കിളിമാനൂർ: മഞ്ഞയും ഓറഞ്ചും നിറങ്ങൾ ചാലിച്ച പാടശേഖരങ്ങളും പുരയിടങ്ങളും തെങ്ങിൻതോപ്പുകളും. ഒറ്റനോട്ടത്തിൽ തോവാളയിലാണോ നിൽക്കുന്നതെന്ന് തോന്നിപ്പോകും ഇപ്പോൾ കിളിമാനൂരിലെ ജണ്ടുമല്ലി (ജമന്തി) തോട്ടങ്ങൾ കണ്ടാൽ. ബ്ലോക്കിനുകീഴിലെ എട്ട് പഞ്ചായത്തുകളിലായി ഹെക്ടർ കണക്കിന് സ്ഥലത്താണ് പൂക്കൃഷി ആരംഭിച്ചത്.
തരിശുകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ പൂക്കൃഷി വൻവിജയമായി. കൃഷിയുടെ ഒന്നാംഘട്ട വിളവെടുപ്പ് ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ കൃഷിവകുപ്പ്, തൊഴിലുറപ്പ്, കുടുംബശ്രീ, ഹരിത മിഷൻ എന്നിവരുടെ പങ്കാളിത്തത്തോടെ 53 ഏക്കറോളം സ്ഥലത്താണ് കൃഷിയിറക്കിയത്.
വിവിധ പഞ്ചായത്തുകളിൽനിന്നും െതരഞ്ഞെടുത്ത 114 കുടുംബശ്രീ, ജെ.എൽ.ജി, വനിത കൃഷിക്കൂട്ടങ്ങൾ വഴിയാണ് പദ്ധതി നടപ്പാക്കിയത്. ബ്ലോക്ക് പരിധിയിലെ കരവാരം പഞ്ചായത്തിൽ ഒരു ഹെക്ടർ, കിളിമാനൂരിൽ മൂന്ന് ഹെക്ടർ, മടവൂരിൽ നാല് ഹെക്ടർ, നഗരൂരിൽ മൂന്ന് ഹെക്ടർ, നാവായിക്കുളത്ത് 3.5 ഹെക്ടർ, പള്ളിക്കലിൽ ഒരു ഹെക്ടർ, പഴയകുന്നുമ്മലിൽ രണ്ട് ഹെക്ടർ, പുളിമാത്ത് നാല് ഹെക്ടർ പ്രദേശങ്ങളിലാണ് പൂക്കൃഷി ചെയ്തത്. പദ്ധതിക്കായി ഓറഞ്ച് നിറത്തിലുള്ള വി.ജെ ബുഷ്, സുപ്രീം ഓറഞ്ച്, അശോക ഓറഞ്ച്, മഞ്ഞ നിറത്തിലുള്ള ഹൈബ്രിഡ് ഇനങ്ങൾ ബ്ലോക്കിന്റെ കീഴിലുള്ള അഗ്രോ സർവിസ് സെന്ററിൽ ഉൽപാദിപ്പിച്ച് കൃഷിഭവൻ വഴി കർഷക ഗ്രൂപ്പുകൾക്ക് വിതരണം ചെയ്യുകയായിരുന്നു.
ജൂണിലായിരുന്നു നടീൽ ഉത്സവം. ഓണത്തിന് മുമ്പുതന്നെ പകുതി വിളവെടുപ്പിന് തയാറായതിനാൽ നല്ല വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷക ഗ്രൂപ്പുകൾ. പ്രാദേശിക പൂക്കച്ചവടക്കാർക്കും ക്ഷേത്രങ്ങളിലെ ആവശ്യങ്ങൾക്കുമാണ് നിലവിൽ പൂവിൽപന. ഒരു പൂവിന് ശരാശരി 40 ഗ്രാം വരെ തൂക്കം വരുമെന്നതിനാൽ ഒരു കിലോക്ക് 30 മുതൽ 40 വരെ പൂക്കൾ മതിയാകും.
നിലവിൽ കിലോക്ക് 50 രൂപ മുതൽ 60 രൂപ വരെ ലഭിക്കുന്നുണ്ട്. ഓണപ്പരിപാടികൾക്കും വീടുകളിൽ അത്തപ്പൂക്കളം ഇടുന്നതിനും ആവശ്യമായ പൂക്കൾ വിളവെടുപ്പിന് പാകമായിട്ടുണ്ട്. വരുംദിവസങ്ങളിൽ കൃഷിവകുപ്പിന്റെ ആഴ്ചചന്ത, ഓണച്ചന്ത, ഇക്കോഷോപ് എന്നിവ വഴി വിറ്റഴിക്കാനുള്ള തയാറെടുപ്പിലാണ് കർഷകർ. കിളിമാനൂർ സാംസ്കാരികനിലയത്തിൽ നടന്ന ചടങ്ങിൽ കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. മനോജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് ബി.പി. മുരളി ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറി സബീന. എൻ, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഫാത്തിമ പോൾ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സബിത എസ്.ആർ, ഹരിതകേരളം മിഷൻ ബ്ലോക്ക് കോഓഡിനേറ്റർ പ്രവീൺ .പി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.