കിളിമാനൂർ: ഗ്രാമീണമേഖലകളിൽ ഭീതി പരത്തി തെരുവുനായ്ക്കൾ, പോങ്ങനാട് ഒമ്പതുപേർക്ക് പരിക്ക് നായുടെ കടിയേറ്റു.
വ്യാഴാഴ്ച രാവിലെ പോങ്ങനാട് കവലയിൽവെച്ച് വിദ്യാർഥിയുൾപ്പടെ ഒമ്പത് പേർക്കാണ് നായുടെ കടിയേറ്റത്. വളർത്തുമൃഗങ്ങൾക്കും മറ്റ് തെരുവുനായ്ക്കൾക്കും കടിയേറ്റിട്ടുണ്ട്. രാവിലെ 6.30ഓടെയാണ് സംഭവം.
കല്ലമ്പലം റോഡിൽനിന്ന് വന്ന നായ് റോഡിലുണ്ടായിരുന്നവർക്ക് നേരേ പാഞ്ഞടുക്കുകയായിരുന്നു. ജങ്ഷന് കുറച്ചകലെ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന വാവറഴികത്തു വീട്ടിൽ ശ്യാമള (53)യെ ഗേറ്റിനുള്ളിൽ കടന്നാണ് കടിച്ചത്. ട്യൂഷന് പോകാനായി ജങ്ഷനിൽ ബസ് കാത്തുനിന്ന കീഴ്പേരൂർ സ്വദേശി ദേവകൃഷ്ണ (13), ദേവകൃഷ്ണയെ സഹായിക്കാനെത്തിയ മീൻകച്ചവട വാഹനത്തിന്റെ ഡ്രൈവർ തകരപ്പറമ്പ് സ്വദേശി സുരേഷ് (50), അൻവർ, പേരൂർ സ്വദേശി ജാഫർ (70), പോങ്ങനാട് സ്വദേശികളായ ശ്രീരഞ്ജൻ (70), കൃഷ്ണൻകുട്ടി ചെട്ടിയാർ (86), ഭാസ്കരൻ (65), ഉദയവർമ(ബാബു, 57) എന്നിവർക്കാണ് കടിയേറ്റത്. ഇതിൽ ജാഫറിന് സാരമായി പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവർ കേശവപുരം സാമൂഹികാരോഗ്യകേന്ദ്രം, പാരിപ്പള്ളി മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സതേടി. നാട്ടുകാർ തല്ലിക്കൊന്ന നായ്ക്ക് പേഷവിഷബാധ സ്ഥിരീകരിച്ചു. ഇതോടെ നാട്ടുകാർ ഭീതിയിലാണ്.
നായ്ക്കളുടെ എണ്ണം വർധിച്ചുവരുന്നതോടെ നാട്ടുകാർക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. നായ്ക്കളെ നിയന്ത്രിക്കാൻ നടപടിയുണ്ടാകുന്നില്ല. പരാതിയും പ്രതിഷേധവും ഉയരുമ്പോൾ മാത്രം ചടങ്ങിന് നായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കുന്നതായാണ് പരാതി. കിളിമാനൂർ പഞ്ചായത്തിൽ രണ്ട് മാസത്തിനിടെ നിരവധിപേർക്കാണ് നായുടെ കടിയേറ്റത്. വാലഞ്ചേരിയിൽ വീടിനുള്ളിൽ കയറിയാണ് വ യോധികരായ ദമ്പതിമാരെ കടിച്ചത്. വാലഞ്ചേരിയിലും ചെവളമഠത്തുമാ യി നായുടെ ആക്രമണമത്തിൽ എട്ടുപേർക്കും നിരവധി വളർത്തുമൃഗങ്ങൾക്കും പരിക്കേറ്റിരുന്നു.
പഴയകുന്നുമ്മേൽ പഞ്ചായത്തിലെ പാപ്പാല കടമ്പ്രവാരം കോളനിയിൽ പൂവത്തൂർ വീട്ടിൽ അഖിൽ (30) പേവിഷബാധ ലക്ഷണങ്ങളോടെ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തെരുവുനായയിൽ നിന്നേറ്റ സാരമല്ലാത്ത മുറിവാണ് അഖിലിന്റെ ജീവനെടുത്തതെന്നാണ് സൂചന.
സംഭവത്തെ തുടർന്ന് മൃഗസ്നേഹികളുടെ സംഘടനയടക്കമെത്തി നായ്ക്കൾക്ക് പേവി ഷ പ്രതിരോധ മരുന്നുനൽകി മടങ്ങി. പ്രജനന നിയന്ത്രണ സംഘവുമെത്തി വന്ധ്യംകരണത്തിന് നടപടിയെടുത്തു. എന്നാൽ, പലയിടങ്ങളിലായി ഇതേ പ്രശ്നം തുടരുകയാണ്. പഞ്ചായത്തുകളിൽ ഫലപ്രദമായി മൃഗ ജനന നിയന്ത്രണ പരിപാടി(എ.ബി.സി) നടത്തുന്നില്ലെന്ന പരാതി ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.