തിരുവനന്തപുരം: തലസ്ഥാനനഗരത്തിലെ ജല അതോറിറ്റിയുടെ കുടിെവള്ളവിതരണം വേനൽ മഴ ആവശ്യാനുസരണം ലഭിച്ചില്ലെങ്കിൽ പ്രതിസന്ധിയിലാവും. പേപ്പാറ ഡാമിൽ ജലനിരപ്പ് താഴുന്ന സാഹചര്യമാണ്. കഴിഞ്ഞദിവസം 102 മീറ്ററായിരുന്നു ജലനിരപ്പ്. വേനൽചൂട് ഉയരുന്നതിനാൽ വരുംദിവസങ്ങളിൽ അത് വീണ്ടും കുറയാനാണ് സാധ്യത. ഇക്കൊല്ലം വരൾച്ച രൂക്ഷമാകുമെന്ന സൂചനകളുണ്ടെങ്കിലും ജലവിതരണം തടസ്സപ്പെടില്ലെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. അതേസമയം ചില നിയന്ത്രണങ്ങൾ ഉണ്ടാകും.
പേപ്പാറയിൽനിന്ന് അരുവിക്കര ശുദ്ധജല സംഭരണിയിൽ വെള്ളം എത്തിച്ച് പമ്പ് ചെയ്താണ് ജലഅതോറിറ്റി നഗരത്തിൽ ശുദ്ധജലവിതരണം ചെയ്യുന്നത്. മേയ് അവസാനത്തോടെ വേനൽമഴ ലഭിച്ചാൽ പ്രതിസന്ധിയുണ്ടാവില്ല. പേപ്പാറ ഡാമിൽ 107.5 മീറ്ററാണ് ജലം സംഭരിക്കാൻ അനുമതി. നഗരത്തിന്റെ വർധിച്ചുവരുന്ന ശുദ്ധജല ആവശ്യം കണക്കിലെടുത്ത് കൂടുതൽ വെള്ളം സംഭരിക്കണം എന്നാവശ്യപ്പെട്ട് 2019 മുതൽ ജലഅതോറിറ്റി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല.
വേനലായതോടെ ഒരുദിവസം അഞ്ചുമുതൽ ഏഴ് സെന്റിമീറ്റർ വരെ ജലനിരപ്പിൽ കുറവുണ്ടാവുന്നു. ജനുവരി ആദ്യ ആഴ്ച 107.5 മീറ്ററായിരുന്നു ജലനിരപ്പ്. ഫെബ്രുവരി ആദ്യവാരത്തോടെ ജലനിരപ്പ് താഴ്ന്നുതുടങ്ങി. ഒരു ദിവസം 360-375 ദശലക്ഷം ലിറ്റർ വെള്ളമാണ് പേപ്പാറയിൽ നിന്ന് അരുവിക്കരയിലെ നാല് ട്രീറ്റ്മെന്റ് പ്ലാന്റുകളിൽ എത്തിച്ച ശേഷം നഗരത്തിന്റെ ആവശ്യത്തിനായി പമ്പ് ചെയ്യുന്നത്. നിലവിൽ രണ്ടരമാസത്തോളം പമ്പ് ചെയ്യാനുള്ള വെള്ളമേ ശേഷിക്കുന്നുള്ളൂവെന്ന് ജല അതോറിറ്റി അധികൃതർ ചൂണ്ടിക്കാട്ടുന്നു. ജല അതോറിറ്റിയുടെ കണക്കുകൾ പ്രകാരം കഷ്ടിച്ച് രണ്ടരമാസത്തേക്കുള്ള വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. വേനൽമഴ ലഭിക്കാതിരുന്നാൽ പേപ്പാറയിൽ നിന്ന് അരുവിക്കരയിലേക്കുള്ള വെള്ളം നൽകാനാകില്ല. 2017ൽ വേനൽമഴയും കാലവർഷവും വൈകിയതിനെതുടർന്ന് പേപ്പാറ അണക്കെട്ടിലെ വെള്ളം വറ്റിയതിനാൽ നഗരത്തിലേക്ക് ജലവിതരണം മുടങ്ങിയിരുന്നു. അത്തരം സാഹചര്യം ഉണ്ടാകാനിടയില്ലെന്നാണ് ജലഅതോറിറ്റി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.