കിളിമാനൂർ: പൊലീസ് സ്റ്റേഷന്റെ വിഡിയോ എടുത്തുവെന്നാരോപിച്ച് പട്ടികജാതിക്കാരനെ ജാതി വിളിച്ച് ആക്ഷേപിക്കുകയും സ്റ്റേഷനിൽ കൊണ്ടുപോയി ക്രൂരമായി മർദിച്ചതായും പരാതി.
നഗരൂർ ദർശനാവട്ടം ചെക്കാലക്കോണം വാറുവിള വീട്ടിൽ സുരേഷിനെ (45) ആണ് നഗരൂർ പൊലീസ് മർദിച്ചത്. വിഷയത്തിൽ സുരേഷ് ആറ്റിങ്ങൽ ഡിവൈ.എസ്.പിക്ക് പരാതി നൽകി. പൊലീസ് മർദനത്തിൽ സാരമായി പരിക്കേറ്റ സുരേഷ് ആറ്റിങ്ങൽ വലിയകുന്ന് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
ശവ സംസ്കാര തൊഴിലാളിയായ സുരേഷ് ദീപാവലി ദിവസം ജോലി കഴിഞ്ഞ് നഗരൂർ സ്റ്റേഷന് മുന്നിലെത്തിയപ്പോൾ സ്റ്റേഷൻ ദീപങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നത് കണ്ടു. മൊബൈൽ ഫോണിൽ വിഡിയോ പകർത്തുന്നത് കണ്ട സ്റ്റേഷനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ പുറത്തിറങ്ങി വന്ന് വിഡിയോ പകർത്തിയത് എന്തിനെന്ന് ചോദിച്ചു. കൂടെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ കൂടി വന്ന് സ്റ്റേഷനിൽ കൊണ്ടുപോയി ജാതി പറഞ്ഞ് മർദിച്ചു. മർദനത്തിൽ ബോധം നഷ്ടമായെന്നും പരാതിയിൽ പറയുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്താണ് വിവരം വീട്ടിലറിയിച്ചത്. തുടർന്ന് ഭാര്യ വന്ന് കൂട്ടികൊണ്ട് പോവുകയായിരുന്നു.
ജോലിക്ക് പോകാൻ കഴിയാത്തതിനെ തുടർന്ന് കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലും, തുടർന്ന് വലിയകുന്ന് ആശുപത്രിയിലും ചികിത്സ തേടി. മുഖ്യമന്ത്രിയടക്കം ഉന്നതർക്ക് പരാതി നൽകുമെന്ന് സുരേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.