അപകടത്തിൽപെട്ട ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു
നെടുമങ്ങാട്: ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടുമറിഞ്ഞത് അമിതവേഗതയും റോഡ് നിർമാണത്തിലെ ആശാസ്ത്രീയതയെന്നും വിവരം. നെടുമങ്ങാട്- വെമ്പായം റോഡ് നിർമാണം ഇപ്പോഴും ഇഴയുകയാണ്.
ഇരുവശങ്ങളിലും ഓടയും നടപ്പാതയും ഉൾപ്പെടെ പണിതിട്ടുവേണം റോഡ് നിർമിക്കേണ്ടത്. എന്നാൽ ഇതിന്റെയെല്ലാം പണി പാതിവഴിയിലാണ്. നിർമിച്ച റോഡിലാകട്ടെ ടാറിങ് രണ്ട് ലെയറിലാണ്. ഇത് നിരന്തരം വാഹനാപകടങ്ങൾക്കും കാരണമാകുന്നുവെന്ന് നാട്ടുകാരും പറയുന്നു. ഇപ്പോൾ നിർമാണകരാർ ഏറ്റെടുത്തയാൾ പാതിവഴിയിൽ പണി ഉപേക്ഷിച്ചുപോയിരി ക്കുകയാണ്.
പലയിടത്തും ഓടകൾ സ്ലാബിട്ട് മൂടിയിട്ടില്ല. സ്ലാബുകൾ മൂടിയശേഷം ഇതിനുമുകളിൽ ഇന്റർലോക്ക് നിരത്തിവേണം നടപ്പാത നിർമിക്കാൻ. റോഡിന്റെ ടാർ പണിയും പാതി വഴിയിലാണ്. വളവുകൾ നിവർത്തി റോഡ് നിർമാണത്തിന് പദ്ധതിയിട്ടെങ്കിലും നടപ്പായില്ല. ടാർ പൂർത്തിയാക്കാത്തതിനാൽ വാഹനങ്ങൾ ‘ചാടിച്ചാടി’വേണം സഞ്ചരിക്കാൻ. വെള്ളിയാഴ്ച രാത്രി 10.30യോടെയാണ് നെടുമങ്ങാട് വെമ്പായം റോഡിൽ ഇരിഞ്ചയത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു സ്ത്രീമരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തത്.
കാട്ടാക്കട പെരിങ്കടവിളയിൽ നിന്ന് മൂന്നാറിലേക്ക് വിനോദസഞ്ചാര യാത്ര പോയ ബസാണ് അപകട ത്തിൽ പെട്ടത്. ബന്ധുക്കളും നാട്ടുകാരും ചേർന്ന കുടുംബങ്ങളായിരുന്നു ബസിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി, എസ്.എ.ടി ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിലാണ്. വാഹനത്തിന്റെ അമിതവേഗതയും അലക്ഷ്യമായ ഡ്രൈവിങും ആണ് അപകടകാരണമെന്ന് മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി.
അമിതവേഗത്തിലെത്തിയ ബസ് വളവിൽ റോഡിലെ സ്ലാബിൽ കയറി നിയന്ത്രംതെറ്റി പാടെ മറിയുകയായിരുന്നു. റോഡ് നിർമാണത്തിലെ അപാകതയും അമിതവേഗതയും അപകടകാര ണമായി എന്നാണ് വിലയിരുത്തൽ. അപകടത്തിൽ മറിഞ്ഞ ടൂറിസ്റ്റ് ബസ്സ് അപ്പോൾ തന്നെ ക്രെയിൻ ഉപയോഗിച്ച് പൊക്കി അടിയിൽ ആരെങ്കിലും പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചു.
പിന്നീട് അപകട സ്ഥലത്തു നിന്ന് നീക്കംചെയ്തു. 49പേർ യാത്ര ചെയ്തിരുന്ന ബസ്സിലെ യാത്രക്കാരി കാട്ടാക്കട, കാവല്ലൂർ സ്വദേശിനി ദാസിനി (60)യുടെ മൃതദേഹം നെടുമങ്ങാട് ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.