നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും. മൃതദേഹം വീട്ടിൽ ഒളിപ്പിച്ചശേഷം പുരയിടത്തിൽ കൊണ്ട് തള്ളി തെളിവ് നശിപ്പിച്ചതിനാണ് ശിക്ഷ. നെയ്യാറ്റിൻകര, ചെങ്കൽ, കുഴിച്ചാണി അശ്വതി ഭവനിൽ ജോണി (53) യെയാണ് നെയ്യാറ്റിൻകര അഡീഷനൽ ജില്ല സെഷൻസ് കോടതി ജഡ്ജി എ.എം. ബഷീർ ശിക്ഷിച്ചത്. ചെങ്കൽ തൃക്കണ്ണപുരം പുല്ലുവിള പുത്തൻവീട്ടിൽ തോമസ് (43)ആണ് കൊല്ലപ്പെട്ടത്.
ജോണിക്ക് കൊലപ്പെട്ട തോമസിനോട് മുൻവിരോധമുണ്ടായിരുന്നു. നിരവധി കേസുകളിൽ പ്രതിയായ ജോണി തോമസിന്റെ സഹോദരിയോട് സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചത് തോമസ് പറഞ്ഞുവിലക്കിയിരുന്നു. തുടർന്ന് ഇവർ തമ്മിൽ വാക്കേറ്റം പതിവായിരുന്നു.
2021 ജൂൺ 23ന് രാത്രി ചെങ്കൽ വട്ടവിള ജങ്ഷനിൽ ജോജു എന്നയാൾ നടത്തിയിരുന്ന മുത്തൂസ് ഹോട്ടലിനു മുൻവശം െവച്ചാണ് സംഭവങ്ങളുടെ തുടക്കം. കാപ്പി കുടിക്കാൻ എത്തിയ തോമസിനെ പിന്തുടർന്നെത്തിയ പ്രതി പിടിച്ചുതള്ളി. ക വീട്ടിലേക്കു മടങ്ങാനൊരുങ്ങിയ തോമസിനെ പ്രതി നിർബന്ധിച്ച് ബൈക്കിൽ കയറ്റി കുഴിച്ചാണിയിലെ പ്രതിയുടെ വീട്ടിലെത്തിച്ച് രാത്രിയിൽ മർദിച്ചവശനാക്കി. പാറക്കഷണം കൊണ്ട് നെഞ്ചിൽ ഇടിച്ചു.
അടുത്തദിവസമാണ് തോമസിന്റെ മൃതദേഹം വീടിനുപുറത്ത് കോമ്പൗണ്ട് മതിലിനോട് ചേർന്ന് കാണപ്പെട്ടത്. തുടക്കത്തിൽ അസ്വഭാവിക മരണത്തിനാണ് പാറശ്ശാല പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. പ്രതിയെ അറസ്റ്റ് ചെയ്ത് കൃത്യത്തിന് ഉപയോഗിച്ച പാറക്കല്ലിന്റെ കഷണവും രകതം തുടച്ചു കളയാൻ ഉപയോഗിച്ച പ്രതിയുടെ തോർത്ത്, മുണ്ട്, ഷർട്ട് എന്നിവയും കണ്ടെടുത്തു. പ്രതി കൃത്യദിവസം തന്റെ സഹോദരനായ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ മൊഴി നൽകിയിരുന്നു. പ്രതിയുടെ രണ്ട് സഹോദരങ്ങൾ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരാണ്. കൂടാതെ ഇയാൾ നിരവധി കഞ്ചാവ്, ചാരായം, മണൽകടത്ത് കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്.
പാറശ്ശാല പൊലീസ് സബ് ഇൻസ്പെക്ടർ ശ്രീജിത്ത് ജനാർദനൻ പ്രാഥമിക അന്വേഷണം നടത്തിയ കേസിൽ സർക്കിൾ ഇൻസ്പെക്ടർമാരായ ഇ.കെ. സോൾജി മോൻ, മൃദുൽ കുമാർ, പി. സതികുമാർ എന്നിവർ കൂടുതൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യുഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പാറശ്ശാല എ. അജികുമാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.