കിളിമാനൂർ: മുൻകാല തെരഞ്ഞെടുപ്പുകളിലേതുപോലെ ഇക്കുറിയും കിളിമാനൂരിൽ ചർച്ചയാകുന്നത് ഇനിയും നടക്കാത്ത ടൂറിസം സ്വപ്നങ്ങൾതന്നെ. നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിൽ കാൽ നൂറ്റാണ്ടിലേറെയായി ഇടതു-വലതു മുന്നണികൾ മുന്നോട്ടുവെക്കുന്ന പ്രധാന വിഷയവും ഇതുതന്നെ. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ, ഇരുകൂട്ടരും ഇത് മറക്കുകയും ചെയ്യും.
കിളിമാനൂർ ടൂറിസത്തിലെ പ്രധാന സവിശേഷതകളാണ് തമ്പുരാട്ടിപ്പാറയും കടലുകാണിപ്പാറയും. ഇവയെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള റോപ്വേയെന്നത് കിളിമാനൂരിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതിയാണ്. ഇവിടത്തെ ടൂറിസം വികസന സാധ്യതകളെക്കുറിച്ച് മുമ്പ് പഠനം നടത്തുകയും അന്നത്തെ സാംസ്കാരിക മന്ത്രിയായിരുന്ന എം.എ. ബേബി ഇക്കാര്യത്തിൽ താൽപര്യം കാട്ടുകയും ചെയ്തിരുന്നു. എന്നാൽ, പഞ്ചായത്തിന്റെയോ എം.എൽ.എയുടെയോ ഭാഗത്തുനിന്ന് തുടർ ശ്രമങ്ങളുണ്ടായില്ല.
കടലുകാണിപാറയിൽ പുളിമാത്ത് പഞ്ചായത്തിന്റെ ഇടപെടലിലൂടെ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ കോടിക്കണക്കിന് രൂപ വിനിയോഗിച്ച് നിരവധി പദ്ധതികൾ നടപ്പാക്കി ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുകയും ചെയ്തു. യഥാവിധി അവയെ സംരക്ഷിക്കുന്നതിൽ വീഴ്ചപറ്റി. ഇരുമലകളെയും ബന്ധിപ്പിച്ചുകൊണ്ട് റോപ്വേ വന്നാൽ സാഹസിക ടൂറിസത്തിന് ജില്ലയിലെ തന്നെ ഏറ്റവും അനുയോജ്യമായ ഇടമാകുമായിരുന്നു കിളിമാനൂർ.
ചരിത്ര സ്മൃതികൾ ഉറങ്ങുന്ന തമ്പുരാട്ടിപ്പാറയിലേക്ക് സ്വദേശ-വിദേശ സഞ്ചാരികളുടെ തിരക്ക് വർധിച്ചിട്ടും അവിടത്തെ ടൂറിസം വികസനവും കടലാസിലൊതുങ്ങി. പഴയകുന്നുമ്മേൽ പഞ്ചായത്തിലെ ചാരുപാറക്ക് സമീപം സമുദ്രനിരപ്പിൽനിന്ന് 800 അടി ഉയരത്തിൽ തലയുയർത്തിനിൽക്കുന്ന തമ്പുരാട്ടിപ്പാറയെ ടൂറിസം കേന്ദ്രമാക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മുകൾപ്പരപ്പിൽ ഒരു ഫുട്ബാൾ ഗ്രൗണ്ടിനോളം വലിപ്പമുള്ള വിശാലമായ ഇടവും പാറയുടെ ഒരുവശത്തായി ഗുഹയുമുണ്ട്. ഇവിടെ നിന്ന് നോക്കിയാൽ അതിമനോഹരമായ കാഴ്ചകളാണ് കാണുന്നത്. മറുവശത്ത് കുറ്റിച്ചെടികളും കാട്ടുമരങ്ങളുമായി വന്യഭംഗിയുമായാണ് പാറയുടെ നിൽപ്. വാനരന്മാരും മയിലും മുള്ളൻപന്നിയുമൊക്കെ കാഴ്ചക്ക് വിരുന്നൊരുക്കുന്നു. പ്രകൃതിരമണീയമായ ഭൂപ്രദേശത്ത് സ്ഥിതിചെയ്യുന്ന തമ്പുരാട്ടിപ്പാറയുടെ താഴ്വരയിലൂടെ ഒഴുകുന്ന ചിറ്റാറും സമീപത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രവും വിനോദസഞ്ചാരികളെ ആകർഷിക്കുന്നവയാണ്.
നിരവധി ടൂറിസം സാധ്യതകളുള്ള ഇവിടങ്ങളിൽ പാറക്വാറി മാഫിയകളും നോട്ടമിട്ടിട്ടുണ്ട്. സമീപത്തെ ചെറുമലകളെല്ലാം അവർ കൈയേറി. തെരഞ്ഞെടുപ്പുകൾ ഇനിയും വരും. അപ്പോഴും ചർച്ച വിഷയമാക്കാൻ ഇവ കാണുമോ എന്ന ആശങ്കയിലാണ് കിളിമാനൂരുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.