തിരുവനന്തപുരം: കിഴക്കേകോട്ടയിലെ കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുള്ള നോര്‍ത്ത് ബസ് സ്റ്റാൻഡ് സ്വകാര്യബസുകൾക്കുകൂടി തുറന്നുകൊടുക്കാൻ ഗതാഗതവകുപ്പ് നീക്കം. സർക്കാർ നീക്കത്തിൽ പ്രതിഷേധവുമായി തൊഴിലാളി സംഘടനകൾ രംഗത്ത്. കെ.എസ്.ആര്.ടി.സിയുടെ സ്റ്റാന്‍ഡുകളില്‍ സ്വകാര്യ ബസുകളെ പ്രവേശിപ്പിക്കുന്ന രീതി സംസ്ഥാനത്തെങ്ങുമില്ലെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും വിവിധ തൊഴിലാളി സംഘടനകള്‍ മന്ത്രിയെയും അധികൃതരെയും അറിയിച്ചു.
രാഷ്ട്രീയ വ്യത്യാസമില്ലാതെ കെ.എസ്.ആർ.ടി.സിയിലെ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ്, എ.ഐ.ടി.യു.സി സംഘടനകളാണ് വിയോജിപ്പുമായി രംഗത്തെത്തിയിട്ടുള്ളത്. ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നിര്‍ദേശത്തിന്റെ ഭാഗമായിട്ടാണ് സ്വകാര്യ ബസുകളെക്കൂടി സ്റ്റാന്‍ഡില്‍ ഉള്‍ക്കൊള്ളിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നത്. അതേസമയം, നേരത്തേ സ്വകാര്യ ബസുകൾ കൈയടക്കിയിരുന്ന നോർത്ത് സ്റ്റാൻഡ് ഏറെ പരിശ്രമങ്ങൾക്കൊടുവിലാണ് കെ.എസ്.ആർ.ടി.സിക്ക് മാത്രമായി കിട്ടിയത്. ഇതാണ് വീണ്ടും സ്വകാര്യ ബസുകൾക്ക് അനുവദിക്കാൻ ശ്രമം നടത്തുന്നതെന്നാണ് യൂനിയനുകളുടെ ആക്ഷേപം.
സ്വകാര്യബസുകള്‍ അനധികൃതമായി നിര്‍ത്തിയിടുന്നതാണ് കിഴക്കേകോട്ടയിലെ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നതെന്നാണ് കെ.എസ്.ആര്.ടി.സി ആരോപിക്കുന്നത്. സ്വകാര്യബസുകള്‍ക്ക് ഇവിടെ യാത്രക്കാരെ ഇറക്കാനും കയറ്റാനും സ്റ്റോപ് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. യാത്രക്കാരെ കാത്ത് നിര്‍ത്തിയിടുന്നത് കാരണം സ്റ്റാന്‍ഡിലേക്കുള്ള കെ.എസ്.ആര്.ടി.സി ബസുകള്‍ വഴിയില്‍ കുടുങ്ങുന്നുണ്ട്. ഇതുകാരണമാണ് കെ.എസ്.ആര്.ടി.സി ബസുകള്‍ റോഡില്‍ നിര്‍ത്തേണ്ട അവസ്ഥയുണ്ടാകുന്നത്.
കലക്ടര്‍ അധ്യക്ഷനായ റീജനല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനപ്രകാരം സ്വകാര്യബസുകളുടെ അനധികൃത സ്റ്റോപ്പുകള്‍ തടഞ്ഞാല്‍ ഗതാഗതക്കുരുക്ക് അഴിയുമെന്ന് കെ.എസ്.ആര്.ടി.സി അധികൃതര്‍ പറയുന്നു. എന്നാല്‍, പൊലീസ് അത് നടപ്പാക്കാറില്ലെന്ന് ആക്ഷേപമുണ്ട്. കിഴക്കേകോട്ട പഴവങ്ങാടി ക്ഷേത്രത്തിനും കോട്ടവാതിലിനും ഇടയ്ക്ക് കോട്ടമതിലിനും റോഡിനും ഇടയ്ക്കായി 75.25 സെന്റ് സ്ഥലം കെ.എസ്.ആര്.ടി.സിക്ക് 2008ല്‍ നോര്‍ത്ത് സ്റ്റാന്‍ഡിനുവേണ്ടി സര്‍ക്കാര്‍ അനുവദിച്ചതാണ്. റോഡിലൂടെയുള്ള മറ്റു വാഹനങ്ങള്‍ക്ക് തടസ്സമുണ്ടാക്കാത്ത വിധത്തില്‍ സ്റ്റാന്‍ഡ് ക്രമീകരിക്കാന്‍ രൂപരേഖ തയാറാക്കിയെങ്കിലും തുടർനടപടികളുണ്ടായില്ല.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഇവിടെ കെ.എസ്.ആര്.ടി.സിക്ക് മാത്രമാണ് സ്റ്റാന്‍ഡ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍, സ്റ്റാന്‍ഡ് വേര്‍തിരിച്ചിട്ടില്ലാത്തതിനാല്‍ കെ.എസ്.ആര്.ടി.സിയുടെ ഷെല്‍ട്ടറില്‍ സ്വകാര്യബസുകള്‍ കയറ്റിനിര്ത്തിയിരുന്നു. ഇതൊഴിവാക്കാന്‍ ഹൈകോടതി നിര്‍ദേശപ്രകാരം കലക്ടര്‍ ഇടപെട്ട് വസ്തു അളന്ന് തിരിച്ചാണ് ബാരിക്കേഡ് സ്ഥാപിച്ചത്. കലക്ടര്‍ അധ്യക്ഷനായ റീജനല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി 2017ൽ സ്വകാര്യബസുകള്‍ക്ക് പഴവങ്ങാടി ക്ഷേത്രത്തിന് സമീപം സ്റ്റോപ് അനുവദിച്ചു. എന്നാൽ, മറ്റ് വാഹനങ്ങൾ കടന്നുപോകേണ്ട വഴിയിൽ അഞ്ചും ആറും സ്വകാര്യ ബസുകൾ വളരെനേരം നിർത്തിയിട്ട് ആളെ കയറ്റുക പതിവാണ്. ഇതിന് പുറമേ റോഡിലെ മറ്റ് വാഹനങ്ങളുടെ പാർക്കിങ്ങും. ഇതെല്ലാമാണ് കിഴക്കേകോട്ടയിലെ ഗതാഗതക്കുരുക്കിന് കാരണം. ഇക്കാര്യം ഉന്നയിച്ചാണ് നോർത്ത് സ്റ്റാൻഡിലേക്ക് സ്വകാര്യ ബസുകളെ പ്രവേശിപ്പിക്കാനുള്ള ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.