിനിടെ ഹരിയാനയിലെ റോഹ്തക് മൃഗശാലയിൽനിന്ന് ലഭിച്ച മൂന്ന് ഹനുമാൻകുരങ്ങുകളെ ഇക്കഴിഞ്ഞ ജൂലൈ 24ന് തുറന്ന കൂട്ടിലേക്ക് സ്വതന്ത്രരാക്കിയെങ്കിലും ചാടിപ്പോയ പെൺ കുരങ്ങിനെ മാത്രം തുറന്ന് വിട്ടിരുന്നില്ല. രണ്ട് വ്യത്യസ്ത ജീവിതസാഹചര്യങ്ങളിൽനിന്ന് വന്ന കുരങ്ങുകളായതിനാൽ അവക്ക് പരസ്പരം ആക്രമണസ്വഭാവം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പെൺകുരങ്ങിനെ മറ്റുള്ളവക്കൊപ്പം തുറന്നുവിടാതിരുന്നത്.
ഇവയെ തമ്മിൽ പരിചയപ്പെടുത്തുന്നതിന്റെയും ഇണക്കുന്നതിന്റെയും പ്രവർത്തനങ്ങൾ നടന്നുവരുകയായിരുന്നു. ഒടുവിൽ, അടിയന്തര സാഹചര്യത്തിൽ മയക്കുവെടി െവക്കാനുള്ള സംവിധാനം ഉൾപ്പെടെ തയാറെടുപ്പുകളോടെയും സുരക്ഷാ മുൻകരുതലുകളോടെയുമാണ് തുറന്ന കൂട്ടിലേക്ക് സ്വതന്ത്രയാക്കിയത്. വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ, ക്യൂറേറ്റർ സംഗീത, സൂപ്പർവൈസർമാരായ സജി, രാധാകൃഷ്ണൻ എന്നിവർ മേൽനോട്ടം വഹിച്ചു. കൂട് നിലവിൽ പൂർണ സുരക്ഷയുള്ളതാക്കിയിട്ടുണ്ടെന്നും കുരങ്ങുകളുടെ സ്വഭാവം, ആരോഗ്യം എന്നിവ നല്ല നിലയിലാണെന്നും മൃഗശാല അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.