കിളിമാനൂർ: ഇന്ത്യൻ ചിത്രകലയുടെ തമ്പുരാൻ ആർട്ടിസ്റ്റ് രാജാ രവിവർമക്ക് അവഗണനയുടെ ഒരു ജന്മദിനം കൂടി. രവിവർമയുടെ സ്മരണക്കായി സംസ്ഥാന സർക്കാർ വർഷാവർഷം തുടങ്ങി െവച്ച പദ്ധതികളെല്ലാം പാതിവഴിയിൽ നിലക്കുമ്പോൾ കിളിമാനൂരിലെ ആർട്ട് ഗാലറിലെ ചിത്രപ്രദർശന ഹാൾ അടച്ചിട്ടിട്ട് ഒരുവർഷം പിന്നിടുന്നു. കഴിഞ്ഞ ജന്മദിന വാർഷികത്തിൽ കെട്ടിടം അടച്ചിട്ടെങ്കിലും സംസ്ഥാന സർക്കാറോ സാംസ്കാരിക വകുപ്പോ സംഭവം അറിഞ്ഞ മട്ടില്ല.
1968ലാണ് കിളിമാനൂർ കൊട്ടാരം രവിവർമക്ക് സ്മാരകം നിർമിക്കാനായി രണ്ടേക്കർ വസ്തു കിളിമാനൂർ പഞ്ചായത്തിന് കൈമാറിയത്. നിരവധി മാറിമാറി വന്ന മന്ത്രിസഭകൾ ഉചിതമായ സ്മാരകം നിർമിക്കുന്നത് വേണ്ടത്ര പരിഗണിച്ചില്ല. തുടർന്ന് 2012ൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയാണ് സ്മാരകനിർമാണത്തിന് തറക്കല്ലിട്ടത്. തുടർന്ന് ആർട്ട് ഗാലറി, ഓപൺ എയർ ഓഡിറ്റോറിയം, ചിത്രകാരന്മാർക്ക് താമസിച്ച് ചിത്രം വരക്കാനായി ഇരുനിലയുള്ള െറസിഡൻസ് മന്ദിരം എന്നിവ സ്ഥാപിച്ചു.
പത്തോളം കലാകാരന്മാർ ഇവിടെ താമസിച്ച് നിർമിച്ച ശിൽപങ്ങളും പ്രവേശന കവാടത്തിന് സമീപത്തായി ഒരുക്കിയ രാജാരവിവർമയുടെ അർധകായ പ്രതിമയും ഇവിടേക്ക് സന്ദർശകരുടെ തിരക്ക് കൂട്ടി. ഇതിനിടയിലാണ് കഴിഞ്ഞവർഷം ആർട്ട് ഗാലറിയിലെ ചിത്രപ്രദർശനശാലയുടെ മേൽക്കൂര ചോർന്നൊലിച്ചുതുടങ്ങിയത്.
പ്രദർശനശാലക്കുള്ളിൽ പ്രദർശിപ്പിച്ചിരുന്ന നൂറോളം ചിത്രങ്ങളിൽ ബഹുഭൂരിപക്ഷവും നനഞ്ഞുനശിച്ചു. കെട്ടിടത്തിന്റെ മേൽക്കൂര പ്ലൈവുഡ് പാകിയ ശേഷം കനം കുറഞ്ഞ ഷിംഗിൾസ് പാകുകയായിരുന്നു. ഇതിന്റെ ഈടുനിൽപ്പിനെക്കുറിച്ച് നാട്ടുകാർക്കിടയിൽ വലിയ ചർച്ചയുണ്ടായി.
എന്നാൽ 25 വർഷത്തിലേറെ ഉറപ്പാണ് നിർമാണ ഏജൻസിയായ ഹാബിറ്റാറ്റ് പറഞ്ഞത്. എന്നാൽ ഒരുവർഷത്തിനുള്ളിൽതന്നെ കേടുപാടുണ്ടായി. രാജാ രവിവർമയുടെ 176ാം ജന്മദിനാഘോഷം നടക്കുന്ന വേളയിൽ രവിവർമയോടും ജന്മനാടിനോടും സർക്കാറും സാംസ്കാരികവകുപ്പും ലളിതകലാ അക്കാദമിയും കാട്ടുന്ന അവഗണനക്കെതിരെ ജനകീയ പ്രതിഷേധം ശക്തമാണ്.
കിളിമാനൂർ രാജാ രവിവർമ സ്മാരകനിലയത്തിലെ ചിത്രപ്രദർശനശാലയുടെ അറ്റകുറ്റപ്പണികൾ യഥാസമയം തീർക്കാത്ത ഹാബിറ്റാറ്റിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് ഒ.എസ്. അംബിക എം.എൽ.എ. ചോർച്ച പരിഹരിക്കാൻ നടപടിയെടുക്കണമെന്നുകാട്ടി ആറുമാസം മുമ്പ് ലളിതകലാ അക്കാദമി ചെയർമാന് കത്ത് നൽകിയിരുന്നതായും എം.എൽ.എ 'മാധ്യമ'ത്തോട് പറഞ്ഞു.
രാജ രവിവർമ സ്മാരക സാംസ്കാരികനിലയത്തിലെ ചിത്രപ്രദർശനശാലയിലെ അറ്റകുറ്റപ്പണികൾക്ക് വലിയ സാമ്പത്തികം ആവശ്യമാണ്. എന്നാൽ, പ്രവർത്തന ഫണ്ടിന്റെ അപര്യാപ്തത വലിയ പ്രതിസന്ധിയാണെന്നും അക്കാദമി ചെയർമാൻ മുരളീ ചീരോത്ത് ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.