പാലോട്: ലക്ഷങ്ങള്‍ വിലയിട്ട് ഇരുതല മൂരിയെ കടത്താന്‍ ശ്രമിച്ച സംഘം പാലോട് വനപാലകരുടെ പിടിയിലായി. ആന്ധ്രയില്‍നിന്ന് അഞ്ച് ലക്ഷം രൂപക്ക് വാങ്ങിയ ഇരുതലമൂരിയെ 25 ലക്ഷം രൂപക്ക് തമിഴ്നാട്ടില്‍ വില്ക്കാനായിരുന്നൂ ശ്രമം.
സ്ത്രീയടക്കം അഞ്ചുപേരെയാണ് പാലോട് റേഞ്ച് ഓഫിസര്‍ എസ്. രമ്യയുടെ നേതൃത്വത്തിൽ പിടികൂടിയത്. വൈക്കം ഉദയനാപുരം തൊഴുമഠം വീട്ടില്‍ അജയ് (30), കിളിമാനൂര്‍ പാപ്പാല കളിയിലില്‍ വീട്ടില്‍ ജെ. ഷൈല (54), കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര തനാത ഹൗസില്‍ സുദര്ശനന് (56), വട്ടപ്പാറ ചെട്ടിവിള ബൈജുഭവനില്‍ ബിജുകുമാര്‍ (40), വണ്ടാനം നീര്‍ക്കുന്നം അപ്പയ്ക്കല്‍ ഹൗസില്‍ രാഹുല്‍ (32 ) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകീട്ട് കിളിമാനൂര്‍ പാപ്പാലയിലുള്ള ഷൈലയുടെ വീട്ടില്‍നിന്നാണ് ഇവരെ പിടികൂടിയത്.
ഇരുതലമൂരിയെ തമിഴ്നാട്ടിലേക്ക് കടത്താന്‍ വാടകക്കെടുത്ത കെ.എല്‍ 22 പി 4031ാം നമ്പര്‍ ഇന്നോവ വാഹനവും പിടിച്ചെടുത്തു. ഇരുതലമൂരിക്ക് നാല് കിലോ തൂക്കവും അഞ്ച് അടി നീളവുമുണ്ടെന്ന് വനപാലകര്‍ പറഞ്ഞു. ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ സന്തോഷ്കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ.ബി. അജയകുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ഗ്രേഡ് സി.ആര്. ശ്രീകുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ സന്തോഷ് കുമാര്‍, വി.കെ. ഡോണ്‍, ബിന്ദു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. നെടുമങ്ങാട് വനം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.