മെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ വിലപിടിപ്പുള്ള ശസ്ത്രക്രിയാ ഉപകരണങ്ങൾ കേടായതിന് പിന്നിലുള്ള കാരണങ്ങൾ കണ്ടെത്തുന്നതിന് സർക്കാർ രൂപീകരിക്കാൻ ഉദ്ദേശിക്കുന്ന സമിതി അന്വേഷണം പൂർത്തിയാക്കി രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
30 ഡിഗ്രി ടെലിസ്കോപ്, ലൈറ്റ് സോഴ്സ് കേബിൾ എന്നിവ കേടാകുന്നതിന് മുമ്പ് ഒരു മാസം ശരാശരി എത്ര ശസ്ത്രക്രിയകളാണ് നടത്തിയിരുന്നതെന്നും തകരാർ പരിഹരിച്ച ശേഷം ഒരു മാസം എത്ര ശസ്ത്രക്രിയകൾ നടക്കുന്നുണ്ടെന്നുമുള്ള വിവരങ്ങൾ ഉൾപ്പെടുത്തി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഒരു അഡീഷണൽ റിപ്പോർട്ട് കൂടി സമർപ്പിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു.
നിലവിൽ എത്ര ശസ്ത്രക്രിയകൾ നടത്താനുണ്ടെന്നും ചട്ടലംഘനം നടത്തിയ സീനിയർ ഫാക്കൽറ്റിമാർക്കെതിരെ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്ന വിവരവും റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയകൾ മുടങ്ങിയതിനെതിരെ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ഉത്തരവ്.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറിൽ നിന്ന് കമീഷൻ റിപ്പോർട്ട് വാങ്ങി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ സ്പെഷൽ ഓഫിസർ, നഴ്സിങ് വിഭാഗം ജോയന്റ് ഡയറക്ടർ, സർജിക്കൽ ഗാസ്ട്രോ എന്ററോളജി വിഭാഗം മേധാവി എന്നിവർ അംഗങ്ങളായി അന്വേഷണ കമീഷൻ രൂപീകരിച്ച് അന്വേഷണം നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
2022-23 ൽ എച്ച്.ഡി.എസ് ഫണ്ടുപയോഗിച്ച് വാങ്ങിയ 30 ഡിഗ്രി ടെലിസ്കോപ്പ്, ലൈറ്റ് സോഴ്സ് കേബിൾ എന്നിവ കേടായതായി കണ്ടെത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. യൂറോളജി വിഭാഗത്തിലെ സങ്കീർണവും വിലയേറിയതും അത്യധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുമായ ഉപകരണങ്ങൾ അശ്രദ്ധമായാണ് കൈകാര്യം ചെയ്തതെന്ന് കണ്ടെത്തി.
യൂറോളജി വിഭാഗം യൂണിറ്റ് 3 ൽ ശസ്ത്രക്രിയാ ദിവസം ലൈറ്റ് കേബിൾ സോഴ്സ് കേടായതായി കണ്ടെത്തി. ശസ്ത്രക്രിയാ ഉപകരണങ്ങൾ കൈകാര്യം ചെയ്യേണ്ട രീതിയെക്കുറിച്ച് വകുപ്പ് മേധാവി ഫാക്കൽറ്റിക്കും നഴ്സിങ് അസിസ്റ്റന്റ്മാർക്കും മാർഗ നിർദേശങ്ങൾ നൽകിയിരുന്നില്ല. ഓപറേഷൻ തീയറ്ററിൽ സീനിയർ യൂറോളജി ഫാക്കൽറ്റികൾ അപമര്യാദയായി പെരുമാറിയെന്ന് പരാതി ഉയർന്നിട്ടുള്ളതായും റിപ്പോർട്ടിൽ പറയുന്നു.
30 ഡിഗ്രി ടെലിസ്കോപ്പ്, ലൈറ്റ് സോഴ്സ് കേബിൾ എന്നിവ കേടായത് ആകസ്മികമായാണോ അതോ മനപൂർവമാണോ എന്നതു സംബന്ധിച്ച സ്ഥിരീകരണത്തിന് മറ്റൊരു അന്വേഷണം നടത്തേണ്ടതുണ്ടെന്നും അന്വേഷണ കമീഷൻ സർക്കാരിനെ അറിയിച്ചു. ജി.എസ് ശ്രീകുമാർ, ജോസ് വൈ. ദാസ് എന്നിവർ സമർപ്പിച്ച പരാതിയിലാണ് നടപടി. ജനുവരിയിലെ സിറ്റിങ്ങിൽ കേസ് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.