തിരുവനന്തപുരം: ജനകീയ ഹോട്ടലുകൾക്ക് സബ്സിഡി ഇനത്തിൽ നൽകാനുള്ള കുടിശ്ശിക തുക സർക്കാർ അനുവദിച്ചിട്ടും തിരുവനന്തപുരം ജില്ലയിൽ പണം വിതരണം ചെയ്യാതെ കുടുംബശ്രീ. 1,05,08,550 കോടിയാണ് പിടിച്ചുെവച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ കുടിശ്ശികവിതരണം അവസാനഘട്ടത്തിലെത്തുമ്പോഴും തിരുവനന്തപുരത്ത് ഹോട്ടൽ നടത്തിപ്പുകാരായ ഒരാളുടെ വിവരം പോലും കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ കോർപറേഷനും ജില്ല പഞ്ചായത്തിനും കൈമാറിയിട്ടില്ല. ഇതോടെ ഹോട്ടൽനടത്തിപ്പിന് ബാങ്കുകളിൽനിന്ന് ലക്ഷങ്ങൾ വായ്പയെടുത്ത വീട്ടമ്മമാർ നട്ടംതിരിയുകയാണ്. കുടുംബശ്രീ തുടർപ്രവർത്തനങ്ങൾക്കുള്ള തുകയിൽ പ്ലാൻ ഫണ്ട് ഇനത്തിൽ 39.37 കോടി ജനകീയ ഹോട്ടലുകളുടെ സബ്സിഡി കുടിശ്ശിക തീർക്കുന്നതിനും മറ്റ് പ്രവർത്തനങ്ങൾക്കുമായി ജൂൺ 14ന് അനുവദിച്ച് ഉത്തരവിറക്കി.
ജില്ലയിലെ ഹോട്ടൽ നടത്തിപ്പുകാർക്ക് 1,05,08,550 രൂപയാണ് അനുവദിച്ചത്. എന്നാൽ മറ്റ് 13 ജില്ലകളിലും നടത്തിപ്പുകാർക്ക് പണം ലഭിച്ചെങ്കിലും നാളിതുവരെ തലസ്ഥാനത്ത് തുക കൈമാറുന്നതിനുള്ള ഒരു പ്രാരംഭ പ്രവർത്തനങ്ങളും ജില്ല മിഷൻ കോഓഡിനേറ്ററുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പലർക്കും 10 ലക്ഷം രൂപയോളം ലഭിക്കാനുണ്ട്. നിരവധിതവണ ഓഫിസ് കയറിയിറങ്ങിയെങ്കിലും അനുകൂലമായ മറുപടിയുണ്ടായില്ലെന്നാണ് ആരോപണം. എന്നാൽ തുക വിതരണം ചെയ്യാനുള്ള നടപടികൾ ഒരാഴ്ചകൊണ്ട് പൂർത്തിയാക്കുമെന്ന് ജനകീയ ഹോട്ടൽ സംസ്ഥാന കോഓഡിനേറ്റർ ശ്രീകാന്ത് 'മാധ്യമ'ത്തോട് പറഞ്ഞു.
കുടിശ്ശിക ലഭിക്കുന്നതോടെ ജനകീയ ഹോട്ടലുകളുടെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലാണ് ഒരുവിഭാഗം വനിതകൾ. സാധാരണക്കാർക്ക് ന്യായമായ നിരക്കിൽ ഭക്ഷണം എന്ന പ്രഖ്യാപനവുമായാണ് നാലുവർഷം മുമ്പ് ഒന്നാം പിണറായി സർക്കാർ കുടുംബശ്രീയുടെ നേതൃത്വത്തിൽ ജനകീയ ഹോട്ടലുകൾ തുറന്നത്. 20 രൂപക്ക് ഊണും 25 രൂപക്ക് പാർസലായും നൽകുന്ന ജനകീയ ഹോട്ടലുകൾക്ക് ഓരോ ഊണിനും 10 രൂപ വീതമാണ് സർക്കാർ സബ്സിഡി. എന്നാൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വാഗ്ദാനം ചെയ്ത സബ്സിഡി പോലും കൃത്യമായിനൽകാതെ വന്നതോടെ 1198 എണ്ണത്തിൽ 200ഓളം ഹോട്ടലുകൾ കഴിഞ്ഞ വർഷം പൂട്ടിയിരുന്നു.
കുടിശ്ശികതുക ലക്ഷങ്ങൾ കവിഞ്ഞതോടെ കഴിഞ്ഞ ആഗസ്റ്റ് 10ന് 20 രൂപ ഊണ് 30 രൂപയായും പാർസൽ 35 രൂപയായും വർധിപ്പിച്ചിരുന്നു. അപ്പോഴും കിലോഗ്രാമിന് 10.90 രൂപ നിരക്കിൽ സപ്ലൈകോ അരി നൽകുന്നതായിരുന്നു ജനകീയ ഹോട്ടലുകളുടെ ഏക ആശ്വാസം. മാസങ്ങൾക്ക് ഇതും എടുത്തുകളഞ്ഞതോടെ അരിക്ക് പൊതുവിപണിയിലെ വില നൽകേണ്ട ഗതികേടിലാണ് നടത്തിപ്പുകാർ.
ഹോട്ടലുകളുടെ വൈദ്യുതി, വെള്ളക്കരം, കെട്ടിടവാടക എന്നിവ അതത് തദ്ദേശസ്ഥാപനങ്ങൾ അടക്കണമെന്നായിരുന്നു സർക്കാർ നിർദേശം. എന്നാൽ കഴിഞ്ഞ ഒന്നരവർഷമായി തദ്ദേശസ്ഥാപനങ്ങൾ ഈ തുക നൽകാത്തതിനാൽ ബിൽ അടക്കുന്നതും നിർധനരായ വനിതകളാണ്. തിരുവനന്തപുരത്ത് കോർപറേഷന്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലിന്റെ കറന്റ് ബിൽപോലും കോർപറേഷന് അടക്കാത്തതിനാൽ കെ.എസ്.ഇ.ബി ഫ്യൂസ് ഊരിയിരുന്നു. തുടർന്ന് ജീവനക്കാർ കമ്മൽ പണയം െവച്ചാണ് ബില്ലടച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.