നെയ്യാറ്റിൻകര: ബാലരാമപുരം അന്തിയൂർ അനീഷ് വധക്കേസിൽ രണ്ടും മൂന്നും പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും 25,000 രൂപ വീതം പിഴയും. രണ്ടാം പ്രതി ബാലരാമപുരം വില്ലേജിൽ മുടവൂർപ്പാറ വെട്ടുവേലികുളം വയലിൽവീട്ടിൽ ബിനുകുമാർ (53), മൂന്നാം പ്രതി കൂടല്ലൂർ കുഞ്ചുവീട്ടുവിളാകം വയലിൽവീട്ടിൽ അനിൽകുമാർ (45)എന്നിവരെയാണ് നെയ്യാറ്റിൻകര അഡീഷനൽ ജില്ല സെഷൻസ് കോടതി ജഡ്ജി എ.എം. ബഷീർ ശിക്ഷിച്ചത്.
ഒന്നാം പ്രതി തോയ മണിയൻ എന്ന ജയകുമാർ (57) കേസിന്റെ അന്തിമവാദ വേളയിൽ ഇക്കഴിഞ്ഞ ജനുവരിയിൽ മരണപ്പെട്ടിരുന്നു. രണ്ടാം പ്രതിയുടെ സഹോദരനാണിയാൾ.
2019 നവംബർ ആറിന് രാത്രി 9.45 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഒന്നാംപ്രതി ജയകുമാറിന്റെ വീട്ടിൽ വെച്ചായിരുന്നു കൊലപാതകം. തലച്ചോറിനേറ്റ ക്ഷതമാണ് മരണകാരണം എന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ പൂർണമായും ശാസ്ത്രീയ-സാഹചര്യ തെളിവുകളാണ് പൊലീസ് ആശ്രയിച്ചത്.
ബിനുകുമാർ, അനിൽകുമാർ എന്നിവർ 2002 കാലയളവിൽ നടന്ന ജോസ് വധക്കേസിലെ ഒന്നും രണ്ടും പ്രതികൾ ആയിരുന്നു. ആ കേസിൽ തെളിവിന്റെ ആഭാവത്തിൽ ഇവരെ തിരുവനന്തപുരം കോടതി വെറുതെ വിട്ടിരുന്നു. ബാലരാമപുരം ഇൻസ്പെക്ടർ ആയിരുന്ന ജി. ബിനുവാണ് അന്വേഷണം നടത്തി കുറ്റപത്രം നൽകിയത്.
കൊല്ലപ്പെട്ട അനീഷിന്റെ പിതാവും കേസിലെ സാക്ഷിയുമായ വിദ്യാധരന് വിക്ടിം കോമ്പൻസഷൻ ആക്ട് പ്രകാരം നഷ്ടപരിഹാരം നൽകാനും നിർദേശിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പാറശ്ശാല എ. അജികുമാർ, അഡ്വ. മഞ്ജിത എന്നിവർ കോടതിയിൽ ഹാജരായി. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ശ്രീകല ലെയ്സൺ ഓഫിസർ ആയി പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.