മംഗലപുരം: പുതിയ പദ്ധതികൾക്കായി സർക്കാർ സ്ഥലം ഏറ്റെടുക്കുമ്പോഴും എങ്ങുമെത്താതെ സംസ്ഥാനത്തെ ഗ്ലോബൽ ആയുർവേദ വില്ലേജ്. ഗ്ലോബൽ ആയുർവേദ വില്ലേജിനായി തിരുവനന്തപുരം മംഗലപുരത്ത് സ്ഥലമേറ്റെടുത്തിട്ട് പത്ത് വർഷമായി. ഇതുവരെ ഒരു കല്ലുപോലും പദ്ധതിയുടെ ഭാഗമായി ഇവിടെ സ്ഥാപിക്കാനായില്ല. പദ്ധതി ഇപ്പോൾ നിലച്ചനിലയിലാണ്.
ആയുർവേദത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനായി 200 കോടിയുടെ പദ്ധതിക്കായി 2012 ൽ മംഗലപുരം ഗ്രാമപഞ്ചായത്തിലെ തോന്നയ്ക്കൽ കൈലാത്തുകോണത്ത് ഏഴര ഏക്കർ സ്ഥലം സർക്കാർ ഏറ്റെടുത്തു. ഇതിനായി കിൻഫ്രയെ നോഡൽ ഏജൻസിയായി നിയമിക്കുകയും ചെയ്തു. ആദ്യ ഘട്ടത്തിൽ അനുവദിച്ച അഞ്ചു കോടിയിൽ ചുറ്റുമതിലും കമാനവും ഉയർന്നെങ്കിലും മറ്റൊരു പുരോഗതിയുമുണ്ടായില്ല. മംഗലപുരം, വർക്കല, പൊന്മുടി എന്നിവിടങ്ങളിൽനിന്ന് മൂന്ന് ഘട്ടങ്ങളായി 200 ഏക്കർ സ്ഥലം ഏറ്റെടുക്കാനാണ് ലക്ഷ്യമിട്ടത്. 2012 ലെ എമേർജിങ് കേരള നിക്ഷേപക സംഗമത്തിലും ഈപദ്ധതി അവതരിപ്പിച്ചിരുന്നു.
2019 ൽ വർക്കലയിൽ ഏറ്റെടുത്ത സ്ഥലത്ത് പദ്ധതി നിർമാണത്തിനായി 60 കോടി രൂപ ബജറ്റിൽ അനുവദിച്ചിരുന്നു. ആ തുകയും വിനിയോഗിച്ചില്ല. പദ്ധതി നടപ്പിലായിരുന്നെങ്കിൽ സർക്കാർ മേഖലയിൽനിന്നുള്ള ആയുർവേദ ഹെൽത്ത് ടൂറിസത്തിന്റെ ആദ്യത്തെ ഗോബൽ ആയുർവേദ വില്ലേജ് ആകുമായിരുന്നു. ഇതുവഴി കേരളത്തിന്റെ ടൂറിസത്തിന് വലിയ കുതിപ്പുണ്ടാകുമായിരുന്നു.
പദ്ധതി നടപ്പിലാകാതെവന്നതോടെ സാമൂഹിക വിരുദ്ധരുടെയും ഇഴജന്തുക്കളുടെയും താവളമായി ഇവിടം മാറിയതായി നാട്ടുകാർ പറയുന്നു. അടിയന്തരമായി ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.