പനയമുട്ടത്തെ വനമധ്യത്തിലെ പകല്‍വീട്  

നെടുമങ്ങാട്: ലക്ഷങ്ങള്‍ ചെലവഴിച്ച് പനയമുട്ടത്തിനു സമീപം ജില്ലാപഞ്ചായത്ത് നിർമിച്ച സ്നേഹകുടീരമെന്ന പകല്‍വീട് മന്ദിരം കാടുകയറി നശിക്കുന്നു. നന്ദിയോട്, പനവൂര്‍ പഞ്ചായത്തുകളിലെ വയോജനങ്ങള്‍ക്ക് പ്രയോജനമാകും എന്ന പ്രതീക്ഷയിലാണ് ഇവിടെ പകല്‍വീട് നിർമ്മിച്ചത്. എന്നാല്‍ കെട്ടിടം നിര്‍മ്മിച്ച് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഈ പകല്‍വീട്ടിലേയ്ക്ക് ഒരാളും വരാത്തതിനാൽ ഈ കെട്ടിടം വനത്തിനുള്ളിൽ ജീർണാവസ്ഥയിൽ തുടരുകയാണ്.

35-ലക്ഷം രൂപ ചെലവഴിച്ചാണ് പകല്‍വീടിനുള്ള കെട്ടിടങ്ങൾ നിര്‍മ്മിച്ചിരിക്കുന്നത്. പൊതുനിരത്തുകളില്‍ നിന്നും വളരെ അകലെമാറി ചെക്കക്കോണം വനത്തിനുള്ളില്‍ സ്ഥാപിച്ച പകല്‍വീട്ടിലേയ്ക്ക് വയോധികര്‍ക്കെത്താന്‍ പ്രയാസമുള്ളതാണ് ഇവിടേക്ക് സന്ദർശകർ കുറയാന്‍ കാരണം. പകൽ വീട് നന്ദിയോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കണമെന്ന് തുടക്കത്തില്‍ തന്നെ പൊതുജനങ്ങളിൽ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ അന്ന് അത് പരിഗണിക്കാന്‍ ജില്ലാപഞ്ചായത്ത് തയാറായില്ല. വയോജന സംരക്ഷണ സമിതി വിട്ടുനല്‍കിയ 30-സെന്റ് സ്ഥലത്താണ് കെട്ടിടം നിര്‍മ്മിച്ചത്.

ഉദ്ഘാടനത്തിനുശേഷം അധികൃതരാരും സ്ഥാപനത്തിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് നാട്ടുകാർ അഭിപ്രായപ്പെടുന്നു.കോവിഡ് കാലത്ത് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായി ഈ കെട്ടിടം പ്രവര്‍ത്തിച്ചിരുന്നെങ്കിലും ഇതേക്കുറിച്ച് പരാതികള്‍ ഉയര്‍ന്നതോടെ അതിന്റെ പ്രവര്‍ത്തനവും അവസാനിപ്പിച്ചു. പകല്‍വീടിന്റെ നടത്തിപ്പ് ഗ്രാമപഞ്ചായത്തിന് വിട്ടുനല്‍കണമെന്ന് നന്ദിയോട് ഗ്രാമപഞ്ചായത്ത് നിരവധിതവണ ആവശ്യപ്പെട്ടിട്ടും ജില്ലാപഞ്ചായത്ത് ഇതുവരെ പരിഗണിച്ചിട്ടില്ല.

നിലവില്‍ സമൂഹവിരുദ്ധരുടെ താവളമായാണ് പകൽവീട് ഉപയോഗിക്കപ്പെടുന്നത്. വൈദ്യുതി, വെള്ളം തുടങ്ങിയവയെല്ലാം ലഭ്യമായതിനാൽ മദ്യപാനികൾ സ്ഥിരമായി ഇവിടെ തമ്പടിക്കുന്നു. അതുകൊണ്ടു തന്നെ കെട്ടിടത്തിന് നിരവധി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പേരയം, താന്നിമൂട്, പനയമുട്ടം, പാണയം തുടങ്ങി പകല്‍വീടിനു ചുറ്റുമായി വരുന്ന വാര്‍ഡുകളില്‍ നിരവധി വയോജനങ്ങളുണ്ട്. ഇവര്‍ക്കെല്ലാം ഒത്തുകൂടാനും, പകല്‍സമയങ്ങള്‍ ചിലവിടാനും, മാനസികോല്ലാസത്തിനും ഏറെ ഉപകാരപ്രദമായി പ്രവർത്തിക്കാവുന്ന സ്ഥാപനങ്ങളാണ് പകല്‍വീടുകള്‍. എന്നാല്‍ ഇത്തരത്തിൽ ആർക്കും പ്രയോജനപ്പെടാതെ കാടുകയറി നശിക്കുകയാണ് പനയമുട്ടത്തെ പകൽവീട്.

Tags:    
News Summary - The old age home built at a cost of lakhs is in a dilapidated condition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.