കാട്ടാക്കട: നെയ്യാര്‍ഡാമിലെത്തുന്ന ഏതൊരു സഞ്ചാരികളുടെയും ആദ്യഷെഡ്യൂള്‍ ബോട്ട് സവാരിയും പിന്നെ സിംഹ സഫാരി പാര്‍ക്കിലെ യാത്രയുമാണ്. സിംഹങ്ങളെല്ലാം ചത്തതിനെ തുടര്‍ന്ന് പാര്‍ക്ക് അടച്ചുപൂട്ടി. ഇപ്പോഴുള്ളത് ബോട്ട് സവാരി മാത്രം. അതിനായി ആവശ്യത്തിന് ബോട്ടുകളുമില്ല.
അഞ്ച് ഹെക്ടർ വിസ്തൃതിയിൽ ദ്വീപ് സമാനമായ പ്രകൃതിരമണിയതയിലാണ് സഫാരി പാര്‍ക്ക് സ്ഥിതിചെയ്തിരുന്നത്. കാഴ്ചക്കാര്‍ക്ക് ഗ്രല്ലിട്ടടച്ച വാഹനത്തിലിരുന്ന് സിംഹങ്ങളെ അവയുടെ ആവാസ വ്യവസ്ഥയിൽ കാണാനാകുന്നത് അപൂർവകാഴ്ചയാണ്. വിദേശികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് സഞ്ചാരികളാണ് പാര്‍ക്കിലെത്തിയിരുന്നത്. 1984ൽ നാല് സിംഹങ്ങളുമായി നെയ്യാർഡാം മരക്കുന്നത്ത് തുടങ്ങിയ പാർക്ക് ഇന്ത്യയിലെ ആദ്യത്തെ സിംഹ സഫാരി പാർക്കാണ്.
16 സിംഹങ്ങള്‍ വരെയുണ്ടായിരുന്ന പ്രതാപ കാലമുണ്ടായിരുന്നു. സിംഹങ്ങളുടെ വംശവർധനവ് തടയാന്‍ വന്ധ്യംകരണം നടത്തിയതോടെയാണ് തകർച്ചക്ക് കാരണമായത്. വന്ധ്യംകരണത്തിനുശേഷം സിംഹങ്ങള്‍ ഓരോന്നായി ചത്തുതുടങ്ങി. അവസാനം രണ്ടിലൊതുങ്ങി. ഇവയും ചത്തതോടെ പാര്ക്കിന് താഴുവീണു.
1995ല്‍ ആരംഭിച്ച മാന്‍ പാര്‍ക്കില്‍ മാനുകള്‍ പെറ്റ് പെരുകിയതോടെ പത്ത് വര്‍ഷം മുമ്പ് കുറച്ച് മാനുകളെ കാട്ടിലേക്ക് തുറന്നുവിട്ടു. നെയ്യാര്‍ഡാം സംഭരണിയോട് ചേര്‍ന്ന് ദ്വീപുപോലുള്ള കാട്ടില്‍ 25 ഏക്കര്‍ സ്ഥലത്ത് ചുറ്റുവേലി നിർമിച്ചാണ് മാന്‍ പാര്‍ക്ക് സജ്ജീകരിച്ചിരിക്കുന്നത്.
രാവിലെയും വൈകീട്ടും തീറ്റ നല്കുന്ന സമയത്താണ് മാനുകള്‍ കൂട്ടമായി എത്തുന്നത്. ഈസമയം മാനുകളെ കാണാൻ നിരവധി സഞ്ചാരികളാണ് എത്തിയിരുന്ന്. ആഹാരശേഷം ഇവ സഞ്ചാരികള്‍ക്ക് കാണാന്‍ കഴിയാത്ത ദൂരത്തില്‍ ഓടിപോകുകയാണ് നിലവിൽ.
വര്‍ഷംതോറും കോടികള്‍ ചെലവിടുന്ന പാര്‍ക്കില്‍ സഞ്ചാരികളെ ആകര്‍ഷിക്കാനും വരുമാനം കൂട്ടാനുംവേണ്ടി വര്‍ഷങ്ങള്‍ തോറും വനം വകുപ്പ് പദ്ധതിയ തയാറാക്കുന്നുണ്ടെങ്കിലും യാഥാർഥ്യമാകുന്നില്ല. പുറത്തുവിട്ട മാനുകള്‍ പെറ്റുപെരുകി. പ്രദേശത്തെ നൂറുകണക്കിന് കര്‍ഷകര്‍ മാനുകളുടെ ശല്യംകാരണം കൃഷി അവസാനിപ്പിച്ചു.
കാല്‍നൂറ്റാണ്ട് മുമ്പാണ് നെയ്യാര്‍ഡാം വന്യജീവി സങ്കേത കേന്ദ്രത്തിനോട്ചേര്ന്ന് ചീങ്കണ്ണി പാര്‍ക്ക് ആരംഭിച്ചത്. ചീങ്കണ്ണികള്‍ പെറ്റ് പെരുകിയതോടെ കുഞ്ഞുങ്ങളെ നെയ്യാര്‍ഡാമില്‍ നിക്ഷേപിച്ചു. ഒടുവില്‍ നരഭോജിയായി മാറിയ നെയ്യാറിലെ ചീങ്കണ്ണികള്‍ പ്രദേശവാസികളുടെ ഉറക്കം കെടുത്തി. നെയ്യാറിലെ ചീങ്കണ്ണികളുടെ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് അംഗവൈകല്യം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
നവംബര്‍ മുതല്‍ ജനുവരി വരെ പ്രജനനകാലമായതിനാല്‍ ചീങ്കണ്ണികള്‍ പ്രകോപനം ഉണ്ടാക്കാന്‍ സാധ്യതയുള്ളതായും സംഭരണിയിലിറങ്ങുന്നവര് സൂക്ഷിക്കണമെന്നും വനംവകുപ്പ് അധികൃതര്‍ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. അപകടകാരികളായ ചീങ്കണ്ണികളെ പിടികൂടിയിരുന്നു. ഇതിനിടെ വകുപ്പ് അയഞ്ഞതോടെ പലയിടത്തുനിന്നും ചീങ്കണ്ണികളെ വേട്ടയാടി മാംസമാക്കി. ചീങ്കണ്ണികളുടെ പഠനത്തിനും ഗവേഷണത്തിനും വേണ്ടി ചീങ്കണ്ണി പ്രേമി സ്റ്റീവ് ഇര്‍വ്വിന്റെ സ്മരണാർഥം പാര്‍ക്ക് തുടങ്ങിയെങ്കിലും വിവാദങ്ങളെ തുടര്‍ന്ന് പൂട്ടി.
ജില്ലയിലെ പ്രധാന ബോട്ടുസവാരി കേന്ദ്രമാണ് നെയ്യാര്ഡാമിലേത്. വനം വകുപ്പും, ഡി.ടി.പി.സിയുമാണ് സവാരി നടത്തുന്നത്. പാര്‍ക്കിലെ ചീങ്കണ്ണികളെയും മാനുകളെയും കണ്ട് നെയ്യാര്‍ഡാമില്‍നിന്ന് ബോട്ടില്‍ ജല യാത്രതുടങ്ങുമ്പോള്‍ തന്നെ വീശിയടിക്കുന്ന ഇളം കാറ്റും കാടും കാട്ടരുവികളും കാട്ടുമൃഗങ്ങളും സഞ്ചാരികളെ മനം കുളിര്‍പ്പിക്കും. എന്നാല്‍, ആവശ്യത്തിന് ബോട്ടില്ലാത്തതും പുതിയ ബോട്ടുകളിത്തിക്കാത്തതും മുന്നറിയിപ്പുകളില്ലാതെ അടച്ചിടുന്നതുമൊക്കെ സവാരിക്കെത്തുന്നവരെ നിരാശരാക്കുന്നു. ആധുനിക ബോട്ടുകളെത്തിക്കുമെന്നും ബോട്ടുസവാരി മികവാര്ന്നതാക്കുമെന്നുമുള്ള പ്രഖ്യാപനങ്ങൾ തുടങ്ങിയിട്ട് കാലമേറെയായി. എത്രയോ കാലമായി പഴഞ്ചന്‍ ബോട്ടുകളാണ് നെയ്യാറിലൂടെ ഓടുന്നത്. (തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.