കാട്ടാക്കട: കാട്ടുമൃഗങ്ങളെയും പക്ഷികളെയും കണ്ട് വീശിയടിക്കുന്ന കുളിര്‍കാറ്റേറ്റ് ബോട്ടുസവാരിയിലൂടെ ആസ്വദിക്കാം നെയ്യാർഡാമിലെ കാനനഭംഗി. വനം വകുപ്പും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലു (ഡി.ടി.പി.സി) മാണ് നെയ്യാര്ഡാമിലെത്തുന്നവർക്കായി ബോട്ടുസവാരി നടത്തുന്നത്.
പാര്‍ക്കിലെ ചീങ്കണ്ണികളെയും മാനുകളെയും കണ്ട് നെയ്യാര്‍ഡാമില്‍ നിന്ന് ബോട്ടില്‍ ജലയാത്രയുടെ തുടക്കംതന്നെ സഞ്ചാരിയെ മനംകുളിര്‍പ്പിക്കും.കാട്ടാനകളെയും കാട്ടുപോത്തുകളെയും മയിലുകളെയും മാനുകളെയും മനംകുളിര്‍ക്കെ കാണാനാകും. കോട്ടൂർ, കാപ്പുകാട് ആനപാര്ക്കിലെത്തി കുട്ടിയാനകളുടെ കുസൃതികളും കൊമ്പനാനകളുടെ ഛിന്നംവിളികളുമൊക്കെയാകുമ്പോള് സഞ്ചാരികൾ പുതു ലോകത്തിലേക്കെത്തിച്ചേരും.
കര്‍ശന സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചാണ് നെയ്യാര്‍ഡാമില്‍ നിന്ന് സഞ്ചാരികളെ ബോട്ടില്‍ കൊണ്ടുപോകുന്നത്. വനം വകുപ്പിന്റെ നാലു ബോട്ടുകള്‍ ഇപ്പോള്‍ സര്‍വിസ് നടത്തുന്നുണ്ട്. അവക്കെല്ലാം ഫിറ്റ്നസും ഇന്‍ഷുറന്‍സും ഉള്ളതായും വനംവകുപ്പിന്റെ ബോട്ട്സര്വിസിന് യാതൊരു തടസ്സവുമില്ലെന്ന് അധികൃതര്‍ പറയുന്നു.
നെയ്യാര്‍ഡാമില്‍ നിന്ന് രണ്ട് മണിക്കൂറോളം നീളുന്ന ആന പാര്‍ക്കിലേക്കുള്ള ബോട്ടുസവാരിയാണ് ഏറെ ആകര്‍ഷണം. എട്ടുപേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ടിലെ യാത്രക്കായി 5000 രൂപയാണ് നിരക്ക്. യാത്രക്കിടെ, കാട്ടുമൃഗങ്ങളെയും വിവിധ തരത്തിലുള്ള അപൂര്‍വ ഇനത്തില്‍പെട്ട പക്ഷികളെയും കാണാനും ഫോട്ടോയെടുക്കാനും സാധിക്കും.
മധ്യവേനല്‍ അവധിയാകുന്നതോടെ, കോട്ടൂര്‍ കാപ്പുകാട് വനംവകുപ്പിന്റെ കേന്ദ്രത്തില്‍ ബോട്ടിങ്ങിനും ചങ്ങാടയാത്രക്കും സഞ്ചാരികളുടെ പ്രവാഹമായിരിക്കും. വിദേശികളുൾപ്പെടെ നിരവധി സഞ്ചാരികളാകുമെത്തുക. സീസൺ എത്തുന്നതിന് മുന്നോടിയായി വനംവകുപ്പ് കൂടുതല്‍ ബോട്ടുകള്‍ എത്തിക്കാൻ ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. 25 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ടുള്‍പ്പെടെ പുതിയ നാലുബോട്ടുകള്കൂടി എത്തിക്കാനാണ് ആലോചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.