തിരുവനന്തപുരം: മുതലപ്പൊഴി ഹാർബർ നാടിന് സമർപ്പിച്ചിട്ട് മൂന്നുവർഷം പിന്നിടുമ്പോഴും മത്സ്യത്തൊഴിലാളികൾക്കും യാനങ്ങൾക്കും സുരക്ഷയൊരുക്കാനാകാതെ സർക്കാർ. ജൂലൈ പത്തിനുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചതിനെ തുടർന്ന് അടിയന്തരമായി മണൽ നീക്കാൻ അദാനി ഗ്രൂപ്പിനോട് ആവശ്യപ്പെടുമെന്ന് മന്ത്രിമാർ ഉറപ്പുനൽകിയതാണ്. എന്നാൽ, മണൽനീക്കം ഉടനെയൊന്നും നടക്കില്ലെന്ന് ഉറപ്പായി.
മഴക്കാലം കഴിയാതെ ഡ്രെഡ്ജിങ് നടത്താനാവില്ലെന്ന് അദാനി ഗ്രൂപ്പും വ്യക്തമാക്കിയിട്ടുണ്ട്. കോടികൾ ചെലവാക്കി പണിത ഹാർബർ ഇനിയും സുരക്ഷിതമാക്കാനായില്ലെന്നത് സർക്കാറിന്റെ കഴിവുകേടാണെന്ന് മത്സ്യത്തൊഴിലാളികളും ആരോപിക്കുന്നു. ഈ വർഷം ഇതുവരെ ആറുപേർ ഇവിടെ മരിച്ചു. 2022 ൽ 12 പേരും.
അപകടാവസ്ഥ തീരുംവരെ കടലിൽപോകാൻ മുതലപ്പൊഴി ഉപയോഗിക്കരുതെന്നാണ് നിർദേശം. എന്നാൽ ഈ നിർദേശം അപ്രായോഗികമാണെന്നാണ് ഭൂരിഭാഗം പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെയും അഭിപ്രായം. ട്രോളിങ് നിരോധനം കാലമാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ മികച്ച സീസൺ. വ്യാഴാഴ്ച സർക്കാർ പ്രതിനിധിയുടെ സാന്നിദ്ധ്യത്തിൽ ചേരുന്ന മത്സ്യമേഖലയിലെ സംഘടനകളുടെ യോഗത്തിലും നിർദ്ദേശംത്തെ തള്ളിക്കളയുമെന്നാണ് മത്സ്യത്തൊഴിലാളികളുടെ നിലപാട്.
ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ മേൽനോട്ടത്തിൽ 40 കോടി രൂപ ചെലവിലാണ് മുതലപ്പൊഴി ഹാർബർ നിർമിച്ചത്. 2020 ജൂൺ മൂന്നിന് അന്നത്തെ തുറമുഖം -ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ നാടിന് സമർപ്പിച്ചു.
പദ്ധതി അതിനും മുമ്പേ പൂർത്തീകരിച്ചിരുന്നെങ്കിലും തുറമുഖ ചാനലിൽ മണ്ണ് അടിഞ്ഞതിനാൽ യാനങ്ങൾക്ക് സൗകര്യപ്രദമായി കരക്കെത്താൻ കഴിഞ്ഞിരുന്നില്ലെന്നാണ് അന്ന് സർക്കാർ അറിയിച്ചത്. പരിഹാരമായി അദാനി ഗ്രൂപ്പിനെക്കൊണ്ട് ചാനലിൽനിന്ന് മണൽ നീക്കം ചെയ്യാമെന്നും പകരം കല്ല് സംഭരിക്കാൻ ബീച്ച് വിട്ടുനൽകുമെന്നും ധാരണയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.