തെക്കന്‍ മലയോര മേഖലയില്‍ പനി ബാധിതരുടെ എണ്ണം കൂടുന്നു

കാട്ടാക്കട: കാലവര്‍ഷം ശക്തി പ്രാപിച്ചതിന് പിന്നാലെ തെക്കന്‍ മലയോര മേഖലയില്‍ പനി ബാധിതരുടെയും കോവിഡ് രോഗികളുടെയും എണ്ണം കൂടുന്നു. കാട്ടാക്കട, കുറ്റിച്ചല്‍, പൂവച്ചല്‍, ആര്യനാട്, മാറനല്ലൂര്‍ പഞ്ചായത്തുകളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പനിയും ജലദോഷവുമായി എത്തുന്നവരുടെ എണ്ണം വർധിച്ചതായി മെഡിക്കൽ ഓഫിസർമാർ പറഞ്ഞു. എന്നാല്‍, സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് പരിശോധന ഇല്ലാത്തതിനാല്‍ ഇവിടങ്ങളില്‍ ചികിത്സതേടി എത്തുന്ന രോഗികളില്‍ കോവിഡ് രോഗികളെ കണ്ടെത്തുന്നതിന് സംവിധാനമില്ല. എന്നാല്‍, സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി എത്തുന്നവരെ കോവിഡ് പരിശോധന നടത്തുന്നുണ്ട്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവരില്‍ പകുതിയോളംപേര്‍ കോവിഡ് രോഗികളാണെന്നാണ് വിവരം. കാട്ടാക്കട, കുറ്റിച്ചല്‍, ആമച്ചല്‍, ആര്യനാട് സര്‍ക്കാർ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതുകാരണം ചികിത്സ തേടിയെത്തുന്ന രോഗികള്‍ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരുന്ന സ്ഥിതിയാണ് നിലവിൽ.

ദിനംതോറും അഞ്ഞൂറോളം പേരാണ് കാട്ടാക്കട താലൂക്ക് ആസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒ.പി വിഭാഗത്തില്‍ ചികിത്സതേടി എത്തുന്നത്. എന്നാൽ, ജീവനക്കാരുടെ അഭാവം ഇവിടെയെത്തുന്ന രോഗികളെയും ജോലിചെയ്യുന്ന ജീവനക്കാരെയും വലയ്ക്കുന്നു. ഉച്ചക്കുശേഷമുള്ള ഡോക്ടറുടെ കുറവും ഫർമസിയിലെ ജീവനക്കാരുടെ കുറവുമാണ് ബുദ്ധിമുട്ടുണ്ടാക്കുന്നത്. രാവിലെ ഒ.പിയിൽ മെഡിക്കൽ ഓഫിസറെ കൂടാതെ രണ്ട് എൻ.എച്ച്.എം ഡോക്ടർമാരുടെയും സേവനമുണ്ടെങ്കിലും ഉച്ചക്കുശേഷവും രാത്രിയും പലപ്പോഴും ഡോക്ടറുടെ സേവനം ലഭ്യമാകാറില്ല. ഏഴ് ഡോക്ടർമാരുടെ സേവനം വേണ്ടിടത്ത് മൂന്നുപേരാണുള്ളത്. ഇവരാകട്ടെ രാവിലെ മുതൽ ഉച്ചവരെ ഒ.പിയിലും ഒപ്പം വാർഡിലെ രോഗികളെ പരിശോധിക്കുകയും ചെയ്തു കഴിഞ്ഞാൽ മടങ്ങും. ഇതോടെ ഉച്ചമുതൽ രാത്രിവരെയും ശേഷം പുലർച്ചവരെയും ഡോക്ടറില്ലാത്ത സ്ഥിതിയാണ്. ഈ സമയങ്ങളിൽ രോഗികൾ എത്തിയാൽ സ്വകാര്യ ആശുപത്രികളെയോ അല്ലെങ്കിൽ കിലോമീറ്ററുകൾ താണ്ടി മറ്റ് ആശുപത്രിയെയോ ആശ്രയിക്കേണ്ടിവരും. കിടത്തി ചികിത്സയിലുള്ള രോഗികൾക്ക് ഏതെങ്കിലും കാരണത്താൽ രോഗം മൂർച്ഛിച്ചാൽ പരിശോധിക്കാനോ ആവശ്യമായ നിർദേശങ്ങൾ നൽകാനോ ഡോക്ടറില്ലാത്ത സ്ഥിതിയാണ്. ഡോക്ടറെ കാണാനും മരുന്ന് വാങ്ങാനും മണിക്കൂറുകൾ വരിയിൽ നിൽക്കേണ്ടി വരുന്നതിനാൽ കുട്ടികളും വയോജനങ്ങളുമാണ് ഏറെ ദുരിതം നേരിടുന്നത്. കടുത്ത പനി ബാധിച്ചവരും ഛർദിലും മറ്റു അസ്വസ്ഥതകളുമായി കുട്ടികളെയും കൊണ്ടുവരുന്നവരും കെട്ടിടത്തിനുള്ളിലാണ് മരുന്നുകൾക്കായി കാത്തുനിൽക്കുന്നത്.

പനി ബാധിച്ചുവരുന്നവരില്‍ കോവിഡ് രോഗികളുടെ എണ്ണവും കൂടുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിനിടെ 18 വയസ്സ് പൂര്‍ത്തിയാത്തവരുടെ വാക്സിന്‍ എടുക്കുന്നതിനും വന്‍ തിരക്കാണ്. ചിട്ടയില്ലാത്ത പ്രവര്‍ത്തനം വാക്സിന്‍ നല്‍കുന്നതില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. സ്കൂള്‍ തുറന്നതോടെ അവധി ദിവസങ്ങളില്‍ വാക്സിൻ നല്‍കുന്നതിന് സംവിധാനം ഒരുക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്. ആര്യനാട് വൈറല്‍ പനിബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടിവരുന്നതായി മെഡിക്കല്‍ ഓഫിസര്‍ ഡോ. നെല്‍സന്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.