കാട്ടാക്കട: മഴയില്‍ നീരൊഴുക്ക് ശക്തമായതോടെ നെയ്യാര്‍ഡാം ജലസമൃദ്ധമായി. ജലനിരപ്പ് 83.430 മീറ്ററിലെത്തിയപ്പോള്‍ നാലുഷട്ടറുകളും ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്. പരമാവധി 84.750 മീറ്റർ സംഭരണശേഷിയാണ് അണക്കെട്ടിനുള്ളത്. ഇപ്പോൾ 82.200 മീറ്ററാണ് ജലനിരപ്പ്. മലയോരമേഖലകളിൽ മഴ ശക്തമായതോടെ നെയ്യാറിലും കൈവഴികളായ മുല്ലയാറിലും വള്ളിയാറിലും കരപ്പയാറിലും വെള്ളത്തിന്റെ ഒഴുക്ക് കൂടി. നെയ്യാർവനമേഖലയിലെ അരുവികളും തോടുകളും നിറഞ്ഞൊഴുകുന്നതി നാൽ ജലനിരപ്പ് ഇനിയും ഉയരാൻ സാധ്യത.
നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളിലെ ശുദ്ധജലവിതരണത്തിന്റെ പ്രധാന സ്രോതസ്സാണ് നെയ്യാർ അണക്കെട്ട്. ഈ താലൂക്കുകളിലെ കുടിവെള്ളക്ഷാമ പരിഹാരത്തിനുള്ള കാളിപാറ ശുദ്ധജലപദ്ധതിയിലേക്കാവശ്യമായ വെള്ളം നെയ്യാർ അണക്കെട്ടില്‍നിന്നാണ് എടുക്കുന്നത്. ഇരുപത് മില്യൻ ലിറ്റർ ജലമാണ് ഇവിടേക്ക് ഒരുദിവസം എടുക്കുന്നത്. ഇതുകൂടാതെ നിരവധി ചെറുതും വലുതുമായ കുടിവെള്ളപദ്ധതികൾ നെയ്യാറിനെ ആശ്രയിച്ചുണ്ട്.
ഡാമിന്റെ സംഭരണശേഷിയിൽ ഓരോ ദിവസവും വലിയ കുറവുണ്ടാകുന്നുവന്നാണ് പഠന റിപ്പോർട്ടുകൾ. ചളിയും മണലും മണ്ണും എക്കലുമൊക്കെ അടിയുന്നതാണ് കാരണം. അതുകൊണ്ടുതന്നെ സംഭരണശേഷി ഇല്ലെന്നതാണ് വസ്തുത. പരിഹാര ശ്രമങ്ങൾ പ്രഖ്യാപനങ്ങളിലൊതുങ്ങുന്നു. പരമാവധി സംഭരണശേഷി നിലനിർത്തണമെന്നും അപ്പര്ഡാം കെട്ടണമെന്നുമുള്ള ആവശ്യത്തിനും പിന്നീടതിന് ജീവൻവെച്ചില്ല. ഒന്നാം പഞ്ചവത്സരപദ്ധതിയിൽ ഉള്‍പ്പെടുത്തി 1959ലാണ് ഡാം കമീഷൻ ചെയ്തത്. കന്യാകുമാരി ജില്ലയിലെ വിളവൻകോട് താലൂക്കിനെ കൂടി ഉൾപ്പെടുത്തി നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളിലെ 15380 ഹെക്ടർ സ്ഥലത്തെ കൃഷിക്കും ജലസേചനത്തിനും ലക്ഷ്യമിട്ടുള്ളതായിരുന്നു നെയ്യാർ ഇറിഗേഷൻ പ്രോജക്ട്. വേനല്‍ക്കാലത്ത് വറ്റിവരളുകയും മഴക്കാലത്ത് വെള്ളം തുറന്നുവിടുകയും ചെയ്യുന്നതാണ് നെയ്യാര്‍ഡാമിന്റെ സ്ഥിതി. അണക്കെട്ടില്‍ അടിഞ്ഞുകൂടിയ മണലും ഏക്കലും നീക്കം ചെയ്താൽ സംഭരണശേഷി കൂടുന്നതിനൊപ്പം മണല്‍ വില്പന വഴി വലിയ വരുമാനവും സര്ക്കാറിനെത്തും. ഇതിനുള്ള പദ്ധതികള്‍ ഇനിയും വൈകിയാല്‍ ഒരുനാടിന്റെ കൃഷി ചരമമടയുന്നതിനൊപ്പം കുടിവെള്ളവും കിട്ടാതെയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.