നേമം: ഒരു വ്യാഴവട്ടം നഗരത്തിന്റെ കുപ്പത്തൊട്ടിയെന്ന പരിഹാസം സഹിച്ച നാടാണ് വിളപ്പില്‍ശാല. ലോകം കണ്ട ലക്ഷണമൊത്ത ജനകീയസമരത്തിലൂടെ തിരുവനന്തപുരം നഗരസഭ സ്ഥാപിച്ച വിളപ്പില്‍ശാലയിലെ മാലിന്യസംസ്കരണ ഫാക്ടറി അടച്ചുപൂട്ടിച്ച ധീരന്മാരുടെ ഈ നാട് അന്താരാഷ്ട്ര വ്യവസായഭൂപടത്തില്‍ ഇടംനേടുകയാണ്. ഇലക്ട്രിക് വാഹനരംഗത്തെ വളര്‍ച്ച ലക്ഷ്യമിട്ട് സ്ഥാപിക്കുന്ന സംസ്ഥാനത്തെ ആദ്യ ഇലക്ട്രിക് വെഹിക്കിള്‍ റിസര്‍ച് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കാണ് ഇവിടേക്ക് എത്തുന്നത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ട്രിവാന്‍ഡ്രം എൻജിനീയറിങ് സയന്‍സ് ആന്‍ഡ് ടെക്നോളജി റിസര്‍ച് പാര്‍ക്കാണ് വ്യവസായപാര്‍ക്ക് സ്ഥാപിക്കുന്നത്.
വിളപ്പില്‍ശാലയില്‍ 100 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് എ.പി.ജെ. അബ്ദുല്‍ കലാം ഡിജിറ്റല്‍ യൂനിവേഴ്സിറ്റിക്ക് കൈമാറിയിരുന്നു. ഇതില്‍നിന്ന് ട്രസ്റ്റിന് കൈമാറിയ 23 ഏക്കറിലാണ് പാര്‍ക്ക് ഒരുങ്ങുന്നത്. ഇ.വി രംഗത്തിന് കുതിപ്പേകുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ബാറ്ററി, മോട്ടര്‍, കണ്ട്രോളറുകള്, ചാര്‍ജിങ് സംവിധാനം, ബാറ്ററി മാനേജ്മെന്റ് സംവിധാനം, അനുബന്ധ ഉപകരണങ്ങള്‍ എന്നിവയുടെ ഗവേഷണവും നിര്‍മാണവുമാണ് ഇവിടെ നടക്കുക.
വലിയ കോര്‍പറേറ്റ് കമ്പനികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭങ്ങള്‍ തുടങ്ങാന്‍ സാധിക്കുന്ന വിധത്തിലായിരിക്കും പാര്‍ക്ക്. പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍, വിശദമായ പദ്ധതിരേഖ എന്നിവ തയാറാക്കാന്‍ കണ്‍സള്‍ട്ടന്‍സികളെ കണ്ടെത്താനുള്ള പ്രപ്പോസല്‍ ട്രസ്റ്റ് പുറത്തിറക്കി. വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ റിങ് റോഡിന്റെ സാമീപ്യം പാര്ക്കിന് ഗുണകരമാകുമെന്ന് ഐ.ബി. സതീഷ് എം.എല്‍.എ പറഞ്ഞു.
വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഇ.വി ഉപകരണ കയറ്റുമതി രംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാകും. നിരവധി വന്‍കിട കമ്പനികള്‍ പാര്‍ക്കിലെത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.