മുടപുരത്ത് പ്രവർത്തിക്കുന്ന പ്രേംനസീർ സ്മാരകം ശാന്തി ആർട്സ് ക്ലബ് ആൻഡ് ലൈബ്രറിക്കു മുന്നിൽ ഓടക്ക് എടുത്ത കുഴിയിൽ കാട് കയറിയ നിലയിൽ
ആറ്റിങ്ങൽ: പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗത്തിന്റെ അനാസ്ഥ കാരണം ലൈബ്രറിയിൽ കയറാനാവാതെ വായനക്കാർ. ചിറയിൻകീഴ് കിഴുവിലം ഗ്രാമപഞ്ചായത്തിൽ മുടപുരത്ത് പ്രവർത്തിക്കുന്ന പ്രേംനസീർ സ്മാരകം ശാന്തി ആർട്സ് ക്ലബ് ആൻഡ് ലൈബ്രറിക്കാണ് ഈ ദുരവസ്ഥ.
മുടപുരം ജങ്ഷനിൽ 53 വർഷമായി പ്രവർത്തിച്ചുവരുന്ന വായനശാലയാണ് ഇത്. പ്രേംനസീർ സൗജന്യമായി ദാനം ചെയ്ത ഭൂമിയിൽ സ്വന്തമായി കെട്ടിടം നിർമിച്ചാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. കോവിഡ് സമയത്ത് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിർമാണം ആരംഭിച്ച ഏറ്റവും പ്രധാനപ്പെട്ട റോഡാണ് ചിറയിൻകീഴ്-കോരാണി റോഡ്. ഇതിന്റെ ഭാഗമായി ഓട നിർമാണം നടത്തുകയും ചില സ്ഥലങ്ങളിൽ ഓടക്കായി കുഴിയെടുത്തശേഷം പൂർത്തിയാക്കാതെ പോവുകയുമായിരുന്നു. വായനശാലയുടെ മുന്നിലും ഇതാണ് അവസ്ഥ. അവിടെ ഉണ്ടായിരുന്ന തണൽ മരം മുറിച്ചുമാറ്റി ഓടക്കായി കുഴിയെടുത്തിട്ട് മൂന്ന് വർഷമായെങ്കിലും പ്രവൃത്തി പൂർത്തിയായില്ല.
ഇപ്പോൾ പുല്ല് കയറി കാടുപിടിച്ച് മഴവെള്ളം നിറഞ്ഞ് വയനശാലയിൽ ആർക്കും വരാൻ കഴിയാത്ത അവസ്ഥയാണ്. ഇതിന്റെ നിർമാണംവേഗം പൂർത്തീകരിക്കാൻ വായനശാല ഭാരവാഹികൾ നിരവധിതവണ ആറ്റിങ്ങൽ പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർ, അസി. എക്സിക്യൂട്ടിവ് എൻജിനീയർ, അസി. എൻജിനീയർ എന്നിവർക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. ഓട നിർമാണം പൂർത്തിയാക്കി സ്ലാബ് ഇട്ട് നിലവിലെ അവസ്ഥ പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കമമെന്നാവവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ് ഭാരവാഹികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.